എ.എ. അസീസിന് പകരം ഷിബു ബേബി ജോണ്‍ ഇനി ആര്‍.എസ്.പിയെ നയിക്കും; യു.ഡി.എഫ് വിമര്‍ശകനായ ഷിബു ബേബി ജോണ്‍ പാര്‍ട്ടി തലപ്പത്ത് എത്തുന്നതില്‍ ആശങ്കയോടെ പാര്‍ട്ടിയുടെ ഏകജനപ്രതിനിധി എന്‍.കെ. പ്രേമചന്ദ്രന്‍; ഷിബു സെക്രട്ടറിയായാല്‍ മുന്നണി മാറ്റത്തിന് ശ്രമിക്കുമോയെന്നത് പ്രേമചന്ദ്രന്റെയും അനുകൂലികളുടെയും ആശങ്ക ! മുന്നണി മാറിയാല്‍ പ്രേമചന്ദ്രന്റെ ലോക്‌സഭാ സീറ്റിന്റെ കാര്യം അവതാളത്തിലാകും; പിതാവിന്റെ പിന്തുടര്‍ച്ചക്കാരനായി ഷിബു പാര്‍ട്ടിയുടെ അമരത്ത് എത്തുമ്പോള്‍

New Update

publive-image

കൊല്ലം: കേരളത്തിലെ യു.ഡി.എഫിലെ പ്രമുഖ ഇടതുപക്ഷ സാന്നിധ്യമായ ആർ.എസ്.പിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങി. എ.എ. അസീസിനെ മാറ്റി മുൻമന്ത്രി ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയായി അധികാരമേൽക്കും. ഈ മാസം 20ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വെച്ച് അധികാര കൈമാറ്റം നടത്താനാണ് ധാരണ.

Advertisment

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വെച്ച് തന്നെ സംസ്ഥാന സെക്രട്ടറിയാകാൻ ഷിബു ബേബിജോൺ അവകാശവാദം ഉന്നയിച്ചിരുന്നതാണ്. അധികാരം ഒഴിയാൻ എ.എ. അസീസ് സന്നദ്ധനാകാതെ വന്നതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനം സംബന്ധിച്ച് തർക്കം ഉടലെടുത്തിരുന്നു. ഭിന്നത ഒഴിവാക്കാൻ മധ്യസ്ഥനായ എൻ.കെ. പ്രേമചന്ദ്രനാണ് ദേശീയ സമ്മേളനം കഴിഞ്ഞ് അസീസിനെ മാറ്റി ഷിബുവിനെ സംസ്ഥാന സെക്രട്ടറിയാക്കാമെന്ന ഒത്തുതീർപ്പ് ഫോർമുല വെച്ചത്.


ദേശീയ സമ്മേളനത്തിൽ വെച്ച് കേരളത്തിലെ സെക്രട്ടറി മാറ്റം തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിഷയം പരിഗണനക്ക് വന്നതേയില്ല. ഇതിൽ ഷിബു ബേബിജോണിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും കടുത്ത അതൃപ്തി ഉണ്ടായിരുന്നു.അതൃപ്തി രൂക്ഷമാകുന്നുവെന്ന് മനസിലാക്കിയാണ് അടുത്ത സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റത്തിന് ധാരണയായത്.


സംസ്ഥാന സെക്രട്ടറി പദത്തിൽ മൂന്ന് ടേം പിന്നിട്ട എ.എ. അസീസിനെ മാറ്റുന്ന കാര്യത്തിൽ പ്രേമചന്ദ്രൻ അ‌ടക്കമുളള ആർക്കും എതിർപ്പില്ല. എന്നാൽ ഷിബു ബേബി ജോണിൻെറ പ്രവർത്തനശൈലിയെ സംബന്ധിച്ച് പ്രേമചന്ദ്രനും അനുകൂലികൾക്കും ആശങ്കയുണ്ട്. യു.ഡി.എഫിൻെറ പോക്കിൽ കടുത്ത വിമർശനമുളള ഷിബു ബേബി ജോൺ ആർ.എസ്.പി ഇടതുപക്ഷത്തിൻെറ ഭാഗമായി നിൽക്കണമെന്ന് താൽപര്യമുളളയാളാണ്.

ഷിബു സെക്രട്ടറിയായാൽ മുന്നണി മാറ്റത്തിന് ശ്രമിക്കുമോ എന്നതാണ് പ്രേമചന്ദ്രൻെറ ആശങ്ക. മുന്നണി മാറിയാൽ പ്രേമചന്ദ്രൻെറ ലോക്‌സഭാ സീറ്റിൻെറ കാര്യം അവതാളത്തിലാകും. ചവറയിലെ തുടർച്ചയായ രണ്ട് തോൽവികളും മുന്നണിയെന്ന നിലയിലുളള യു.ഡി.എഫിൻെറ കെട്ടുറപ്പില്ലായ്മയുമാണ് ഷിബുവിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. പിളർന്നും സ്വയം തളർന്നും ശക്തിക്ഷയിച്ച് പഴയ പ്രതാപത്തിൻെറ നിഴലിൽ മാത്രം ജീവിക്കുന്ന ആർ.എസ്.പിയുടെ തലപ്പത്തേക്ക് ഇടത് മുന്നണിയുടെ രൂപീകരണകാലത്തെ നെടുംതൂണായിരുന്ന ബേബി ജോണിൻെറ മകൻ ഷിബു ബേബിജോൺ എത്തുന്നതിനെ സി.പി.എം പ്രതീക്ഷയോടെയാണ് കാണുന്നത്.

2016ലും 2012ലും ചവറയിൽ തോൽവി നേരിട്ട ഷിബു ബേബിജോണിന് ആർ.എസ്.പി നേതൃത്വത്തിൽ കാര്യമായ ചുമതലകളില്ലായിരുന്നു. 1999ലെ പാർട്ടി പിളർപ്പിൽ എ.വി.താമരാക്ഷനും ബാബു ദിവാകരനും ഒപ്പമായിരുന്ന ഷിബു ബേബിജോൺ അവർക്കൊപ്പം ആർ.എസ്.പി (ബി) -‌യിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്. മുന്നണി രാഷ്ട്രീയത്തിൽ യു.ഡി.എഫിൻെറ ഭാഗമായിരുന്ന ആർ.എസ്.പി (ബി യും അതിൻെറ നേതാവായി മാറിയ ഷിബുവും ആർ.എസ്.പിയുമായും പ്രേമചന്ദ്രനുമായും കടുത്ത ശത്രുതയിലായിരുന്നു.


എന്നാൽ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലം സീറ്റ് തിരികെ ചോദിച്ച് സി.പി.എം നേതൃത്വവുമായി ഇടഞ്ഞ ആർ.എസ്.പിയേയും പ്രേമചന്ദ്രനെയും യു.ഡി.എഫിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ചത് ഷിബു ബേബി ജോണായിരുന്നു.


സിറ്റിങ്ങ് എം.പിയായി എൻ.പീതാംബരകുറുപ്പിനെ മാറ്റി എൻ.കെ. പ്രേമചന്ദ്രനെ കൊല്ലം സീറ്റിൽ മത്സരിപ്പിച്ച് ജയിപ്പിക്കുന്നതിലും ഷിബു നിർണായക പങ്ക് വഹിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ ആണ് പ്രേമചന്ദ്രൻ തോൽപ്പിച്ചത്. എന്നാൽ ഔദ്യോഗിക ആർ.എസ്.പിയായി മത്സരിച്ചിട്ടും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ ഷിബുവിനെ കൈവിട്ടു. ഭരണവിരുദ്ധ വികാരത്തിലാണ് ആ തോൽവിയെന്ന ആശ്വാസത്തിൽ 2021ൽ വീണ്ടും മത്സരിക്കാനിറങ്ങിയിട്ടും ഫലം മാത്രം മാറിയില്ല.

ഇതോടെ സംഘടനയിലും മുന്നണിയിലും തീർത്തും നിരാശനാ‌യ ഷിബു ബേബിജോൺ സിനിമാ നിർമ്മാണം അടക്കമുളള ബിസിനസിലേക്ക് കളം മാറ്റി. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയാകാനൊരുങ്ങിയപ്പോൾ അസീസ് എതിർത്തതോടെ അതും നടന്നില്ല. ഇത്തവണ തടസങ്ങളില്ലാതെ സെക്രട്ടറി പദത്തിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഷിബു ബേബിജോണും കൂട്ടരും.

അങ്ങനെയങ്കിൽ അച്ഛൻ ഷിബു ബേബി ജോണിനെപോലെ മകനും ആർ.എസ്.പിയുടെ അമരത്തേക്ക് എത്തുന്നു എന്ന പേരിലാകും സ്ഥാനമാറ്റത്തെ ചരിത്രം അടയാളപ്പെടുത്താൻ പോകുക.

Advertisment