Advertisment

സർക്കാർ മനസിൽ കാണുമ്പോൾ ഗവർണർ മാനത്തു കാണും ! ബില്ലുകൾ ഒപ്പിടാത്തതിന് സർക്കാർ സുപ്രീംകോടതിയിൽ പോവാനിരിക്കെ വിവാദമില്ലാത്ത 2 ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഇനി കേസിനു പോയാലും വാദങ്ങൾ ദുർബലമാവും; വിവാദമായ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് സർക്കാരിനെ പൂട്ടാനുറച്ച് ഗവർണർ; പിണറായിയുടെ തന്ത്രങ്ങൾ ഗവർണർക്ക് മുന്നിൽ തോൽക്കുമ്പോൾ

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെ, വിവാദമില്ലാത്ത രണ്ട് ബില്ലുകൾ ഒപ്പിട്ട് ഗവർണർ. പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നീ ബില്ലുകളിലാണ് ഒപ്പിട്ടത്. . ഇനി കേസിനു പോയാലും കോടതിയിൽ സർക്കാരിന്റെ വാദങ്ങൾ ദുർബലമാവും. വിവാദമായ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് സർക്കാരിനെ പൂട്ടാനും ഉറച്ച് ഗവർണർ.

ശേഷിക്കുന്ന ആറ് ബില്ലുകളിൽ വിവാദമായ ലോകായുക്ത, ചാൻസലർ ബില്ലുകളടക്കം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത് ഗവർണറുടെ പരിഗണനയിലാണ്. വഖഫ് ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടത് റദ്ദാക്കി 2022 സെപ്തംബർ ഒന്നിന് നിയമസഭ പാസാക്കിയ ബില്ലാണ് ഇന്നലെ ഒപ്പിട്ടത്. മുസ്ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കിയത്. ദേവസ്വം ബോർഡിലടക്കം പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനമുണ്ടെന്ന് സർക്കാർ ഗവർണറോട് വിശദീകരിച്ചതിനെത്തുടർന്നാണ് ബില്ലിൽ ഒപ്പിട്ടത്.

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ജനുവരിയിൽ ഹെെക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ 2021 നവംബറിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണറെ നീക്കി അക്കാഡമിക് വിദ്ഗദ്ധരെ ചാൻസലറാക്കാനുള്ള ബില്ലിന് പുറമെ, 2021 നവംബറിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകൾ, 2022ൽ പാസാക്കിയ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവർന്ന് സെർച്ച് കമ്മിറ്റി 5 അംഗങ്ങളുടേതാക്കി വിപുലീകരിക്കാനുള്ള ബിൽ, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ബിൽ എന്നിവയിലാണ് ഒപ്പിടാത്തത്. ലോകായുക്ത, ചാൻസലർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും.


നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന ഗവർണർ, ഇതു സംബന്ധിച്ച് തെലങ്കാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിൽ കക്ഷിചേർന്നേക്കും.


ഇതിനുള്ള സാദ്ധ്യതകൾ അഡ്വക്കേറ്റ് ജനറൽ പരിശോധിക്കുകയാണ്. 9 ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് തെലങ്കാന സർക്കാരിന്റെ കേസ്. നിയമസഭ പാസാക്കിയതിൽ 2021 നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞുവച്ചിരുന്നെന്നും ഇത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാവും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുക. മൗലികാവകാശം ലംഘിക്കപ്പെട്ടാൽ അനുച്ഛേദം-32പ്രകാരം സുപ്രീംകോടതി സമീപിക്കാനാവും.

തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളിലൊപ്പിടണമെന്ന് മുഖ്യമന്ത്രി കത്തെഴുതിയിട്ടും 5 മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഫലമില്ലാതായതോടെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. 8 ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു.

ഇരുനൂറാം അനുച്ഛേദമനുസരിച്ച് ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുകയോ പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. ബിൽ തിരിച്ചയച്ചാൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ ബിൽ വീണ്ടും ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ.

അതിനാലാണ് തീരുമാനമെടുക്കാതെ രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നത്. ബില്ലുകൾ നിയമവിരുദ്ധവും സർക്കാരിന് ദുരുദ്ദേശമുള്ളവ ആണെന്നുമാണ് ഗവർണർ വിലയിരുത്തിയത്. ഗവർണറുടെ വിവേചനാധികാരത്തിൽ കോടതികൾ ഇടപെടാറില്ല. സുപ്രീംകോടതിയിൽ കേസ് മുൻകൂട്ടികണ്ടുള്ള നീക്കങ്ങളാണ് ഗവർണർ നടത്തിയത്.

Advertisment