Advertisment

മന്ത്രിയുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല; നൂതന കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പോകുന്നത് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, 20 കര്‍ഷകരും മാത്രം ! മന്ത്രി പി. പ്രസാദ് യാത്രയില്‍ നിന്ന് പിന്മാറിയത് സി.പി.ഐ-സി.പി.എം ദേശീയ നേതൃത്വങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന്; പിന്നില്‍ മുസ്ലിം സംഘടനകളുടെ പരാതി

New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രിയുമില്ല, മാധ്യമ പ്രവർത്തകരുമില്ല, കൃഷിവകുപ്പിൻെറ ഇസ്രയേൽ യാത്രക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവായി. നൂതന കൃഷിരീതികൾ പഠിക്കാൻ ഇരുപത് കർഷകരെയും കൂട്ടിയുളള ഇസ്രയേൽ യാത്ര‌‌യെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് നയിക്കും. സയണിസ്റ്റ് ഭീകരതയുടെ രാജ്യമെന്ന് ഇടതുപക്ഷം വിലയിരുത്തുന്ന ഇസ്രയേലിലേക്ക് എൽ.ഡി.എഫ് സർക്കാരിലെ മന്ത്രി പോകുന്നത് മുന്നണിയുടെ നയത്തിന് വിരുദ്ധമാണെന്ന സി.പി.എം ദേശിയ നേതൃത്വം ഇടപെട്ടതിനെ തു‌ടർന്നാണ് കൃഷി മന്ത്രി പി. പ്രസാദ് പിന്മാറിയത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെ വിളിച്ചാണ് യാത്രയിലുളള നയപരമായ പ്രശ്നം ചൂണ്ടിക്കാട്ടിയത്. മുസ്ലിം സംഘട‌നകളുടെ പരാതിയെ തുടർന്നായിരുന്നു യെച്ചൂരിയുട‌െ ഇടപെടൽ.


മുൻനിശ്ചയ പ്രകാരം ഈ മാസം 12ന് തന്നെ കർഷകർ അടങ്ങുന്ന സംഘം ഇസ്രയേലിലേക്ക് പോകും. ഒരാഴ്ച നീളുന്ന സന്ദർശന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. ടെൽ അവീവിൽ എത്തുന്ന സംഘം കൃഷി സ്ഥലങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് നൂതന കൃഷി രീതികൾ സ്വായത്തമാക്കും.


ടെൽ അവീവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നേരത്തെ യാത്ര നീട്ടിവെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ സംഘർഷത്തിൽ അയവുവന്നുവെന്ന വിലയിരുത്തലിലാണ് യാത്രക്ക് അനുമതി നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മുസ്ലിം സംഘടനകളുടെ പരാതിയിൽ സി.പി.എം കേന്ദ്രനേതൃത്വത്തിൻെറ തീരുമാനത്തിന് കാത്തിരുന്നതാണോ മുഖ്യമന്ത്രിയെന്ന് സംശയം ഉയർന്നിട്ടുണ്ട്.

കാർഷിക വാർത്താ റിപ്പോർട്ടിങ്ങിൽ പ്രവീണ്യമുളള രണ്ട് മാധ്യമ പ്രവർത്തകരെയും ഇസ്രയേൽ യാത്ര സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഒഴിവാക്കി. ആദ്യ യാത്രയിൽ മാധ്യമ പ്രവർത്തകരെ കൂട്ടേണ്ടെന്നും അടുത്ത യാത്രമുതൽ പരിഗണിച്ചാൽ മതിയെന്നുമാണ് പുതിയ ധാരണ.

കൃഷി വകുപ്പിലെ പരിശീലന പരിപാടികൾക്കായി മുൻപ് അനുവദിച്ച തുകയിൽ ചെലവഴിക്കാതെ കിടന്ന 2 കോടി രൂപ ചെലവിട്ടാണ് കർഷകരെ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്നത്. 20 കർഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 22 അംഗസംഘത്തിൻെറ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, ആഭ്യന്തര യാത്രകൾ എന്നിവയ്ക്കായി അരക്കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


കൃഷി വകുപ്പിൻെറ വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിച്ചാണ് കർഷകരെ തെരഞ്ഞെടുത്ത്. ലോകത്തിലെ ഏറ്റവും അധുനിക കൃഷിരീതി അവലംബിക്കുന്ന രാജ്യം എന്ന നിലയിലാണ് യാത്രയ്ക്ക് ഇസ്രയേലിനെ തെരഞ്ഞെടുത്തത്. എന്നാൽ പലസ്തീൻകാരുടെ സ്വയം നിർണയാവകാശത്തെ വിലവെയ്ക്കാത്ത ഇസ്രയേലുമായി നയതന്ത്ര സഹകരണം ഉണ്ടാക്കുന്നതിനെ എതിർത്ത് മുസ്ലിം സംഘ‌ടനകൾ രംഗത്തെത്തുകയായിരുന്നു.


മുഖ്യമന്ത്രിയേയും സി.പി.എം - സി.പി.ഐ ദേശീയ നേതൃത്വങ്ങളെയുമാണ് സംഘടനകൾ പരാതിയുമായി സമീപിച്ചത്. എന്നാൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കർഷകർ നടത്തുന്ന യാത്രയ്ക്ക് മറ്റ് മാനങ്ങൾ നൽകേണ്ടെന്നാണ് കൃഷി വകുപ്പിൻെറ അഭിപ്രായം.

ഇസ്ലാം മതം പിറന്നുവീണ സൗദ്യ അറേബ്യയും മതപരമായ കാര്യങ്ങളിൽ കർശന സമീപനം പുലർത്തുന്ന ഖത്തറും എല്ലാം ഇപ്പോൾ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലും സഹകരണത്തിലുമാണ്. സൗദിക്കും ഖത്തറിനും പുറമേ അബുദാബിയും ഇസ്രയേലുമായി സഹകരിക്കുന്നുണ്ട്. കർഷകരു‌ടെ പഠനയാത്രയെ എതിർക്കുന്ന മുസ്ലിം ലീഗിൻെറ എം.എൽ.എയുടെ മകൻ ജോലി ചെയ്യുന്നത് ഇസ്രയേലിലാണെന്നും സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും യാത്രയെ എതിർക്കുന്നത് ശരിയല്ലെന്നാണ് കൃഷി വകുപ്പിൻെറ നിലപാ‌ട്.

Advertisment