ആദ്യം ഇന്ധന സെസിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ വക പ്രഹരം; ആദ്യത്തെ ആഘാതം കിട്ടി ഒരു മാസം തികയും മുമ്പേ പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി ! കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 'സ്‌നേഹിച്ച് കൊല്ലുമ്പോള്‍' സാധാരണക്കാരന്‌ ഇനി അടിപൊളി ദിനങ്ങള്‍; ഒന്നിന് പിറകെ ഒന്നായി എട്ടിന്റെ പണികള്‍ കിട്ടി മലയാളി നട്ടം തിരിയുമ്പോള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതിന്റെ ആഘാതം ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. ഇതിന് പിന്നാലെയാണ് പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന്റെ വക മറ്റൊരു ഇരുട്ടടി സാധാരണക്കാരന് ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഇരട്ടപ്രഹരണത്തില്‍ നട്ടം തിരിയുകയാണ് സാധാരണക്കാര്‍.

കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് രണ്ട് രൂപ ഇന്ധന സെസ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ നികുതി വര്‍ധനവ് ഉണ്ടാകുമെന്ന സൂചയുണ്ടായിരുന്നെങ്കിലും ഇന്ധന വില വര്‍ധനവിന് ഇടയാക്കുന്ന ഈ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ഇന്ധനവില വര്‍ധനവിനെതിരെ മുമ്പ് പല തവണ രൂക്ഷവിമര്‍ശനമുന്നയിച്ച ഇടത് സര്‍ക്കാര്‍ തന്നെയാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നതാണ് മറ്റൊരു വിരോധാഭാസം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തിരുന്നു.

മുന്നണിയിലും അതൃപ്തി പ്രകടമായിരുന്നെങ്കിലും ഇന്ധന സെസ് പിന്‍വലിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തെല്ലും പിന്നോട്ട് പോയില്ല. ഇന്ധന സെസ് കുറച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അത് വെറും അഭ്യൂഹമായി തുടര്‍ന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്.

കൊവിഡ് വരുത്തിയ ആഘാതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള സാധാരണക്കാരന്റെ ശ്രമങ്ങള്‍ക്ക് കത്തിവയക്കുന്ന തീരുമാനമെടുത്തിട്ടും, ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്രതീക്ഷിത പ്രഹരത്തിന്റെ മുറിവ് ഉണങ്ങും മുമ്പേ, പാചകവാതക വില വര്‍ധനവിലൂടെ കനത്ത ആഘാതം നല്‍കി കേന്ദ്രസര്‍ക്കാരും 'മാതൃക' കാട്ടി. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിനു മുൻപ് വില കൂട്ടിയത്. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

ഹോട്ടല്‍ ഭക്ഷണത്തിന് അടക്കം വിലവര്‍ധനവ് ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഇതോടെ ശക്തമായിരിക്കുകയാണ്. പാചക വാതകവില വർധനക്കൊപ്പം ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും വില ഉയരുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്നുറപ്പ്.

ഇന്ധന സെസിനെ ന്യായീകരിച്ച സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എന്തായാലും പാചകവാതക വില വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ഉടനെ പിൻവലിക്കണമെന്നാണ് സി.പി.എം പി.ബി ആവശ്യപ്പെട്ടത്. പാചകവിലവർധനയെപ്പറ്റി എന്താണ് കോൺഗ്രസിന് പറയാനുള്ളതെന്നായിരുന്നു ധനമന്ത്രി ബാലഗോപാലിന്റെ പരിഹാസം. ജനജീവിതം കൂടുതല്‍ ദുസഹമാകുന്നുവെന്ന് തിരിച്ചറിയുമ്പോഴും ഇന്ധന സെസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ലെന്നതാണ് ശ്രദ്ധേയം.

അതേസമയം, ഇന്ധന സെസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ബിജെപിയാകട്ടെ പാചകവാതക വില വര്‍ധനവില്‍ മൗനം പാലിക്കുകയാണ്. പാചകവാതക വില വര്‍ധനവിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ചെയ്തത്. എല്‍പിജി വില വര്‍ധനവിനെക്കുറിച്ചുള്ള മാധ്യമങ്ങളോട് ചോദ്യത്തോട് 'കേരളത്തില്‍ ഇന്ധന സെസ് കൂട്ടിയില്ലേ' എന്ന അഴകൊഴമ്പന്‍ മറുപടിയാണ് ജാവദേക്കര്‍ നല്‍കിയത്.

Advertisment