കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ നല്‍കിയ വിശദീകരണങ്ങള്‍ പൊളിയുന്നു.
മുന്‍ മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ ഒരുക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അത് നിരീക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് സ്വന്തം സഹോദരനും മക്കളും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ 42 പേരാണ് പരാതിയില്‍ ഒപ്പു വച്ചിട്ടുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും 2015 -ല്‍ ആരംഭിച്ച അര്‍ബുദ ബാധ ക്രമാതീതമായി വഷളായി ആരോഗ്യസ്ഥിതി നിലവില്‍ അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയില്‍ എത്തി നില്‍ക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജര്‍മ്മനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികില്‍സകളുടെ തുടര്‍ച്ചയായി ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ അദ്ദേഹത്തിന് തുടര്‍ ചികില്‍സ ലഭ്യമാക്കിയിരുന്നെന്നും എന്നാല്‍ ഇതിനിടെ ജനുവരിയില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെ വീണ്ടും ചികില്‍സയ്ക്ക് വിധേയനാക്കിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.
രോഗം അതീവ ഗുരുതരമായതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അതിനാല്‍ അടിയന്തിരമായി അദ്ദേഹത്തിന് വിദഗ്ദ്ധ ചികില്‍സ ഒരുക്കാന്‍ ഇടപെടണമെന്നുമാണ് സഹോദരന്‍ അലക്സ് വി ചാണ്ടിയും അദ്ദേഹത്തിന്‍റെ മറ്റ് കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒപ്പിട്ടതായി പുറത്തുവന്ന കത്തില്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ചികില്‍സ നിരീക്ഷിക്കുന്നതിനും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കോട്ടയം പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കരോട്ട് വള്ളക്കാലില്‍ തറവാട്ടില്‍ താമസിക്കുന്ന സഹോദരനാണ് അലക്സ് വി ചാണ്ടി.
ഇതൊടെ ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ കാര്യത്തില്‍ 'സത്യം ഓണ്‍ലൈന്‍' ഉള്‍പ്പെടെ പുറത്തുവിട്ട വാര്‍ത്തകള്‍ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ നിരത്തിയ പ്രതിരോധ വാദങ്ങള്‍ മുഴുവന്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന തരത്തിലായിരുന്നു ഇന്നലെവരെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രതികരണങ്ങള്‍. എന്നാല്‍ അര്‍ബുദ ബാധ അവസാന സ്റ്റേജിലേയ്ക്ക് കടക്കുകയാണെന്ന പരിശോധനാ ഫലങ്ങളും ഡോക്ടറുടെ കേസ് സമ്മറിയും ഉള്‍പ്പെടെയുള്ള രേഖകളാണ് കഴിഞ്ഞ ദിവസം സത്യം ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നത്. ശാസ്ത്രീയ ചികില്‍സകളിലൂടെയല്ലാതെ പ്രാര്‍ത്ഥനയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ രോഗം ഭേദമാക്കാമെന്ന വിശ്വാസത്തിലാണ് ഭാര്യയും മക്കളുമെന്നാണ് ഇവര്‍ക്കെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നത്.