/sathyam/media/post_attachments/5EEESUtOq3fqD69JUmfk.jpg)
കൊല്ലം: കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന പഴഞ്ചൊല്ല് ഏറ്റവും ചേരുക സംസ്ഥാന വനംവകുപ്പിനാണ്. വനം സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനംവകുപ്പിലെ പുതിയ പരിപാടി ദിവസ വേതനക്കാരുടെ പേരിൽ പണം എഴുതി സ്വന്തം പോക്കറ്റിലാക്കുന്നതാണ്. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ടി ദിവസ വേതനക്കാരെ നിയോഗിക്കാനുളള ഉത്തരവിൻെറ മറവിൽ പണം തട്ടിയെടുത്ത പതിനെട്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ചിലെ രണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, മൂന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പതിനൊന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ,ഒരു സീനിയർ ക്ളർക്ക് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ദിവസേന വേതനക്കാരുടെ പേരിൽ വ്യാജമായി ശമ്പളം എഴുതിയെടുത്തെന്ന് അന്വേഷണത്തിൽ വ്യക്തം ആയതിനെ തുടർന്നാണ് നടപടിയെടുത്തത്.
ദിവസവേതനക്കാരുടെ പട്ടികയിൽ വ്യാജ പേരുകൾപ്പെടുത്തി 168000 രൂപയാണ് തട്ടിയെടുത്തത്. വനം വകുപ്പ് വിജിലൻസും ഫ്ലയിങ് സ്കോഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ദിവസ വേതനക്കാരുടെ പേരിൽ പണം തട്ടിയെടുക്കുന്നത് ആര്യങ്കാവ് റേഞ്ചിൽ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിവരം. പലറേഞ്ചുകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി വനം വകുപ്പിന് തന്നെ ബോധ്യമുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ റെയിഞ്ച് ഓഫീസുകളിൽ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങുകയാണ് വനംവകുപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us