തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനാത്മക നിലപാട് സ്വീകരിക്കുന്ന അവതാരകൻ വിനു.വി.ജോണിനെതിരെ കേസ് എടുത്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനെ ലക്ഷ്യംവെച്ച് പുതിയ നീക്കങ്ങളുമായി സി.പി.എം. ഏഷ്യാനെറ്റിൻെറ വാർത്താ പരമ്പരയെക്കുറിച്ച് ഉയർന്ന ആക്ഷേപത്തെപ്പറ്റി നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നതാണ് പുതിയ നീക്കം.
വാർത്താ പരമ്പരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വ്യാജമായി ചിത്രീകരിച്ചെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ പോക്സോ നിയമങ്ങൾ ഉൾപ്പെടുത്തി പൊലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവുമോ എന്നും രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടുമോ എന്നും ആരാഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി തേടിക്കൊണ്ടുളള ചോദ്യം.
പരാതി ലഭിച്ചാൽ കേസ് എടുക്കുമോ എന്ന ചോദ്യത്തിന് നടപടി ഉണ്ടാകും എന്ന ഉത്തരവും പ്രതീക്ഷിച്ചതുപോലെതന്നെ മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാവുകയും ചെയ്തു .
മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും തരംതാണ ഭാഷയിൽ അധിക്ഷേപിക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി.അൻവറാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 3905-മത്തെ ചോദ്യമായി നിയമസഭാ സെക്രട്ടേറിയേറ്റ് ഉൾപ്പെടുത്തിയ ചോദ്യത്തിന് വെളളിയാഴ്ച മുഖ്യമന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത് .
ലഹരി വിരുദ്ധ കാമ്പയിൻെറ ഭാഗമായി നൽകിയ റോവിങ്ങ് റിപ്പോർട്ടർ വാർത്താ പരമ്പരയ്ക്കെതിരെയായിരുന്നു ചോദ്യം. പരമ്പരയിലേക്കുളള വാർത്ത തയാറാക്കുന്നതിൻെറ ഭാഗമായി സഹപ്രവർത്തകയുടെ മകളെ മയക്കുമരുന്നിന് അടിമപ്പെട്ട ഒരു പെൺകുട്ടിയായി സെറ്റിട്ട് ചിത്രീകരിച്ചു, മുഖം മറച്ച് ആ കുട്ടിയെക്കൊണ്ട് ഞെട്ടിപ്പിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകൾ നടത്തിപ്പിച്ചു എന്നാണ് നവമാധ്യമങ്ങളിലെ സി.പി.എം ടെർമിനലുകളിൽ നിന്ന് ഉയരുന്ന പരാതി.
ഈ പരാതി കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്താ സമ്മേളനത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി.വി. അൻവർ നിയമസഭയിൽ ചോദ്യം എഴുതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസിൻെറ വിശ്വാസ്യത തകർക്കുന്നതിൻെറ ഭാഗമായാണ് ചോദ്യം ചോദിച്ച് മുഖ്യമന്ത്രിയെ കൊണ്ട് ഉത്തരം പറയിക്കുന്നതെങ്കിലും നാല് ഭാഗങ്ങൾ ആയുളള ചോദ്യത്തിൽ ഒരിടത്തും ചാനലിൻെറ പേര് പരാമർശിക്കുന്നില്ല.
മലയാളത്തിലെ പ്രമുഖ ചാനൽ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചോദ്യം ഉന്നയിച്ചത്. എന്നാൽ ചോദ്യത്തിൽ പറയുന്ന ''നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'' എന്നത് ഏഷ്യാനെറ്റ് ന്യൂസിൻെറ പരമ്പരയുടെ പേരായതിനാൽ ചോദ്യം ലക്ഷ്യം വെക്കുന്നത് ആരെയാണെന്ന് ആർക്കും ബോധ്യമാകും. എന്നിട്ടും പേര് പറായതെയുളള ഒളിച്ചുകളി എന്തിനാണെന്നാണ് വ്യക്തമാകാത്ത്.
റോവിങ്ങ് റിപ്പോർട്ടർ - പോക്സോ കേസ് എന്ന തലക്കെട്ടിലാണ് നിയമസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തിൽ 3905-മത്തെ ചോദ്യമായി പി.വി.അൻവറിൻെറ ചോദ്യം ഉൾപ്പെടുത്തിയത്. എ,ബി,സി,ഡി എന്നിങ്ങനെ നാല് ഭാഗങ്ങുളുളള ചോദ്യത്തിൽ ചാനലിനെ പുതിയൊരു കേസിൽ കേസിൽക്കൂടി കുരുക്കിയിടാൻ പാകത്തിലുളള ഉത്തരങ്ങളാണ് തേടുന്നത്.
(എ) മലയാളത്തിലെ ഒരു പ്രമുഖ ചാനൽസംപ്രേഷണം ചെയ്തിരുന്ന ''നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'' എന്ന റോവിങ്ങ് റിപ്പോർട്ടർ വാർത്താ പരമ്പര ശ്രദ്ധയിൽപ്പെട്ടിരുന്നോ ; ഈ പരമ്പരയിലെ ഏതെങ്കിലും വാർത്തയുടെ ഉളളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ, വിശദമാക്കാമോ?
(ബി) 2022 നവംബർ 10ന് പരമ്പരയുടെ ഭാഗമായി റിപ്പോർട്ട് ചെയ്ത വാർത്താ റിപ്പോർട്ടിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥിനിയെ അവതാരകൻ ഇന്റർവ്യു ചെയ്യുമ്പോൾ സഹപാഠികൾ സെക്ഷ്വലി അബ്യൂസ് ചെയ്യാറുണ്ടെന്നും '' മോർ ദാൻ 10 ഗേൾസ് ആർ ട്രാപ്പ്‍ഡ് ലൈക് ദിസ്'' എന്നും സ്കൂൾ വിദ്യർത്ഥിനി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ; മേൽ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തുകയോ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
(സി) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് പൊലീസിന് അന്വേഷണം നടത്താവുന്നതാണോ ; വ്യക്തമാക്കാമോ; ഈ കാര്യത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണത്തിന് വിടുമോ, വ്യക്തമാക്കുമോ?
(ഡി) കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയുളള അറിവ് ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് അവർ തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പൊലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകരമാണോ; എങ്കിൽ ഏത് വകുപ്പാണ് ഇക്കാര്യത്തിൽ ബാധകമാകുന്നതെന്ന് അറിയിക്കാമോ ?
ഏഷ്യാനെറ്റ് ന്യൂസും അവരുടെ കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫും ചേർന്ന് വ്യാജവാർത്ത ഉണ്ടാക്കിയെടുത്തെന്ന ആക്ഷേപമാണ് സി.പി.എം ഉന്നയിക്കുന്നത്. ഷുഹൈബ് വധക്കേസിലെ പ്രതിയും സ്വർണക്കളളക്കടത്ത് -ക്വട്ടേഷൻ കേസുകളിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ പാർട്ടിയ്ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നൽകിയ വാർത്തകളാണ് നൗഫൽ ബിൻ യൂസഫിനെതിരെ തിരിയാൻ കാരണം.
വാർത്ത വന്ന് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് സി.പി.എം നേതൃത്വവും സൈബർ സെല്ലുകളും ആക്ഷേപം ഉന്നയിക്കുന്നത് എന്നതാണ് ഇതിൻെറ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നത് കേരളത്തിലെ സി.പി.എമ്മിൻെറ അപ്രഖ്യാപിത അജണ്ടയാണ്.
ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോൾ മുതലാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയിടിക്കാനുളള ആസൂത്രിത ശ്രമങ്ങൾ ആരംഭിക്കുന്നത്. നവമാധ്യമങ്ങളുടെ വരവോടെ ചതുരുപായങ്ങളും പയറ്റിയാണ് മാധ്യമങ്ങളെ നേരിടുന്നത്. അതിൻെറ ഭാഗമായാണ് നിയമസഭയിലെ ചോദ്യമെന്നാണ് ഉയരുന്ന വിമർശനം.