കൊല്ലത്ത് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്..

New Update

കൊല്ലം:കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. വായ്പയെടുത്ത വ്യവസായികൾക്ക് സര്‍ക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകളൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപടപെടൽ ഉണ്ടാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

Advertisment

publive-image

കശുവണ്ടി വ്യവസായിയായിരുന്ന സൈമണ്‍ മത്തായി 2018ൽ ബാങ്കിന്റെ ജപ്തി ഭീഷണിയെക്കുറിച്ച് കരഞ്ഞു പറഞ്ഞിരുന്നു. പിടിച്ചുനിൽക്കാനാകാതെ സൈമണ്‍ രണ്ടു വര്‍ഷത്തിനിപ്പുറം ഒരു മുഴം കയറിൽ ജീവനൊടുക്കി. സൈമണടക്കം അഞ്ചു കശുവണ്ടി വ്യവസായികളാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

പലിശ നിരക്ക് കുറച്ചു വായ്പ്പകൾ പുനക്രമീകരിക്കുക, ഹൃസ്വകാല വായ്പ്പകൾ ദീര്‍ഘകാല വായ്പ്പകളായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കൽ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ നടപടികൾക്ക് സര്‍ക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ബാങ്കുകൾ ഇവയൊന്നും പാലിക്കുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി. സര്‍ക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും സമരക്കാർ പറയുന്നു.എഴുനൂറിലധികം കശുവണ്ടി ഫാക്ടറികളാണ് പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടി കിടക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് കാഷ്യൂ ഇൻഡസ്ട്രീ പ്രൊട്ടക്ഷൻ കൗണ്‍സിലിൻ്റെ മുന്നറിയിപ്പ്.

Advertisment