Advertisment

എം.എൽ.എ സ്ഥാനം പോയ രാജയ്ക്ക് ഇനി സുപ്രീംകോടതിയെ സമീപിക്കാം; കൊടിക്കുന്നിലിന് കിട്ടിയ പോലെ അനുകൂല ഉത്തരവ് കിട്ടിയില്ലെങ്കിൽ ദേവികുളം ഉപതിരഞ്ഞെടുപ്പിലേക്ക് ! സംവരണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോഴുണ്ടാകേണ്ട ജാഗ്രത സി.പി.എം കൈവിട്ടു; രാജേന്ദ്രനെ പുറത്താക്കാൻ രംഗത്തിറക്കിയ രാജ സി.പി.എമ്മിന് കൈനഷ്ടമുണ്ടാക്കുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിനെതിരെ എ. രാജയ്ക്ക് ഇനി സുപ്രീംകോടതിയെ സമീപിക്കാം. സംവരണ സമുദായാംഗമാണോ എന്ന തർക്കത്തെത്തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് 2009ൽ നിയമനടപടികൾ നേരിടേണ്ടി വന്നിരുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയിൽ നിന്ന് വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതി വിഭാഗക്കാരനായി കണക്കാക്കാൻ കഴിയില്ലെന്നു വിലയിരുത്തി ഹൈക്കോടതി തിരഞ്ഞെടുപ്പു റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചാണ് കൊടിക്കുന്നിൽ അനുകൂല ഉത്തരവു വാങ്ങിയത്. ഇതുപോലെ അനുകൂല ഉത്തരവ് നേടാനായില്ലെങ്കിൽ ദേവികുളം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

ഹിന്ദു ചേരമർ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് കൊടിക്കുന്നിൽ സുരേഷ് എന്നും ഈ വിഭാഗത്തിന്റെ ആചാര രീതികളാണ് അദ്ദേഹം തുടരുന്നതെന്നും വ്യക്തമാക്കി സുപ്രീം കോടതി തിരഞ്ഞെടുപ്പു ശരിവച്ചു. സംവരണ സമുദായമാണോയെന്നതാണ് എ. രാജയുടെ കേസിലെയും നിയമപ്രശ്നം. ക്രിസ്തുമതം സ്വീകരിച്ചതു സംബന്ധിച്ച വിലയിരുത്തൽ രാജയുടെ കാര്യത്തിൽ നിർണായകമാകും. രാജയുടെ മാതാപിതാക്കൾ ഉൾപ്പെടെ ക്രിസ്തുമതം സ്വീകരിച്ചവരാണെന്നും ഈ മതവിശ്വാസമാണ് പിന്തുടരുന്നതെന്നും ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന് കനത്ത പ്രഹരമാണ്. സംവരണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോഴുണ്ടാകേണ്ട സൂക്ഷ്മത നേതൃത്വത്തിൽ നിന്നുണ്ടായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.


മണ്ഡലം കോൺഗ്രസിൽ നിന്ന് തിരികെ പിടിച്ച് മൂന്ന് തവണ തുടർച്ചയായി എം.എൽ.എയായ എസ്. രാജേന്ദ്രനെ മാറ്റി എ. രാജയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വത്തിന്റേതായിരുന്നു. എസ്. രാജേന്ദ്രൻ ഒരു വട്ടം കൂടി സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കിയ പൊതുമാനദണ്ഡപ്രകാരം അദ്ദേഹത്തിന് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയില്ല. പകരമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയ്ക്ക് സീറ്റ്‌ ലഭിച്ചത്. എം.എം. മണിയടക്കമുള്ള ജില്ലാ നേതാക്കളുടെ പിന്തുണയും രാജയ്ക്കുണ്ടായിരുന്നു.

എ. രാജയെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി എസ്. രാജേന്ദ്രൻ ഇടഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ 2016ൽ എസ്. രാജേന്ദ്രന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ നേടിയെങ്കിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ രാജ ഏറെ പിന്നിൽ പോയി. മുൻ എം.എൽ.എ എസ്. രാജേന്ദ്രന്റെ സ്വാധീന മേഖലകളായിരുന്നു ഇവയെല്ലാം. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വിവിധ ഘടകങ്ങൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ലെന്നും പറയണമെന്ന് നേതാക്കൾ നിർദ്ദേശിച്ചിട്ട് അനുസരിച്ചില്ലെന്നും പരാതി ഉയർന്നു.


അതു ശരിവച്ച് പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് എം.എം. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്‌പോരാണു നടന്നത്. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് സസ്‌പെൻഡും ചെയ്തിരുന്നു.


രാജേന്ദ്രൻ പാർട്ടിയെ വെല്ലുവിളിക്കുന്നത് തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്. ജില്ലയിലെ ബഫർസോൺ, നിർമ്മാണനിരോധനനിയമം, വന്യജീവി ആക്രമണം തുടങ്ങിയ ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനുള്ള ശ്രമങ്ങളുമായി ലോക്സഭാ തിരഞ്ഞടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇത്തരമൊരു പ്രതിസന്ധി. പട്ടികജാതി സംവരണ സീറ്റ് സി.പി.എം അട്ടിമറിച്ചുവെന്ന ആരോപണം കോൺഗ്രസ് ഇതിനോടകം ഉയർത്തിക്കഴിഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം മറികടക്കണമെങ്കിൽ സി.പി.എമ്മിന് അത്യദ്ധ്വാനം വേണ്ടിവരും.

ദേവികുളത്തെ വോട്ടർമാരിൽ 62 ശതമാനവും തമിഴ് വംശജരാണ്. മണ്ഡലത്തിലെ 12ൽ ഏഴ് പഞ്ചായത്തുകളിലും തമിഴ് വംശജർക്കാണ് ഭൂരിപക്ഷം. അതിനാൽ തന്നെ തമിഴ്നാട്ടിലെ പോലെ തന്നെ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾക്കും നിർണായക പങ്കുണ്ട്. അതുകൊണ്ടാണ് സി.പി.എം മത്സരിച്ച 85ൽ 83 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും ദേവികുളത്തെ സ്ഥാനാർത്ഥി നിർണയം വൈകിയത്.

തമിഴ് വംശജരാണ് തുടർച്ചയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എങ്കിലും അവർക്കിടയിലെ ജാതി വേർതിരിവുകൾ വിജയത്തിൽ നിർണായക ഘടകമാകാറുണ്ട്. അതിൽ തന്നെ പള്ളർ, പറയർ സമുദായങ്ങൾ രണ്ട് തട്ടിലാണ്. ഈ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ളവരാകും ഇരു മുന്നണിയിലെയും സ്ഥാനാർത്ഥികൾ. രണ്ട് മുന്നണികളുടെയും സ്ഥാനാർത്ഥി പട്ടികയിൽ ഈ രണ്ട് സമുദായങ്ങളിൽപ്പെട്ടവരുമുണ്ടായിരുന്നു.

എതിർസ്ഥാനാർത്ഥി ആരെന്നറിഞ്ഞ് അതേ സമുദായക്കാരനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എം തന്ത്രപൂർവം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. എ. രാജയ്‌ക്കൊപ്പം പള്ളർ സമുദായത്തിൽ നിന്നുള്ള ആർ. ഈശ്വരനെയും പാർട്ടി പരിഗണിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലും രണ്ട് സമുദായത്തിലുള്ളവരുമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പറയർ സമുദായത്തിൽ നിന്നുള്ള ഡി. കുമാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് എ. രാജയ്ക്ക് നറുക്ക് വീണത്.

Advertisment