Advertisment

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ ശക്തമായ നിയമനിർമ്മാണം: മന്ത്രി വീണാ ജോർജ്

New Update

publive-image

Advertisment

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം നിയമനിർമ്മാണം നടപ്പിലാക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ നിർഭാഗ്യകരമാണ്.

അതവരുടെ മനോവീര്യം തകർക്കും. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. 2021-22 വർഷത്തിലെ സംസ്ഥാന കായകൽപ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ-ഹെൽത്ത് സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 540 ഓളം സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ പേപ്പർരഹിത ആശുപത്രി സേവനം സാധ്യമാക്കാനും ഓൺലൈൻ വഴി ഒപി ടിക്കറ്റെടുക്കാനും ആശുപത്രി അപ്പോയിന്റ്മെന്റെടുക്കാനും സാധിക്കുന്നു.

ഓക്‌സിജൻ സ്വയംപര്യാപ്തതയിൽ കേരളത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കി. ഇന്ത്യയിൽ ആദ്യമായി ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തി. ജീവിതശൈലീ രോഗങ്ങൾക്കായി ‘ശൈലി’ ആപ്പ് വഴി വലിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാതല കാൻസർ പരിപാടി സംഘടിപ്പിച്ചു വരുന്നു.

നേരത്തെ കാൻസർ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം. ആർസിസിയിലും എംസിസിയിലും റോബോട്ടിക് സർജറി യാഥാർഥ്യമാകുന്നു. കാസർഗോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഇടമലക്കുടിയിലും മൂന്നാറിലും ആശുപത്രികൾ യാഥാർത്ഥ്യമാകുന്നു. സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ എൻക്യുഎഎസ് നേടിയ സംസ്ഥാനമാണ് കേരളം. ഇതുവരെ 157 സ്ഥാപനങ്ങളാണ് എൻക്യുഎഎസ് നേടിയിട്ടുള്ളത്. കേരളത്തിലെ ആരോഗ്യ സൂചകങ്ങൾ വികസിത രാജ്യങ്ങളോട് താരതമ്യം ചെയ്യാവുന്നതാണ്. ഈ രണ്ട് വർഷത്തിനുള്ളിൽ ദേശീയ തലത്തിൽ 11 ഓളം പുരസ്‌കാരങ്ങൾ ആരോഗ്യ മേഖലയ്ക്ക് ലഭിച്ചു.

ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ഫീൽഡ് തലം മുതലുള്ള ആരോഗ്യ പ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. ഈ അംഗീകാരങ്ങൾ എല്ലാവർക്കുമുള്ളതാണെന്നുംമന്ത്രി പറഞ്ഞു.

Advertisment