Advertisment

ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ഉടൻ ഉത്തരവ് പറയാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വാദം തീർന്നിട്ട് ഒരുവർഷം ! ലോകായുക്ത ഉത്തരവ് പ്രതികൂലമായാൽ പിണറായിക്ക് സ്ഥാനമൊഴിയേണ്ടി വരും; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ ലോകായുക്ത കേസു കൂടി മുന്നിൽകണ്ടിട്ടോ..? രാഷ്ട്രീയ ചർച്ചകൾ മുറുകുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാത്തത് ചൂണ്ടിക്കാട്ടി ലോകായുക്തയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി. ഉത്തരവിറക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറാണ് ഹർജി നൽകിയത്. ലോകായുക്ത രജിസ്ട്രാറാണ് എതിർകക്ഷി. ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ പ്രതികൂല വിധി വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും.

കഴിഞ്ഞവർഷം മാർച്ച് 18നാണ് വാദം തീർന്നത്. ലോകായുക്ത ഉത്തരവ് പ്രതികൂലമായാൽ പിണറായിക്ക് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നടത്തിയത് ഈ കേസുകൂടി മുന്നിൽ കണ്ടാണോയെന്ന ചർച്ച രാഷ്ട്രീയ വൃത്തങ്ങളിൽ മുറുകുകയാണ്. എം.എൽ.എ കൂടിയായ ഗോവിന്ദന് മുഖ്യമന്ത്രികസേരയിൽ കണ്ണുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ കേസിലാണ് ലോകായുക്ത ഉത്തരവ് വൈകിപ്പിക്കുന്നത്. 2022 ഫെബ്രുവരി 5നാരംഭിച്ച വാദം മാർച്ച് 18ന് പൂർത്തിയായിരുന്നു. വാദത്തിനിടെ, അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്.


ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിന്നാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവയ്ക്കുകയായിരുന്നു.


അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ. കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20 ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്.

ലോകായുക്ത റിപ്പോർട്ട് ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയാൽ 3 മാസത്തിനകം നടപടിയെടുത്തിരിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അധികാരി ഗവർണറും മന്ത്രി, സെക്രട്ടറിമാരുടേത് മുഖ്യമന്ത്രിയുമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരാണ് വിധിയെങ്കിൽ അത് വേഗത്തിൽ നടപ്പാക്കാനേ ഗവർണർ ശ്രമിക്കൂ എന്ന് ഉറപ്പാണ്.

ആരോപണം ശരിയാണെന്ന് ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണം. ഈ സ്ഥിതിയൊഴിവാക്കാനാണ് പതിനാലാംവകുപ്പ് ഒഴിവാക്കി നിയമഭേദഗതി കൊണ്ടുവന്നത്. ഭേദഗതിയിൽ മുഖ്യമന്ത്രിക്കെതിരേ നടപടിക്ക് ഗവർണറെ ഒഴിവാക്കി നിയമസഭയെ അധികാരിയാക്കി. മന്ത്രിക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറും അപ്പലേറ്റ് അധികാരിയാവും. ഈ ബില്ലിൽ ഒപ്പിടാൻ ഗവർണ‌ർ വിസമ്മതിക്കുകയാണ്.

Advertisment