സി.പി.എം നേതാക്കള്‍ കൂറുമാറി ! സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ അക്രമിച്ച കേസിലെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു; സി.പി.എം നേതാക്കള്‍ മൊഴി മാറ്റിയതില്‍ സി.പി.ഐക്ക് അമര്‍ഷം

New Update

publive-image

കാസർകോട് : സി.പി.എം നേതാക്കൾ കൂറുമാറിയതിന് പിന്നാലെ മുൻമന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കേസിലെ പ്രധാന സാക്ഷികളായിരുന്ന സി.പി.എം പ്രദേശിക നേതാക്കൾ അവിശ്വസനീയമാം വണ്ണം അജ്‍ഞത നടിച്ചതോടെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കാസർകോട് അഡീഷണൽ സെഷൻസ് കോടതി - II മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

Advertisment

അക്രമം നടന്ന സമയത്ത് പൊലീസിന് നൽകിയ മൊഴി സി.പി.എം നേതാക്കൾ വിചാരണ സമയത്ത് കോടതിയിൽ മാറ്റി പറഞ്ഞതാണ് തെളിവില്ലാത്ത സ്ഥിതിയിൽ എത്തിച്ചത്. അക്രമത്തിൽ പങ്കെടുത്തവർ തന്നെയാണോ പ്രതികളെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു വിചാരണാ വേളയിൽ കൂറുമാറിയ സി.പി.എം നേതാക്കൾ കോടതിയെ അറിയിച്ചത്.

സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡൻറുമായ ടി.കെ.രവിയും , മടിക്കേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ അനിൽ ബങ്കളവുമാണ് കോടതിയിൽ മൊഴി മാറ്റിയത്. ആക്രമം നടക്കുന്ന സമയത്ത് ഇ.ചന്ദ്രശേഖരനൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിച്ചയാളാണ് നിലേശ്വരത്തെ മുൻ ഏരിയാ സെക്രട്ടറി കൂടിയായ ടി.കെ.രവി.

''ആക്രമണം നടക്കുമ്പോൾ ജനക്കൂട്ടത്തിൽ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. ഞങ്ങൾക്ക് നേരെ കല്ലെറിഞ്ഞത് ഈ പ്രതികൾ ആണോയെന്ന് എനിക്ക് പറയാനാകില്ല. അക്രമത്തിന് ശേഷം ഞാൻ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. പ്രതികളെ തിരിച്ചറിഞ്ഞതായുളള മൊഴിയൊന്നും പൊലീസിന് കൊടുത്തിട്ടില്ല" ഇതായിരുന്നു ടി.കെ.രവി കോടതിയിൽ എഴുതി ഒപ്പിട്ടു നൽകിയ മൊഴിയിൽ പറഞ്ഞത്.


കേസിലെ നിർണായക സാക്ഷിയായി പൊലീസ് കണക്കാക്കിയ അനിൽ ബങ്കളവും സമാനമായ രീതിയിൽ കോടതിയിൽ മൊഴിമാറ്റി.മൊഴിമാറ്റത്തെ തുടർന്ന് രണ്ട് സാക്ഷികളും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അപേക്ഷിക്കുകയും ചെയ്തിരുന്നു.


കാസർകോട് ജില്ലാ കമ്മിറ്റിയിലെ പ്രമുഖൻ ഉൾപ്പെട്ട വധശ്രമ കേസിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് സി.പി.ഐ നേതാവിന് എതിരായ അക്രമ കേസിൽ നിന്ന് രക്ഷപ്പെട്ട സി.പി.എം, ബി.ജെ.പി- ആർ,എസ്.എസ് നേതാക്കളോട് വിട്ടുവീഴ്ച ചെയ്തതെന്നാണ് ആക്ഷേപം.

സംസ്ഥാന നേതാവും മുൻമന്ത്രിയും കാഞ്ഞങ്ങാട് മണ്ഡലത്തിലെ എം.എൽ.എയുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സി.പി.എം നേതാക്കൾ മൊഴിമാറ്റി ബി.ജെ.പി ആർ. എസ്.എസ് പ്രവർത്തകരമായ പ്രതികളെ രക്ഷിച്ചതിൽ സി.പി.ഐക്ക് കടുത്ത അമർഷമുണ്ട്.

ഘടകകക്ഷി നേതാവിന‍് പരുക്കേറ്റ ആക്രമണക്കേസിൽ മൊഴിമാറ്റി രാഷ്ട്രീയ ശത്രുക്കളായ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ രക്ഷിക്കാൻ എങ്ങനെ സി.പി.എം നേതാക്കൾക്ക് കഴിഞ്ഞു എന്നാണ് സി.പി.ഐയുടെ ചോദ്യം. ഇതാണ് ഫാസിസത്തിനെതിരായ പോരാട്ടമെന്നും അവർ പരിഹസിക്കുന്നു.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇ. ചന്ദ്രശേഖരൻെറ വിജയാഹ്ളാദ പ്രകടനത്തിന് നേരെ നടന്ന ആക്രമണക്കേസിലാണ് സി.പി.എം നേതാക്കളുടെ കൂറുമാറ്റം കൊണ്ട് പ്രതികളെ വെറുതെ വിട്ടത്.


2016 മെയ് 19ന് വിജയാഹ്ളാദത്തിൻെറ ഭാഗമായി തുറന്ന ജീപ്പിൽ മണ്ഡല പര്യടനം നടത്തുമ്പോഴായിരുന്നു പ്രകടനത്തിന് നേരെ ആക്രമണം ഉണ്ടായത്. ബി.ജെ.പി - ആർ.എസ്.എസ് ശക്തികേന്ദ്രമായ മാവുങ്കലിൽ വെച്ചാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് കായികമായ ആക്രമണവും നടന്നു. അക്രമത്തിൽ ഇ. ചന്ദ്രശേഖരൻെറ ഇടതുകൈയ്യിൽ പൊട്ടലുണ്ടായി.

പരിക്കേറ്റ കൈയ്യിൽ സ്ളിങ്ങിട്ട് ചന്ദ്രശേഖരൻ സത്യ പ്രതിജ്ഞക്കെത്തിയത് വലിയ വാർത്തയായിരുന്നു. ഇ. ചന്ദ്രശേഖരനൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്ന ടി.കെ.രവിക്കും അക്രമത്തിൽ പരുക്കേറ്റിരുന്നു. മാവുങ്കൽ പ്രദേശത്തെ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരായ 12 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. അക്രമി സംഘത്തിൽ ഉൾപ്പെട്ടവർ എന്ന് രവി മൊഴി നൽകിയവരെയാണ് പൊലീസ് പ്രതികളാക്കിയത്. ഇതേ രവി തന്നെയാണ് ആറര വർഷത്തിന് ശേഷം മൊഴി മാറ്റിപ്പറഞ്ഞ് പ്രതികൾക്ക് രക്ഷകനായത്.

Advertisment