ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് കാര്‍ഡിയോളജിസ്റ്റിനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പ്രതികള്‍ കീഴടങ്ങി

New Update

publive-image

കോഴിക്കോട്: ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവശേഷം ചികിത്സ വൈകി കുഞ്ഞ്‌ മരിച്ചെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

Advertisment

കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് ശനിയാഴ്ച മര്‍ദനമേറ്റത്. സംഭവത്തിൽ കുന്നംമംഗലം സ്വദേശികളായ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്.

അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായും ഐഎംഎ ആരോപിച്ചു. ആശുപത്രി സുരക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

സി.ടി. സ്‌കാന്‍ റിസള്‍ട്ട് വൈകിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പതിനഞ്ചോളം വരുന്ന സംഘം ആശുപത്രിയില്‍ അതിക്രമിച്ചു കടന്ന് ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാനെത്തിയപ്പോഴാണ് ഡോ. അശോകന് മര്‍ദനമേറ്റത്.

ഡോക്ടര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഎംഎ പ്രഖ്യാപിച്ച സമരത്തെ കെജിഎംഒഎയും പിന്തുണയ്ക്കുന്നുണ്ട്. ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു.

Advertisment