/sathyam/media/post_attachments/1tYhzate5YI40kI0znTo.jpg)
കൊല്ലം: ചിന്താ ജെറോം റിസോർട്ടിലെ താമസം നിർത്തിയത് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്. പ്രതിദിന താമസത്തിന് തന്നെ വൻതുക വാടക വാങ്ങുന്ന റിസോർട്ടിലെ താമസത്തെപ്പറ്റി പാർട്ടിയ്ക്കകത്ത് തന്നെ ചർച്ച വന്നതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തികൊണ്ട് ജില്ലാ നേതൃത്വം ഇടപെട്ടത്. അമ്മയുടെ ചികിത്സാർത്ഥമാണ് റിസോർട്ടിൽ താമസിക്കുന്നതെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമേ വാടക ഈടാക്കുന്നുളളു എന്നും ചിന്താ ജെറോം വിശദീകരിച്ചെങ്കിലും വിവാദ സാധ്യത മുന്നിൽക്കണ്ട് നേതൃത്വം മാറാൻ നിർദ്ദേശിക്കുകയായിരുന്നു.
യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിന്താ ജെറൊമിനെ മാറ്റാനും ആലോചനയുണ്ട്. മാറ്റം വിവാദങ്ങളുടെ പേരിലല്ലെന്നാണ് പാർട്ടി നേതൃത്വത്തിൻെറ വിശദീകരണം. ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് യുവജന കമ്മീഷൻെറ തലപ്പത്തെത്തിയ ചിന്താ ജെറോം പദവിയിൽ രണ്ട് ടേം പൂർത്തിയാക്കി കഴിഞ്ഞു.
പാർട്ടിയുടെ സംഘടനാ രീതിയനുസരിച്ച് ഒരാളെ രണ്ട് ടേമിൽ കൂടുതൽ ഒരു പദവിയിൽ തുടരാൻ അനുവദിക്കാറില്ല. പുതിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തരം കാര്യങ്ങളിൽ കർക്കശക്കാരനുമാണ്. ഇതാണ് യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിന്താ ജെറോമിനെ മാറ്റുന്നതിന് കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വിവിധ തരത്തിലുളള വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുന്നതിനാൽ വിവാദം തണുക്കാനുളള സാവകാശം തേടുന്നത് കൊണ്ടാണ് തീരുമാനം വൈകുന്നതെന്നും നേതാക്കൾ വിശദീകരിക്കുന്നു. യുവജന കമ്മീഷനിലെ ഉത്തരവാദിത്വം ഒഴിഞ്ഞാൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ചിന്താ ജെറോമിനെ പൂർണമായി സംഘടനാ രംഗത്ത് കേന്ദ്രീകരിപ്പിക്കാനാണ് തീരുമാനം.
കൂട്ടിയ ശമ്പളത്തിന് മുൻകാല പ്രബല്യം ആവശ്യപ്പെട്ട് ലക്ഷങ്ങൾ കൈപ്പറ്റുന്നതും പി.എച്ച്.ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ കൃതിയെ വൈലോപ്പിളളിയുടേത് എന്ന് തെറ്റായി ഉദ്ധരിച്ചതും ഒടുവിൽ റിസോർട്ടിലെ താമസവുമാണ് ചിന്താ ജെറോം എന്ന യുവ വനിതാ നേതാവിനെ വിവാദത്തിലാക്കിയത്. എറണാകുളം സംസ്ഥാന സമ്മേളനത്തിന് മുൻപ് ഏരിയാ കമ്മിറ്റി അംഗം മാത്രമായിരുന്ന ചിന്ത ജില്ലാ കമ്മിറ്റി അംഗമായതിന് തൊട്ടുപിന്നാലെ തന്നെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലുമെത്തിയത്.
പാർട്ടി പദവികളിൽ പെട്ടെന്ന് ഉയർച്ച കിട്ടിയ ചിന്തയോട് അസൂയയുളളവർ പാർട്ടിയിൽ തന്നെയുണ്ട്. അവരുടെ ഇടപെടലുകളാണ് വിവാദം മൂർച്ഛിക്കാൻ കാരണം. ജില്ലാ ഘടകത്തെ അവഗണിച്ച് പ്രവർത്തിക്കുന്നു എന്നതാണ് കൊല്ലത്ത് ചിന്തക്ക് എതിരെയുളള പ്രധാന വിമർശനം. ദേശിയ - സംസ്ഥാന നേതാക്കളുമായുളള അടുപ്പം കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നാണ് ആക്ഷേപം.
കൊല്ലം ലോക്സഭാ സീറ്റിലേക്ക് ചിന്തയെ പരിഗണിക്കുമോയെന്ന ശങ്കയും റിസോർട്ട് വിവാദം അടക്കമുളളവ പുറത്തുവരുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സംശയം. മുഖ്യമന്ത്രിക്ക് പുത്രീതുല്യമായ വാത്സല്യമുളളതാണ് ചിന്തയുടെ അനുകൂല ഘടകം.
ചിന്തക്കെതിരെ മോശം പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പി.കെ. ശ്രീമതിയെപോലുളള വനിതാ നേതാക്കളും ചിന്തയെ പിന്തുണച്ച് രംഗത്തെത്തി. പി.എച്ച്.ഡി വിവാദത്തിലും റിസോർട്ട് വിവാദത്തിലും പ്രതികരിക്കാതിരുന്ന പാർട്ടിയിലെ വനിതാ നേതാക്കൾ സുരേന്ദ്രൻെറ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി വന്നത് ശ്രദ്ധേയമായി.
എന്നാൽ സുരേന്ദ്രൻെറ പരാമർശത്തോട് ചിന്ത പ്രതികരിച്ചില്ല. സുരേന്ദ്രന് മറുപടി പറയാൻ തൻെറ സംസ്കാരം അനുവദിക്കുന്നില്ലെന്നായിരുന്നു ഇതേപ്പറ്റിയുളള ചിന്തയുടെ പ്രതികരണം. റിസോർട്ട് താമസത്തിലൂടെ ധൂർത്ത് നടത്തുന്ന ചിന്താ ജെറോമിനെ മൂത്രത്തിൽ മുക്കിയ ചൂലുകൊണ്ട് അടിക്കണമെന്നായിരുന്നു കെ.സുരേന്ദ്രൻെറ പരാമർശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us