Advertisment

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്‌; സർക്കാർ കരാറുകാർ പ്രഖ്യാപിച്ച സമരം ഒത്തുതീർപ്പായി

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാർ കരാറുകാർ പ്രഖ്യാപിച്ച സമരം ഒത്തുതീർപ്പായി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ച ചർച്ചയിൽ കരാറുകാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. കരാറുകാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന സമിതിയുടെ ആദ്യയോഗം ഈ മാസം 9ന് ചേർന്ന് ആവശ്യമായ തീരുമാനം എടുക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

മൂന്നുവര്‍ഷമായിരുന്ന കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിച്ചും ലൈസന്‍സ് ഫീസ് ഉയര്‍ത്തിക്കൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന ലൈസൻസുകൾ പിഴകൂടാതെ പുതുക്കാന്‍ മേയ് 31 വരെ സമയം അനുവദിക്കാനും മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ലൈസൻസുകൾക്ക് അന്നുവരെ കാലാവധി ഉണ്ടായിരിക്കും.ഇതേ തുടർന്നാണ് പ്രഖ്യാപിച്ചിരുന്ന സമരപരിപാടികളിൽ നിന്ന് കരാറുകാർ പിന്മാറിയത്. നിയമസഭാ സബ്‌ജറ്റ് കമ്മിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് എന്‍ജിനീയര്‍മാര്‍ കരാറുകാരുടെ സംഘടനാപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Advertisment