Advertisment

കേന്ദ്രസർക്കാർ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയതോടെ കിഫ്ബി എന്ന മാന്ത്രികവടി താണു; സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് മേലും പിടിവീണതോടെ ആ മാര്‍ഗവും അടഞ്ഞു; ധനസമാഹരണം പിന്നെയുള്ള വഴി ജനങ്ങളെ നേരിട്ട് പിഴിയുക തന്നെ ! ജനങ്ങള്‍ക്ക് 'എട്ടിന്റെ പണി' കൊടുത്ത ബജറ്റ് ചര്‍ച്ചയാകുമ്പോള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയും വഴിയുളള വായ്പകൾ വഴിമുട്ടി, പിന്നെയുളള വഴി ജനങ്ങളെ നേരിട്ട് പിഴിയുക തന്നെ. അടുത്ത സാമ്പത്തിക വർഷത്തേക്കുളള സംസ്ഥാന ബജറ്റിലെ നികുതി ഭാരം അടിച്ചേൽപ്പിച്ചതിനുളള ഉത്തരമിതാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും വായ്പയെടുത്താലും തിരിച്ചടിവിനുളള നികുതി പണം പോകുന്നത് ജനങ്ങളുടെ പോക്കറ്റിൽ നിന്നുതന്നെ. ഇന്ധന സെസും വാഹന നികുതി വർദ്ധിപ്പിക്കലും ഭൂമിയുടെ ന്യായവില കൂട്ടലുമാകുമ്പോൾ പണ സമാഹരണം നേരിട്ടുതന്നെയാണെന്ന് ആശ്വസിക്കാമെന്നുമാത്രം.


ബജറ്റിന് പുറത്തുളള ധനസമാഹരണ സ്രോതസായിരുന്നു കിഫ്ബി. അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്താനാണ് സർക്കാർ കിഫ്ബിയെ ഉപയോഗിച്ചത്.എന്നാൽ കിഫ്ബിയുടെ വായ്പയെ സർക്കാരിൻെറ പൊതു ബാധ്യതയായി പരിഗണിച്ച് കേന്ദ്രസർക്കാർ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയതോടെ കിഫ്ബി എന്ന മാന്ത്രികവടി താണു.


പ്രതിമാസം 800 കോടിവേണ്ടി വരുന്ന സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനായി വാ‌യ്പ എടുക്കാൻ രൂപീകരിച്ച സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് മേലും കേന്ദ്രത്തിൻെറ പിടിവീണതോടെ സർക്കാർ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. ശമ്പളവും പെൻഷനും ക്ഷേമപെൻഷനും വായ്പാതിരിച്ചടവും കഴിഞ്ഞാൽ പിന്നെ വികസനാവശ്യങ്ങൾക്ക് ബജറ്റിൽ പണമില്ല. ലോകസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാൽ വികസനവും ക്ഷേമവും നടന്നില്ലെങ്കിൽ രാഷ്ട്രീയ സാധ്യതകളെ ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ജനത്തിൻെറ കഴുത്തിന് പിടിച്ചുകൊണ്ട് ഇന്ധന സെസ് അടക്കമുളള അമിത ഭാരം അടിച്ചേൽപ്പിച്ചത്.

മിക്കവാറും സംസ്ഥാനങ്ങൾ ഇന്ധനനികുതിയും സെസും കുറച്ച് ജനത്തിന് ആശ്വാസകരമായ നടപടി കൈക്കൊണ്ടിട്ടും നികുതി കുറയ്ക്കാൻ തയാറാകാതിരുന്ന സർക്കാരാണ് ഇവിടുത്തേത്. അതും പോരാഞ്ഞിട്ടാണ് ഇപ്പോഴത്തെ ''ഇന്ധനക്കൊളള".

അരി ഉൾപ്പെടെയുളള നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന കുതിച്ചുയരുന്നതിനിടെയുളള സെസ് കൂട്ടൽ പൊതുവിപണിയിൽ വിലക്കയറ്റം കൂടാനേ ഉപകരിക്കൂ. കേന്ദ്രമായാലും സംസ്ഥാനമായാലും ബുദ്ധിമുട്ട് സാധാരണക്കാർക്ക് തന്നെ.

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി ചെലവഴിക്കുന്ന തുക 2020-21ൽ 46754 കോടി രൂപ ആയിരുന്നെങ്കിൽ 2021-22 ൽ 71393 കോടി രൂപയായെന്നാണ് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരിക്കുന്ന കണക്ക്. എന്നാൽ ജീവനക്കാരുടെ ശമ്പള ബാധ്യത ഇങ്ങനെ പെരുകാൻ കാരണം മറ്റാരുമല്ല ഈ സർക്കാർ തന്നെ. കോവിഡ് പ്രതിസന്ധിമൂലം സർക്കാരിൻെറ വരുമാനം നിലച്ച ഘട്ടത്തിലാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടത്തിയത്.

കേരളത്തേക്കാൾ വരുമാനമുളള ഇതര സംസ്ഥാനങ്ങൾ ശമ്പളം വെട്ടിക്കുറച്ചും ആനൂകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും ചെലവ് നിയന്ത്രിച്ചപ്പോഴാണ് ഇവിടെ മാത്രം ശമ്പളം കൂട്ടിയത്. അതും ചുരുക്കം ചില വകുപ്പുളിലെ ജീവനക്കാർ ഒഴികെ മറ്റെല്ലാ സർക്കാർ ജീവനക്കാരും വീട്ടിലിരിക്കുമ്പോഴാണ് ശമ്പളപരിഷ്കരണം നടത്താൻ ഉത്സാഹം കാട്ടിയതെന്ന് മറന്നുകൂടാ.


ഇടത് മുന്നണിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ഉറപ്പാക്കാനാണ് കോവിഡ് പ്രതിസന്ധികാലത്ത് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. ഇങ്ങനെ വരുമാനം നിലച്ച കാലത്തും ശമ്പളപരിഷ്കരണം എന്ന അധിക ബാധ്യത എടുത്ത് തലയിൽ വെച്ചിട്ട് ഇപ്പോൾ ശമ്പളചെലവ് ഉയർന്നുവെന്ന സർക്കാരിൻെറ പരിദേവനം വെറും മുതലക്കണ്ണീർ മാത്രമായേ കാണാനാകൂ.


കിഫ്ബി, സോഷ്യ‌ൽ സെക്യൂരിറ്റി പെൻഷൻ കമ്പനി എന്നിവയുടെ കടങ്ങളെ സർക്കാരിൻെറ കടമെടുപ്പ് പരിധിയുടെ ഭാഗമാക്കിയപ്പോൾ പൊതുവിപണിയിൽ നിന്നുളള വായ്പയിൽ 3100 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തന്മൂലം വിഭവ സമാഹരണത്തിൽ 4000 കോടിയുടെ കുറവാണ് സംഭവിക്കുക.ശമ്പള പരിഷ്കരണത്തിലൂടെ 24000 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്ത സർക്കാർ ഇതിനെല്ലാമുളള വക സ്വരൂപിക്കാനായി കണ്ടെത്തിയ ഒറ്റമൂലി ജനങ്ങളുടെ മേലുളള നികുതി ഭാരമാണെന്ന് മാത്രം.

ജി.എസ്.ടി പിരിവിലെ ചോർച്ച തടയാൻ കർശന നടപ‍ടി സ്വീകരിച്ചാൽ വ്യാപാരികൾ തെരുവിലിറങ്ങും. അവരുടെ സമ്മർദ്ദശക്തിയും വോട്ടുബാങ്കും കാരണം നടപടികൾ പാതിവഴി നിലയ്ക്കും. മദ്യം വാങ്ങുന്നവർക്കും കുടിക്കുന്നവർക്കും സംഘടനയോ സമ്മർദ്ദ ഗ്രൂപ്പോ ഇല്ലാത്തത് കൊണ്ട് വരുമാനം കൂട്ടാനുളള എളുപ്പവഴി മദ്യത്തിന് വില കൂട്ടലാണ്. വലിയ ആസൂത്രണമോ ചിന്തയോ വേണ്ടാത്ത ഈ കുറുക്കുവഴി ധനവകുപ്പിൽ തോമസ് ഐസക്കിൻെറ പിൻഗാമിയായ ബാലഗോപാലും ആവർത്തിക്കുകയാണ്.

 

Advertisment