09
Friday June 2023
കേരളം

കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്; ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും-വിശദീകരിച്ച് കെ.എന്‍. ബാലഗോപാല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 4, 2023

തിരുവനന്തപുരം: ഭാവികേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫ്. സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാനുതകുന്ന വിധത്തിൽ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കിൽ വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നൽ.

മേക് ഇൻ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുൾപ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് ഉൾപ്പെടെ പാരമ്പര്യേതര ഊർജ്ജോൽപാദനം മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.

എന്നാൽ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിർദേശങ്ങളിൽ മദ്യത്തിന് ചെറിയതോതിൽ വില വർദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേൽ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പർവതീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നൽകേണ്ട അർഹമായ വിഹിതത്തിൽ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളിൽനിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.

ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. അടുത്ത വർഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ ഒരു വർഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെൻഷൻ നൽകാൻ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികൾക്കും വികസന പദ്ധതികൾക്കും അനേകം കോടികൾ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവർക്കും അറിയുന്നതാണ്. വൻകിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സർക്കാർ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാൽ ഒരു വശത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുൾപ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ തനതു വരുമാനത്തിൽ കഴിഞ്ഞവർഷം 13000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഈ വർഷം 13000 കോടിയിലധികം രൂപയുടെ കൂടി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിലെ ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകൾക്ക് മാത്രമാണ് അത് നൽകിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെൻഷൻ കൊടുത്തുതീർത്തത് തുടർന്ന് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാരാണ്. എന്നാൽ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങൾക്ക് നൽകുകയാണ്. ഇതിൽ 50.66 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ എന്ന നിലയിലും 6.73 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ എന്ന നിലയിലും സർക്കാർ നൽകുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ 4.28 ലക്ഷം പേർക്ക് പെൻഷൻ നൽകിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകൾക്ക് സർക്കാർ നേരിട്ടാണ് ക്ഷേമപെൻഷൻ നൽകുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിവരുന്ന ചെലവ് എങ്കിൽ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന വിടവ് നികത്താൻ കൂടുതൽ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവർത്തിക്കുന്ന കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു.

അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തിൽ ശോഷണം സംഭവിക്കുന്നു. ഈ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയിൽ എങ്കിലും ചില മേഖലകളിൽ നികുതി വർദ്ധിപ്പിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ സെസ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താൻ സർക്കാർ തീരുമാനിച്ചത്.

ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങൾക്ക് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മേൽ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോൾ,ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് നികുതി ചുമത്താൻ അധികാരം ഉള്ളത്. സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്.

പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ല.

ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേർന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടർന്ന് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങൾക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.

കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി എൽ ഡി എഫ് സർക്കാർ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

More News

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]

error: Content is protected !!