Advertisment

രൂക്ഷമായ പ്രതികരണം നടത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചത് ഗണേഷ് കുമാറിനുള്ള അന്ത്യശാസനം; ഗണേഷിന്റെ രീതി ഇടത് മുന്നണിയുടെ പൊതുരീതിക്ക് ചേര്‍ന്നതല്ലെന്നും പിണറായിയുടെ വിമര്‍ശനം ! ഗണേഷ് ഇടതുമുന്നണിയിൽ നിന്ന് പുറത്തേക്കോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: ഗണേഷ് ഇടതുമുന്നണിയിൽ നിന്ന് പുറത്തേക്കോ? ഇന്നത്തെ എൽ.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തിൽ നൽകിയ ശാസനാ രൂപത്തിലുളള താക്കീതിൽ മുഖ്യമന്ത്രിയ്ക്ക് ഗണേഷിനോടുളള സമീപനം വ്യക്തമാണ്. മുന്നണിയെ പ്രതിരോധത്തിലാക്കി നിരന്തരം വിമർശനം ഉന്നയിക്കുന്ന കെ.ബി.ഗണേഷ് കുമാറിൻെറ ശൈലി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ തുറന്നടിച്ചു. പ്രശ്നങ്ങൾ ഉന്നയിക്കാം, പക്ഷേ വാർത്തയാകുന്ന തരത്തിലല്ല ഉന്നയിക്കേണ്ടത്. ആ ശൈലി ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുത്തിയേ മതിയാകൂ എന്ന ശക്തമായ സന്ദേശമാണ് നൽകിയത്.

കഴിഞ്ഞ നിയമസഭാ കക്ഷി യോഗത്തിൽ തൻെറ അഭാവത്തിൽ ഗണേഷ് കുമാർ സർക്കാരിനെതിരെ നടത്തിയ രൂക്ഷ വിമർശനത്തിനാണ് ഇന്ന് മുഖ്യമന്ത്രി അതേ നാണയത്തിൽ തിരിച്ചടി നൽകിയത്. സർക്കാരിൻെറ പ്രവർത്തനം പോരെന്നും പ്രഖ്യാപനങ്ങളല്ലാതെ പദ്ധതികൾക്ക് പണം അനുവദിക്കുന്നില്ലെന്നും ആരോപിച്ച ഗണേഷ് കുമാർ, മരാമത്ത് ഉൾപ്പെടെയുളള വകുപ്പുകളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി ഇന്ന് മറുപടി പറയാൻ തയാറായാണ് എത്തിയത്.


കഴിഞ്ഞ ആറ് കൊല്ലക്കാലം സർക്കാർ പണം അനുവദിക്കാതിരുന്നത് കൊണ്ടാണോ ഗണേഷിൻെറ മണ്ഡലമായ പത്തനാപുരത്ത് വികസന പദ്ധതികൾ നടപ്പായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ പത്തനാപുരത്ത് സർക്കാർ നടപ്പാക്കിയ പദ്ധതികളും അനുവദിച്ച പണത്തിൻെറ കണക്കുകളും മുഖ്യമന്ത്രി നിയമസഭാ കക്ഷി യോഗത്തിൽ വായിച്ചു.


മുഖ്യമന്ത്രി ഇങ്ങനെ കത്തിക്കയറിയെങ്കിലും യോഗത്തിൽ പങ്കെടുക്കാതിരുന്നത് കൊണ്ട് ഗണേഷ് കുമാറിന് ഇതൊന്നും കേൾക്കേണ്ടി വന്നില്ല. മുന്നണിയോഗങ്ങളിലും പൊതുവേദികളിലും സർക്കാരിനെ പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന ഗണേഷിൻെറ ശൈലി ഇടത് മുന്നണിയുടെ പൊതുരീതിക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിമർശന ശൈലി തുടരുന്ന ഗണേഷിനോ‌ടുളള അനിഷ്ടം വ്യക്തമാക്കുന്നതും ആവർത്തിക്കരുതെന്ന അന്ത്യശാസനത്തിൻെറ രൂപത്തിലുമായിരുന്നു നിയമസഭാ കക്ഷി യോഗത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ അനിഷ്ടം പേറി ഇടതുമുന്നണിയിൽ തുടരുക പ്രയാസകരമാണെന്നിരിക്കെ ഗണേഷ് കുമാർ പുതിയ വഴിതേടേണ്ടിവരും. അല്ലെങ്കിൽ മുഖ്യമന്ത്രി ആഗ്രഹിക്കുന്ന തരത്തിൽ തിരുത്തലിന് തയാറാകണം. ഇടംവലം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന ശൈലി ഗണേഷിന് ജന്മസിദ്ധമാണെന്നിരിക്കെ പെട്ടെന്ന് തിരുത്തലും എളുപ്പമാകില്ല.


യു.ഡി.എഫ് ഭരണകാലത്ത് ഇപ്പോഴത്തെ പോലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ നിയമസഭയിലും പുറത്തും വിമർശനം നടത്തിയാണ് ഗണേഷ് ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് അകന്നത്. അന്നത്തെ സംഭവങ്ങളുടെ തനിയാവർത്തനം അരങ്ങേറുമ്പോൾ മുഖ്യമന്ത്രിക്ക് വഴങ്ങുമോ അതോ തിരുത്തുമോ എന്നതാണ് ചോദ്യം.


ബജറ്റ് ചർച്ചയിലെ ഗണേഷ് കുമാറിൻെറ പ്രസംഗവും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നാണ് സൂചന. ഇന്ധന സെസ് അടക്കമുളള ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നിയമസഭക്കുളളിൽ പ്രതിപക്ഷം സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കെ സെസ് പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് ഗണേഷ് പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. സെസ് പിൻവലിക്കുമ്പോൾ പ്രതിപക്ഷം പറഞ്ഞി‌‌ട്ടല്ല , തങ്ങൾ പറഞ്ഞിട്ടാണെന്ന് പരാമർശിക്കണമെന്നും ഗണേഷ് പ്രസംഗത്തിനിടെ പറഞ്ഞു.

ഇന്ധനസെസ് കുറയ്ക്കണമെന്ന നിലപാട് പ്രതിപക്ഷത്തിന് മാത്രമല്ല, ഭരണപക്ഷ എം.എൽ.എമാർക്കുമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗണേഷിൻെറ പ്രസംഗം. അതാണ് മുഖ്യമന്ത്രിക്ക് അലോസരം ഉണ്ടാകാൻ കാരണം. ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന ഭരണപക്ഷ എം.എൽ.എമാർ ബജറ്റിനെ പിന്തുണച്ച് ശക്തമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭാ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും സമരം ആരംഭിച്ച സാഹചര്യത്തിൽ മുന്നണിക്ക് രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി ശക്തമാ‌യ പ്രതിരോധം തീർക്കാൻ ആവശ്യപ്പെട്ടത്.

Advertisment