Advertisment

ഭേദഗതി ചെയ്ത ലോകായുക്ത നിയമത്തിന് ഗവർണർ അംഗീകാരം നൽകുന്നതുവരെയുള്ള കാത്തിരിപ്പോ ? വാദം പൂർത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ കേസിൽ വിധിപറയാൻ 'നല്ലനേരം' നോക്കി ലോകായുക്ത ! വാദം കേട്ട കേസിൽ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിരീക്ഷണവും കേട്ട മട്ടില്ല; ലോകായുക്തയുടേത് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയെന്നും ആക്ഷേപം

New Update

publive-image

Advertisment

തിരുവനന്തപുരം: വാദം പൂർത്തിയായി ഒരുകൊല്ലം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ കേസിൽ വിധിപറയാൻ 'നല്ലനേരം' നോക്കി ലോകായുക്ത. വാദം കേട്ട കേസിൽ ആറുമാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി നിരീക്ഷണം ഉണ്ടായിട്ടും അതൊന്നും സുപ്രീംകോടതിയിൽ നിന്ന് തന്നെ വിരമിച്ച ലോകായുക്ത കണക്കിലെടുക്കുന്നില്ല. എന്തുകൊണ്ടാണ് നിർണായകമായ കേസിൽ വിധി പറയാത്തതെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുന്നതുകൊണ്ടാണ് ലോകായുക്ത നിയമത്തിൻെറ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെ.റ്റി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്.


ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ നിലവിലെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടു. എങ്കിലും ലോകായുക്ത വിധി പറയാതെ മാറിനിൽക്കുകയാണ്.


ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ഹർജ്ജിയിൽ വാദം കേട്ടത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാ ണ് ഹർജ്ജിക്കാരൻ. സർക്കാരിന് വേണ്ടി അറ്റോണി ടി.എ.ഷാജിയും, ഹർജ്ജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ലോകയുക്തയിൽ ഹാജരായിരുന്നത്.

2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പക്കുമായി എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.


കേസിൽ വിധി പറയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകായുക്ത വ്യക്തമാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഭേദഗതി ചെയ്ത ലോകായുക്ത നിയമത്തിന് ഗവർണർ അംഗീകാരം നൽകുന്നതുവരെ നീട്ടിക്കൊണ്ടു പോകുകയാണോ ലോകായുക്ത ചെയ്യുന്നതെന്ന് സംശയം ഉയർന്നിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള പണത്തിൻെറ ദുർവിനിയോഗം പോലെ ഗുരുതരമായ പരാതിയിലാണ് ലോകായുക്ത വാദം തീർന്നിട്ടും വിധി പറയാതെ മാറ്റിവെച്ചിരിക്കുന്നത്. ഏറ്റവും അനുകൂല സമയം നോക്കി വിധി പറയുന്നത് ലോകായുക്തയുടെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്യുന്നതാണ്. കെ.ടി. ജലീലിൻെറ കേസിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൻെറ പോളിങ്ങ് കഴിയുന്നതുവരെ വിധി പുറത്തുവിടാതെ ലോകായുക്ത നീട്ടിക്കൊണ്ടുപോയിരുന്നു. മുഖ്യമന്ത്രിക്കെതിരായ കേസിലും അനുകൂലമായ സമയം കാക്കുകയാണോ ലോകായുക്ത?

Advertisment