Advertisment

മാര്‍ച്ച് 30 വരെ സഭാ സമ്മേളനം തുടരാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത് വമ്പന്‍ ആസൂത്രണത്തിന്റെ ഭാഗം; ലക്ഷ്യമിട്ടത് പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചും സഭ മുൻപ് നിശ്ചയിച്ച തീയതി വരെ ചേരുമെന്ന ധാരണ പരത്താന്‍ ! തന്ത്രം പയറ്റിയതിന് പിന്നില്‍ പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയെന്ന മറ്റൊരു ലക്ഷ്യവും; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തുടർന്നാൽ നിയ‌മസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുളള തീരുമാനം സർക്കാർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ. മാർച്ച് 30 വരെ സഭാ സമ്മേളനം തുടരാൻ തിങ്കളാഴ്ച ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചതും ഈ തിരക്കഥയുടെ ഭാഗമായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചും സഭ മുൻപ് നിശ്ചയിച്ച തീയതി വരെ ചേരുമെന്ന ധാരണ പരത്താനായിരുന്നു പ്രതിപക്ഷാംഗങ്ങൾ വിട്ടുനിന്ന യോഗത്തിൽ കാര്യോപദേശക സമിതി ഈ തീരുമാനം എടുത്തത്.

സർക്കാർ പരമാവധി ശ്രമിച്ചിട്ടും സഭ തുടർന്നുകൊണ്ടുപോകാനായില്ലെന്ന പ്രതീതി ജനിപ്പിക്കലും സർക്കാർ ലക്ഷ്യമിട്ടിരുന്നു. പൊതുസമൂഹത്തിൻെറ പിന്തുണ നേടുക എന്നതായിരുന്നു ഇതിൻെറ പിന്നിലെ ലക്ഷ്യം. പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങൾക്ക് സമൂഹത്തിൽ നിന്ന് പിന്തുണലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തന്ത്രം പയറ്റിയത്.


അടിയന്തിര പ്രമേയ നോട്ടീസിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതും സഭയിലെ കൈയ്യാങ്കളിയിൽ പ്രതിപക്ഷ എം.എൽ.എമാരെ മർദ്ദിച്ച ഭരണപക്ഷ എം.എൽ.എമാർക്കും ഡെപ്യൂട്ടി ചീഫ് മാർഷലിനും എതിരെ നടപടി എടുക്കാതിരിക്കുന്നതുമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.


മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടിനെ തുടർന്നാണ് സഭയിലെ ഇതുവരെയുളള ഉദാരസമീപനം മാറ്റിവെച്ച് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തടയുന്നതെന്ന പ്രതിപക്ഷത്തിൻെറ വാദത്തിന് സ്വീകാര്യത ഉണ്ടെന്ന് സർക്കാർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അടിയന്തിര പ്രമേയനോട്ടീസിൽ അട‌ക്കം സ്പീക്കറുടെ റൂളിങ്ങ് വന്നശേഷവും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുന്നത് പാർലമെന്ററി മര്യാദകളുടെയും കീഴ് വഴക്കങ്ങളുടെയും ലംഘനമാണെന്ന വാദമാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്.

സമാന്തര സഭചേർന്നതിൽ നടപടി എടുക്കാതെ സർക്കാരും സ്പീക്കറും ഉദാര സമീപനം പുലർത്തിയിട്ടും പ്രതിപക്ഷം വഴങ്ങാത്തതു കൊണ്ടാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നതെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് മാർച്ച് 30ന് അവസാനിക്കേണ്ട സഭാ സമ്മേളനം ചൊവ്വാഴ്ച അവസാനിപ്പിച്ചത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാൻ മുൻകൂട്ടി നിശ്ചയിച്ചു എന്നതിന് വേറെയും തെളിവുകളുണ്ട്.


സമ്പൂർണ ബജറ്റ് പാസാക്കാനായി ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ നടപടികൾ പൂർണമാകണം എങ്കിൽ ധനകാര്യ ബില്ലും ധനവിനിയോഗബില്ലും പാസാക്കണമായിരുന്നു. സഭ വെട്ടിച്ചുരുക്കേണ്ടി വന്നാൽ അപ്പോൾ അവതരിപ്പിച്ച് പാസാക്കുന്നതിനായി ധനബില്ലും ധനവിനിയോഗ ബില്ലും നേരത്തെ തയാറാക്കി വെച്ചു.


ഒപ്പം ഈ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കേണ്ടിയിരുന്ന നാല് ബില്ലുകളും ഒറ്റയടിക്ക് പാസാക്കിയെടുക്കാൻ സജ്ജമാക്കി വെച്ചിരുന്നു. അണിയറയിൽ ഇത്രയെല്ലാം തയാറെടുപ്പുകൾ നട‌ത്തിയ ശേഷമാണ് ഇന്ന് സഭ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. സാമ്പത്തിക വർഷാരംഭത്തിന് മുൻപ് തന്നെ ബജറ്റ് വകുപ്പ് തിരിച്ച് പാസാക്കുന്നതിനാണ് സമ്പൂർണ ബജറ്റ് സമ്മേളനം നിശ്ചയിച്ചത്. എന്നാൽ വിശദമായ ചർച്ച കൂടാതെയാണ് പല വകുപ്പുകളുടെയും ധനാഭ്യാർത്ഥന പാസാക്കിയത്. അതോടെ സർക്കാരിൻെറ ആ ലക്ഷ്യവും നടപ്പായില്ല.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ സഭാതലത്തിൽ എം.ബി.രാജേഷാണ് മുന്നിട്ടിറങ്ങിയത്. മുൻ സ്പീക്കർ കൂടിയായ രാജേഷ് ചട്ടങ്ങളും പാർലമെൻററി മര്യാദകളും ഓർമ്മിപ്പിച്ചാണ് നടുത്തളത്തിലെ പ്രതിപക്ഷ എം.എൽ,എമാരുടെ സത്യാഗ്രഹ സമരത്തെ നേരിട്ടത്. നിയമ മന്ത്രി പി.രാജീവ് സഭയിലില്ലാത്തതിനാലായിരുന്നു പ്രതിരോധം എം.ബി. രാജേഷ് സ്വയം ഏറ്റെടുത്തത്.

എന്നാൽ സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തെ നേരിടാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ്. പ്രതിപക്ഷത്തിന്റെ സമീപനം പ്രത്യേക അജൻഡയുടെ ഭാഗമാണെന്നാണ് റിയാസിൻെറ ആരോപണം.

കോൺഗ്രസിനുള്ള ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സഭയിൽ കണ്ടത്. ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹരിച്ച് കൊടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും ചില കോൺഗ്രസ്‌ എംഎൽഎമാരും മാത്രമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും പെട്ടിപ്പിടുത്തക്കാർ ആഞ്ഞടിച്ചാൽ തകർന്നു പോകുന്നതല്ല ഇടതുപക്ഷമെന്നും റിയാസ് വിമർശിച്ചു. ഇന്നത്തെ സതീശന്റെ പെട്ടിപിടുത്തക്കാർ പണ്ട് മറ്റ് പലരുടെയും പെട്ടിപിടുത്തക്കാരായിരുന്നുവെന്നും റിയാസ് പരിഹസിച്ചു.

Advertisment