Advertisment

ഇസ്രയേലിലെ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൃഷിമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്ര നീട്ടിവച്ചു; പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര സംഘര്‍ഷം കുറഞ്ഞിട്ട് മാത്രം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിൻെറയും ഉദ്യോഗസ്ഥരുടെയും കർഷകരും ഒന്നിച്ചുളള ഇസ്രയേൽ യാത്ര നീട്ടിവെച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനിരുന്ന യാത്ര നീട്ടിയത്. പാലസ്തീൻെറ വെടിവെയ്പിൽ ഏഴ് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ ടെൽ അവീവിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ അവിടേക്ക് ഇപ്പോൾ പോകുന്നത് സുരക്ഷിതമല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് കണക്കിലെടുത്താണ് യാത്ര തൽക്കാലത്തേക്ക് മാറ്റിവെച്ചത്.


സംഘർഷം അയയുന്നത് വിലയിരുത്തി തീരുമാനമെടുക്കാനാണ് കൃഷി വകുപ്പ് മന്ത്രിയുടെ തീരുമാനം. എന്തായാലും യാത്ര അടുത്ത സാമ്പത്തിക വർഷത്തിലെ ഉണ്ടാകാൻ സാധ്യതയുളളു. മിക്കവാറും ഏപ്രിലിലായിരിക്കും യാത്രയെന്നാണ് ഇപ്പോഴത്തെ ധാരണ.


നൂതന കൃഷിരീതികൾക്ക് പേരുകേട്ട ഇസ്രയേലിൽ നിന്ന് ആധുനിക കൃഷി സമ്പ്രദായങ്ങൾ പഠിക്കുന്നതിനാണ് കർഷകരെയും കൂട്ടി കൃഷി മന്ത്രി ഇസ്രയേൽ സന്ദർശനത്തിന് പദ്ധതിയിട്ടത്. ഇരുപത് കർഷകരും കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരും രണ്ട് മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 30 അംഗ സംഘമാണ് ഇസ്രയേലിലേക്ക് യാത്ര തിരിക്കാനിരുന്നത്.

എന്നാൽ ഇസ്രയേൽ പാലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ യാത്ര പോകുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് യാത്ര മാറ്റിയത്. പാലസ്തീൻെറ വെടിയേറ്റ് ഏഴ് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുക്കുന്നു എന്നാണ് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി ഫെബ്രുവരിയിലെ യാത്ര തടഞ്ഞത്.


രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കി‌ടെ മന്ത്രിയും സംഘവും ഇസ്രയേൽ സന്ദർശിക്കുന്നത് ധൂർത്താണെന്ന് വിമർശനം ഉണ്ടായിരുന്നു.


സയണിസ്റ്റ് ഭീകരതയുടെ വക്താക്കളെന്ന ആരോപണം നേരിടുന്ന ഇസ്രയേലിലേക്ക് യാത്ര പോകുന്നതിന് എതിരെ കൃഷി മന്ത്രി പി. പ്രസാദിൻെറ പാർട്ടിയായ സി.പി.ഐയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കൃഷ്ണൻ കണിയാൻപറമ്പിൽ കൃഷി മന്ത്രിയായിരുന്ന കാലത്ത് ഇസ്രയേൽ സന്ദർശിച്ചതിൻെറ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പി.പ്രസാദിൻെറ യാത്രയെ വിലക്കണമെന്ന് സി.പി.ഐയിൽ ആവശ്യം ഉയർന്നത്. സുരക്ഷാ കാരണങ്ങളാലാണെങ്കിലും ഇപ്പോൾ യാത്ര നീട്ടിയത് മന്ത്രിക്കും ആശ്വാസകരമാണ്.

കാർഷിക പരിശീലനത്തിനായി നേരത്തെ അനുവദിച്ച പണത്തിൽ ചെലവഴിക്കാതെ വിവിധ അക്കൗണ്ടുകളിൽ കിടക്കുന്ന പണം ഉപയോഗിച്ചാണ് കൃഷി മന്ത്രിയും സംഘവും യാത്രക്ക് ഒരുങ്ങിയത്. ഏകദേശം നാല് കോടിയോളം രൂപ ഇത്തരത്തിൽ ബാക്കിയുണ്ട്. ഈ പണത്തിൽ നിന്ന് രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് കർഷകരെയും കൂട്ടി ഇസ്രയേലിന് പോകുന്നത്.


കൃഷിമന്ത്രി പി. പ്രസാദും, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, കൃഷി ഡയറക്ടർ ടി.വി. സുബാഷ് എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരും രണ്ട് മാധ്യമ പ്രവർത്തകരും 20 കർഷകരും ഉൾപ്പെടെ 30 പേരാണ് ആധുനിക കൃഷിരീതി പഠിക്കാനും കേരളത്തിലേക്ക് പകർത്തുന്നതിനുമായി ഇസ്രയേലിലേക്ക് പോകുന്നത്.


ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനിരുന്ന യാത്രയ്ക്ക് മൊത്തം രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരാൾക്ക് 3.5 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുളള യാത്രയ്ക്കായി ആളൊന്നിന് അറുപതിനായിരം രൂപയാണ് ചെലവ്.

ഇസ്രയേൽ ടെൽ അവീവിൽ എത്തുന്ന സംഘം കൃഷിയിടങ്ങളും കാർഷിക സംസ്കരണ കേന്ദ്രങ്ങളും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ സന്ദർശിക്കും. താമസം ഭക്ഷണം, സന്ദർശന ചെലവ് എന്നിങ്ങനയുളള ചെലവിലേക്കായാണ് ആളൊന്നിന് മൂന്നര ലക്ഷം രൂപ ചെലവ് കണക്കാക്കിയിരിക്കുന്നത്. മന്ത്രി നേതൃത്വം നൽകുന്ന സംഘത്തിൽ ഉൾപ്പെട്ട ഇരുപത് കർഷകരിൽ പത്ത് പേർ യാത്രാക്കൂലി സ്വന്തം കൈയ്യിൽ നിന്ന് വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

കൃഷി വകുപ്പിൻെറ വെബ് സൈറ്റ് വഴി ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഇസ്രയേൽ യാത്രക്കുളള സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തത്. ആകെ 55 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് കർഷകരുടെ പ്രായം, കൃഷിചെയ്യുന്ന ഉൽപ്പന്നങ്ങൾ, കൃഷിക്ക് അവലംബിക്കുന്ന മാർഗങ്ങൾ എന്നിവ മാനദണ്ഡമാക്കിയാണ് ഇരുപത് പേരെ കണ്ടെത്തിയത്.

Advertisment