Advertisment

ഇത്തവണ ശബരിമലയിലെത്തിയത് അരക്കോടിയിലേറെ തീ‌ർത്ഥാടകർ; ഇതുവരെ കണക്കാക്കിയത് 351 കോടിയുടെ വരുമാനം; സർവകാല റെക്കോർഡ് ! കാണിക്കയായി കിട്ടിയത് 20 കോടിയുടെ നാണയം, നാണയത്തിന്റെ നാലിലൊന്നേ എണ്ണിയിട്ടുള്ളൂ; ശബരിമലയിലേക്ക് റോപ്‌വേ ഉടൻ

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡിന്റെ തീവ്രവത കുറഞ്ഞതിനാൽ ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം നടത്തിയത് അരക്കോടിയിലേറെ തീർത്ഥാടകരാണ്. 351 കോടിയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എസ്.അനന്തഗോപൻ പറഞ്ഞു.

അരക്കോടിയിലധികം തീർത്ഥാടകരാണ് ദർശന പുണ്യം നേടിയത്. കാണിക്കയായി ആകെ ലഭിച്ച നാണയത്തിന്റെ നാലിലൊന്നു ഭാഗം മാത്രമേ ഇതുവരെ എണ്ണിതീർന്നിട്ടുള്ളൂ. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തൽ . നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർ 70 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നതിനാൽ വിശ്രമം നൽകാൻ ദേവസ്വം ബോർഡിന്റെ തീരുമാനിച്ചിട്ടുണ്ട്. തുടർച്ചയായി ജോലി ചെയുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണിതുടങ്ങും. അതിന്റെ കണക്ക് കൂടി ലഭിക്കുമ്പോൾ വരുമാനം ഇനിയും വർദ്ധിക്കും.


ആകെ വരുമാനത്തിന്റെ 40 ശതമാനവും ചെലവിനായി മാറ്റിവയ്‌ക്കും. ശേഷിക്കുന്ന തുകയാണ് ദേവസ്വം ബോർഡിന് ലഭിക്കുക. കൊവിഡ് ബാധിച്ച ആദ്യ വർഷത്തിൽ 21 കോടി മാത്രമായിരുന്നു വരുമാനം.


കഴിഞ്ഞ വർഷം നിയന്ത്രങ്ങളിൽ ഇളവ് ഉണ്ടായപ്പോൾ 151 കോടി രൂപയായി വരുമാനം വർദ്ധിച്ചു. കൊവിഡ് ബാധിക്കുന്നതിന് മുൻപുള്ള തീർത്ഥാടനത്തിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് 269 കോടിയായിരുന്നു അന്ന് വരുമാനമായി ലഭിച്ചത്. ബോർഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച വർഷമാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.

അരവണപായസത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ ഭാവിയിൽ ഏലക്ക ഉപയോഗിക്കാതെ അരവണ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പ്രസാദം ഉണ്ടാക്കുന്ന എല്ലാ ഉത്പന്നങ്ങളും പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. അരവണയ്ക്കുള്ള അരിയും ശർക്കരയും കൽക്കണ്ടവുമടക്കം 320 കിലോ വരുന്ന ഒരുകൂട്ടിൽ ആകെ ഉപയോഗിക്കുന്നത് 750 ഗ്രാം ഏലക്ക മാത്രമാണ്. ഏലക്ക ഉപയോഗിച്ചില്ലെങ്കിലും അരവണയുടെ സ്വാദിന് വ്യത്യാസമില്ലെന്ന് മനസിലായിട്ടുണ്ട്. ബോർഡിനു ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലെന്നും ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത തീർത്ഥടനത്തിന് മുൻപ് ക്യൂ കോംപ്ലക്‌സ് ആധുനിക വത്കരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എസ്.അനന്തഗോപൻ പറഞ്ഞു.ശബരിമലയിൽ റോപ് വേയ്ക്കായി വന ഭൂമി വിട്ടുനൽകുന്നതിന് പകരമായി അടിമാലിയിൽ പകരം സ്ഥലം വനം വകുപ്പിന് നൽകും. വനഭൂമി ലഭ്യമായാൽ റോപ്‌വേയുടെ പണി ആരംഭിക്കും. നിലയ്‌ക്കലിൽ 15 കോടിയുടെ വികസന പദ്ധതിയും ആലോചനയിലുണ്ടെന്നും അദേഹം പറഞ്ഞു.

Advertisment