Advertisment

ഇന്ധന സെസ് വൻ വിലക്കയറ്റത്തിന് വഴിവയ്ക്കും; ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതിനും വില ഉയരും; ജനം ജീവിക്കാൻ മാർഗമില്ലാതെ നട്ടംതിരിയും ! അഞ്ചു കൊല്ലം കൂടുമ്പോൾ ശമ്പളം കുത്തനേ കൂട്ടി സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുന്നത് സാധാരണ ജനത്തെ പിഴിഞ്ഞ് വേണോ? നികുതിക്കൊള്ളയ്ക്കെതിരേ ജനരോഷം ആളുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബജറ്റിൽ രണ്ടുരൂപ സെസ് ഏർപ്പെടുത്തിയതോടെ വൻ വിലക്കയറ്റമാണ് കേരളം നേരിടാനിരിക്കുക. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വിലകൂടാനേ ഈ തീരുമാനം ഇടവരുത്തൂ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും.

പെട്രോളിന് തിരുവനന്തപുരത്ത് നിലവിൽ ലീറ്ററിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ 79 പൈസയുമാണ് വില. പെട്രോളിന് 57.38രൂപയും ഡീസലിന് 58.27രൂപയുമാണ് അടിസ്ഥാനവില. പ്രതിദിനം 116ലക്ഷം ലിറ്റർ ഡീസലും പെട്രോളുമാണ് സംസ്ഥാനത്ത് വിൽക്കുന്നത്. ഇതിലൂടെ മാസം 850 കോടിരൂപയിലേറെയാണ് സംസ്ഥാനത്തിന് വരുമാനം. അതിന് പുറമെയാണ് ഈ രണ്ടുരൂപയുടെ സെസ്. ഇതിലൂടെ മാത്രം 780 കോടി വീണ്ടും അധികം നേടാനാണ് സർക്കാരിന്റെ ശ്രമം.


സർക്കാരിന്റെ നടപടിക്ക് വൻവിലകൊടുക്കേണ്ടിവരുമെന്ന ഭീതിയിലാണ് ജനം. ഉപ്പുതൊട്ടു കർപ്പൂരം വരെ പുറമെ നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്ന കേരളത്തിൽ ഡീസലിന്റെ വിലയിലുണ്ടാകുന്ന വർദ്ധന ചരക്കുകൂലി കൂടുന്നതിനും അതുവഴി വ്യാപകമായ വിലക്കയറ്റത്തിനും ഇടയാക്കും.


നിലവിൽ വെള്ളത്തിനും പാലിനും കറണ്ടിനും വരെ വൻവിലയാണ് കേരളത്തിൽ. അതിന് പുറമെയാണ് ഇന്ധനവിലയിലെ വർദ്ധനയുണ്ടാക്കാനിടയുള്ള വിലക്കയറ്റം. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തെ ആവർത്തിച്ചു കുറ്റം പറഞ്ഞിരുന്ന ധനമന്ത്രിയാണ് ഒറ്റയടിക്ക് വില കൂട്ടി ഞെട്ടിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്രം എട്ടുരൂപ കുറച്ചപ്പോൾ മറ്റ്സംസ്ഥാനങ്ങളും വിലകുറയ്ക്കാൻ തയ്യാറായെങ്കിലും കേരളം നിഷേധ നിലപാടാണെടുത്തത്. അന്ന് കേരളത്തിന് കിട്ടികൊണ്ടിരുന്ന നികുതിയിൽ കേന്ദ്രനടപടിമൂലമുണ്ടായ ചെറിയ ആശ്വാസം മാത്രമാണ് ജനത്തിന് കിട്ടിയത്.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യവിതരണമെന്ന ബാദ്ധ്യതയടക്കം മുന്നിൽ നിൽക്കെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ്. വായ്പാപരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം കുറയുന്നതുമടക്കം കേന്ദ്രസർക്കാരിന്റെ ശ്വാസം മുട്ടിക്കൽ തരണം ചെയ്യാൻ വേറെ മാർഗമില്ലെന്നാണ് ഇടതുമുന്നണിയുടെ വാദം.

കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബഡ്ജറ്റിലെ അവഗണനയും കൂടിയായതോടെ സർക്കാരിന് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായിയെന്ന് പറയുന്നു. കേരളത്തിൽ ഏറ്റവുമധികം തൊഴിലാളികൾ ആശ്രയിക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചതടക്കം കേന്ദ്രനടപടികൾ വിനയായിട്ടുണ്ട്.

അടുത്ത വർഷം മുതൽ തിരഞ്ഞെടുപ്പ് കാലമാണ് കേരളത്തിൽ. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്, അതിനടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ്, തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് കടുത്ത പരീക്ഷണത്തിന് മുതിരാൻ സർക്കാരിന് കിട്ടുന്ന അവസാനത്തെ അവസരമെന്ന നിലയ്ക്ക് കൂടിയാണ് ഇത്തവണ ഇത്രയും കനത്ത പരീക്ഷണമേറ്റെടുക്കാൻ സർക്കാർ ഒരുമ്പെട്ടതെന്ന് വേണം കരുതാൻ.

ധനപ്രതിസന്ധി മറികടക്കാനുള്ള വഴി ജനങ്ങളുടെ മേൽ കടുത്ത ഭാരം അടിച്ചേല്പിച്ച് തന്നെ കണ്ടെത്തണോയെന്ന ചോദ്യമാണ് വിമർശകരുന്നയിക്കുന്നത്. എളുപ്പവഴി തിരഞ്ഞെടുക്കുകയായിരുന്നില്ലേ സർക്കാരെന്ന ചോദ്യമുയർത്തുന്ന സാമ്പത്തികവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്, സംസ്ഥാനത്തിന്റേത് മാത്രമായ നികുതിപിരിവിലെ കാര്യക്ഷമതയില്ലായ്മയും മറ്റുമാണ്. വർഷങ്ങളായി തൊടാതെ കിടക്കുന്നതും ജനങ്ങളെ അത്ര നേരിട്ട് ബാധിക്കാത്തതുമായ നികുതിമേഖലകൾ കണ്ടെത്തി പരിഷ്കരണം വരുത്താനുള്ള ശ്രമമുണ്ടായോയെന്ന ചോദ്യവുമുയരുന്നുണ്ട്. ധൂർത്തിന് സർക്കാർതലത്തിൽ കുറവില്ലായെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


അഞ്ച് വർഷം കൂടുമ്പോൾ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ശമ്പളം നൽകി തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് സാധാരണ ജനത്തെ പിഴിഞ്ഞ് വേണോയെന്ന ചോദ്യം അടിസ്ഥാനവർഗത്തിന്റെ പിന്തുണ വലിയതോതിൽ ആകർഷിക്കുന്ന ഇടതുമുന്നണിയെ പ്രയാസപ്പെടുത്തും.


ഇതിന് സർക്കാരിന്റെ മറുപടി ബഡ്ജറ്റിലെ അടിസ്ഥാനവർഗത്തെ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ എടുത്തുകാട്ടിയാണ്. പിന്നാക്ക, പട്ടികവിഭാഗ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് കേന്ദ്രം 54കോടി ഒറ്റയടിക്ക് വെട്ടിക്കുറച്ചപ്പോൾ സംസ്ഥാന ബഡ്ജറ്റിൽ 78 കോടിയിൽ നിന്ന് 125 കോടിയായി ഉയർത്തിയതും മത്സ്യമേഖല, കൃഷി, തൊഴിലുറപ്പ്, അതിദാരിദ്ര്യലഘൂകരണം തുടങ്ങിയ മേഖലകൾക്ക് നൽകിയ ഊന്നലുകളുമെല്ലാമാണ് ഇടതുപക്ഷം എടുത്തുകാട്ടുന്നത്.

Advertisment