/sathyam/media/post_attachments/B2YfI9RqSLLWdfLMco8l.jpg)
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റു.
രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡി.സി.സി. ഓഫീസില്‍നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍. ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.
വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.
മധ്യപ്രദേശില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദക്ഷിണ്‍ എക്‌സ്പ്രസ് ട്രെയിനാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലും ട്രെയിനിന് മുകളിലുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തി.
മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറി. രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നാളെ മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു.