Advertisment

വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പരാതിക്കാരനെ സ്വാധീനിക്കുമെന്നറിയാന്‍ 'വാഴക്കുല'യില്‍ പി.എച്ച്.ഡി എടുക്കേണ്ട കാര്യമൊന്നുമില്ല; കോടതി കോഴകള്‍ വായൂപോലെയാണ്. അനുഭവപ്പെടും കാണാനാകില്ല. തെളിവുണ്ടാവില്ല. എന്നാല്‍ അതുണ്ടെന്നെല്ലാവര്‍ക്കും അറിയാം. പണമായോ സൗകര്യങ്ങളായോ സര്‍ക്കാരങ്ങളായോ ശൃംഗാരങ്ങളായോ എന്നൊക്കെ ഏതു ഗുമസ്തനും അറിയാം. അതാണല്ലോ ബഞ്ചിനൊത്ത വക്കീല്‍ എന്ന ആപ്തവാക്യത്തിന്‍റെ ആണിക്കല്ല്; സൈബി ജോസിനെ ശാസ്ത്രീയമായി രക്ഷപെടുത്തി പോലീസും വേണ്ടപ്പെട്ടവരും; ആര്‍. അജിത് കുമാര്‍ എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സൈബി ജോസ് കിടങ്ങൂര്‍ എന്ന അഭിഭാഷകന്‍ ഹൈക്കോടതി ജഡ്ജിക്കുവേണ്ടി കോഴ വാങ്ങിയെന്നും ഇതൊക്കെ കോടതികളില്‍ ഇടക്കിടെ സംഭവിക്കുന്ന തമാശകളാണെന്നുമൊക്കെ പലരും പറഞ്ഞിട്ടും അത്രക്കു ഞാനങ്ങു വിശ്വസിച്ചില്ല. സൈബിയെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് ജോമോന്‍ പുത്തംപുരക്കല്‍ ടെലിവിഷനിലിരുന്നു പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല. എന്നാല്‍ സൈബിയുടെ മറുപടി കേട്ടപ്പോള്‍ ഒന്നുറപ്പിച്ചു. സൈബിയുടെ രോമത്തില്‍പോലും ആരും തൊടില്ല. കേസെടുക്കലും എഫ്.ഐ.ആറുമൊക്കെ ഒരു അസംബന്ധ നാടകമായി മാറും. സൈബിയുടെ മറുപടി: (ചുരുക്കം)

Advertisment

publive-image

നൂറു മീറ്റര്‍ അകലെ താമസിക്കുന്ന അയല്‍ക്കാരനായ അഭിഭാഷക ശത്രുവാണ് പിന്നില്‍. വെള്ളത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കാറുണ്ട്. ഇടക്കിടെ ഇയാള്‍ ഫേസ്ബുക്കില്‍ എനിക്കെതിരെ പോസ്റ്റ് ഇടാറുണ്ട്. ഞാന്‍ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റായി മല്‍സരിച്ച സമയത്താണ് ആരോപണങ്ങള്‍ കൊടുമ്പിരികൊണ്ടത്. വോട്ടു ചെയ്യുന്നതിനിടെ ഹൈക്കോടതി രജിസ്ട്രാര്‍ എന്നെ വിളിപ്പിച്ചു. ഫേസ്ബുക്ക് പോസ്‌റ്റെഴുതിയ അഭിഭാഷകനെ തല്ലാന്‍ ശ്രമിച്ചോ എന്നു ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്നു മറുപടി പറഞ്ഞു. വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. മറ്റൊന്നും ചോദിച്ചിട്ടില്ല.

 


എന്‍റെ ജീവിതം തുറന്നു പറയുകയാണ്. ഹൈക്കോടതി വിജിലന്‍സ് എന്നോടൊന്നും ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ടു നല്‍കിയതായി അറിയില്ല. പോലീസ് കമ്മീഷണര്‍ നോട്ടീസ് അയച്ചപ്പോള്‍ ഞാന്‍ ചെന്നു. മൂന്ന് അഭിഭാഷകരാണ് പരാതിക്കാര്‍. ആരോ പറഞ്ഞുകേട്ടതു വച്ചാണ് അവരുടെ പരാതികള്‍ എന്ന് അവര്‍ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച കക്ഷികളില്ല. ആര്‍ക്കും പരാതിയില്ല. എന്നെ അക്രമിക്കുന്നതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാനാണ് ശ്രമം.


ഒരു എസ്.സി.എസ്.ടി കേസില്‍ മുന്‍കൂര്‍ ജാമ്യം പിന്‍വലിക്കപ്പെട്ടു. പ്രതികളെ കേട്ടിട്ടില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. അതിലും അയല്‍ക്കാരനായ അഭിഭാഷകനാണ് മൊഴി കൊടുത്തത്. കക്ഷികള്‍ ഈ അഭിഭാഷകനോടെനിക്കു കോഴ തന്നു എന്നു പറഞ്ഞാണ് മൊഴി. ആരോപണത്തില്‍ പറയുന്ന ജഡ്ജിമാര്‍ (മൂന്നു പേര്‍) എന്നോടൊന്നും ചോദിച്ചിട്ടില്ല. അങ്ങിനെ ഒരു രീതി കോടതികളിലില്ല. എന്‍റെ ജീവിതത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന അഭിഭാഷകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇങ്ങിനെ പോകുന്നു പ്രസ്തുത മറുപടി. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സൈബിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടത് എന്തു പരാതിയുടെ അടിസ്ഥാനത്തിലാണ് ? കേട്ടുകേള്‍വിക്കാര്‍ പറ‍ഞ്ഞതിന്‍റെ അടിസ്ഥാനത്തിലോ ? അതു നിയമത്തിന്‍റെ മുന്നില്‍ നിലനില്‍ക്കില്ലല്ലോ.

ഹൈക്കോടതി വിജിലന്‍സ് സൈബിയുടെ മൊഴി എടുക്കാതിരുന്നതെന്തുകൊണ്ട് ? കോഴ നല്‍കിയെന്നു പറയുന്ന പ്രൊഡ്യൂസറുടെ 164 സ്റ്റേറ്റ്മെന്‍റ് എന്തുകൊണ്ടെടുപ്പിച്ചില്ല. (പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യമായെന്നാണല്ലോ വിജിലന്‍സ് റിപ്പോര്‍ട്ട്)

ഈ സംഭവം സത്യമാണെന്നിരിക്കട്ടെ. പ്രധാന തെളിവ് പണം നല്‍കിയ ആളിന്‍റെ മൊഴിയാണ്. വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പരാതിക്കാരനെ സ്വാധീനിക്കുമെന്നറിയാന്‍ 'വാഴക്കുല'യില്‍ പി.എച്ച്.ഡി എടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

സൈബി നിരപരാധിയാണെങ്കില്‍ ക്രൂശിക്കപ്പെടരുത്. എന്നാല്‍ കോടതി കോഴകള്‍ വായൂപോലെയാണ്. അനുഭവപ്പെടും കാണാനാകില്ല. തെളിവുണ്ടാവില്ല. എന്നാല്‍ അതുണ്ടെന്നെല്ലാവര്‍ക്കും അറിയാം. ഏതു കോടതിയിലും അഴിമതിക്കാര്‍ ആരൊക്കെ? ഏതുതരം അഴിമതി ? പണമായോ സൗകര്യങ്ങളായോ സര്‍ക്കാരങ്ങളായോ ശൃംഗാരങ്ങളായോ എന്നൊക്കെ ഏതു ഗുമസ്തനും അറിയാം. അതാണല്ലോ ബഞ്ചിനൊത്ത വക്കീല്‍ എന്ന ആപ്തവാക്യത്തിന്‍റെ ആണിക്കല്ല്.

ജോമോന്‍ പുത്തന്‍പുരക്കലാണ് കോടതികളെ അരച്ചുകലക്കി കുടിച്ച വീരശൂരപരാക്രമി. ഒരു കള്ളനെ സാക്ഷിയാക്കി അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുത്ത വിരുതന്‍. അര്‍ദ്ധരാത്രികഴിഞ്ഞ് കന്യാസ്ത്രീമഠത്തില്‍ എന്തു നടന്നാലും സാക്ഷിയാവുക കക്കാനിറങ്ങിയ കള്ളനോ അവിഹിതത്തിനിറങ്ങിയവനോ ആയിരിക്കും. അല്ലാതെ മാനംമര്യാദക്കു ജീവിക്കുന്ന ഒരു സാക്ഷി ആ സമയത്തെങ്ങനെ എത്തും ? അതു സ്വീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.


എന്തായാലും സൈബി ശിക്ഷിക്കപ്പെടില്ലെന്നും കേസില്‍ നിന്നും പുഷ്പം പോലെ ഊരിപ്പോരുമെന്നും ചിന്തിക്കാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ധാരാളം. മാത്രമല്ല അഴിമതി അന്വേഷിക്കാന്‍ പോലീസിനെന്തധികാരം ? അപ്പോള്‍ കമ്മീഷണറുടെ അന്വേഷണത്തിന്‍റെ ഗ്യാസ് പോകുമല്ലോ.


publive-image

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തേണ്ടത് വിജിലന്‍സാണ്. ഹൈക്കോടതി വിജിലന്‍സാണ് ആദ്യം അന്വേഷിച്ചത്. സൈബിയെ രക്ഷിക്കുക എന്ന ദൗത്യം ഇല്ലായിരുന്നെങ്കില്‍ അവര്‍ ആദ്യം ചേയ്യേണ്ടിയിരുന്നത് സിനിമ നിര്‍മ്മാതാവിന്‍റെ മൊഴിയെടുക്കുകയായിരുന്നു. അയാള്‍ കോഴ കൊടുത്തതായി സമ്മതിച്ചാല്‍ 164 സ്റ്റേറ്റ്മെന്‍റ് എടുക്കണമായിരുന്നു.

അയാള്‍ കോഴ കൊടുത്തില്ലെന്നാണ് അന്നേരം പറയുന്നതെങ്കില്‍ കേസ് ചുരുട്ടിക്കൂട്ടി കളയണമായിരുന്നു. അതുചെയ്യാതെ കേട്ടുകേഴ്വിക്കാരുടെ മൊഴിയെടുത്തിട്ടെന്തു പ്രയോജനം ? പ്രൊഡ്യൂസര്‍ക്ക് വാങ്ങിയതിന്‍റെ ഇരട്ടി പണം നല്‍കി ഒത്തുതീര്‍പ്പാക്കിക്കാണും. അതിനുള്ള ബുദ്ധിയൊക്കെ സൈബിക്കു കാണാതിരിക്കുമോ ? അതുകൊണ്ടാണല്ലോ ഇത്ര ധൈര്യത്തോടെ കേട്ടുകേഴ്വിക്കാരായ അഭിഭാഷക അയല്‍ക്കാര ശത്രുവാണ് പരാതിക്കാരന്‍ എന്നു വ്യക്തമാക്കിയത്.

കോഴ കഥ സത്യമാണെങ്കില്‍ സൈബിക്കു ഇതിനകം സംഭവിച്ച നാണക്കേടാണ് ശിക്ഷ. സംഗതി അസത്യമെങ്കില്‍ ഒക്കെ വിധിയെന്നു കരുതി സമാധാനിക്കുക. ബഞ്ചിനു പറ്റിയ വക്കീലാകുമ്പോള്‍ ഇതുപോലെയുള്ള മുള്‍ക്കിരീടങ്ങള്‍ ഇടക്കിടെ ചുമക്കേണ്ടിവരും. എല്ലാവരും സുക്ഷിക്കുക. പ്രത്യേകിച്ച് തെര‍ഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍. അതും തെരഞ്ഞെടുപ്പിനെ ഏകകണ്ഠമാക്കുമ്പോള്‍.

Advertisment