Advertisment

ഗവ‌ർണർ ഇനിയെങ്കിലും വളയമില്ലാത്ത ചാട്ടം നിർത്തുമോ ? നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? ചട്ടപ്രകാരമല്ലാത്ത ഗവർണറുടെ നടപടികൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി. സർവകലാശാലാ നിയമങ്ങൾ പാലിക്കാത്ത ഗവർണറുടെ ഉത്തരവുകൾ റദ്ദാക്കി കോടതി. ഇനിയെങ്കിലും ചട്ടപ്രകാരം നടപടിയെടുക്കുമോ ഗവർണർ.

New Update

തിരുവനന്തപുരം: നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? സർക്കാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണിത്. നിയമപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തലവനാണ് ഗവർണർ. ചാൻസലർ എന്ന രീതിയിലുള്ള തന്റെ അധികാരം ഉപയോഗിക്കുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നു മാത്രം. മുൻപ് ഗവർണർമാർ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർവകലാശാലകളിലെ നിരവധി തെറ്റായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മിക്കതിനും കോടതികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കിട്ടിയിട്ടുമുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഹൈക്കോടതി തുടരെത്തുടരെ റദ്ദാക്കുകയാണ്. നടപടിക്രമങ്ങളിലെ വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഇനിയെങ്കിലും ഗവർണർ ചട്ടങ്ങൾ പാലിച്ച് നടപടിയെടുക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Advertisment

publive-image

സർവകലാശാലാ ചട്ടവും നിയമവും മറികടന്നെടുത്ത തീരുമാനങ്ങൾക്കാണ് ഹൈക്കോടതിയിൽ നിന്ന് ഗവർണർക്ക് തുടരെ തിരിച്ചടി കിട്ടുന്നത്. കേരള സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് കഴിഞ്ഞ ഒക്ടോബറിൽ 15 നോമിനേറ്റഡ് അംഗങ്ങളെ ഒറ്റയടിക്ക് പുറത്താക്കി ഗവർണർ അസാധാരണ നടപടിയെടുത്തത്. പുറത്താക്കാൻ വി.സി വിസമ്മതിച്ചപ്പോൾ സ്വയം വിജ്ഞാപനമിറക്കുകയായിരുന്നു. പുറത്താക്കുംമുൻപ് നോട്ടീസ് നൽകി കാരണം ബോധിപ്പിക്കാൻ അവസരം നൽകണമെന്ന ചട്ടം പാലിക്കാത്തതാണ് തിരിച്ചടിയായത്.

പി.സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തവരെയാണ് പിൻവലിച്ചത്. അന്ന് സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. ഇനി സർക്കാരിൽ നിന്ന് പട്ടിക വാങ്ങാതെ സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനാണ് ഗവർണറുടെ നീക്കം. 1974ൽ കേരളസർവകലാശാലാ ആക്ട് നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്തരം കൂട്ടനടപടി. കേരള സർവകലാശാലയിലെ 102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് വേണം. വി.സിയും 10യു.ഡി.എഫ് അംഗങ്ങളുമടക്കം 13പേരേ എത്തിയുള്ളൂ. ഇവരുടെ ഹാജർ രേഖപ്പെടുത്തി യോഗം പിരിഞ്ഞു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം വിളിച്ച സെനറ്റിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കിയാണ് നോമിനേറ്റഡ് അംഗങ്ങളെ പിരിച്ചുവിട്ടത്. യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം മുൻഎം.പി പി.രാജേന്ദ്രൻ വ്യവസായ മേഖലയെയും മന്ത്രി സജിചെറിയാൻ സ്പോർട്സ് മേഖലയെയും പ്രതിനിധീകരിച്ച് നാമനിർദ്ദേശം ചെയ്തത് 2012ൽ ഗവർണർ റദ്ദാക്കിയിരുന്നു. തെറ്റായ മണ്ഡലത്തിൽ അംഗത്വം നേടിയതിനായിരുന്നു ഇത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചുള്ള ഈ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

സർവകലാശാലാ വകുപ്പ് മേധാവികളായ ഡോ.കെ.എസ്. ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ഡോ.കെ.ബിന്ദു (സംഗീതം), ഡോ.സി.എ ഷൈല (സംസ്കൃതം), ഡോ. ജി.ബിനു (ഫിലോസഫി), സ്കൂൾ അദ്ധ്യാപകരായ ആർ.എസ്. സുരേഷ് ബാബു (ഹെഡ് മാസ്റ്റർ ഗവ.മോഡൽ എച്ച്.എസ്.എസ്, തിരുവനന്തപുരം), ടി.എസ്.യമുനാ ദേവി (പ്രിൻസിപ്പൽ ഗവ.പി.പി.ടി.ഐ കോട്ടൺഹിൽ, തിരുവനന്തപുരം), ജി.കെ.ഹരികുമാർ (എച്ച്.എസ്.എസ്.ടി ജൂനിയർ- ഫിസിക്സ്, സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്ട്, കടയ്ക്കൽ), വി.അജയകുമാർ (എച്ച്.എസ്.എ- മലയാളം, ജി.എച്ച്.എസ്.എസ്, പാളയംകുന്ന്, വർക്കല), വിവിധ മണ്ഡലങ്ങളിൽ നാമനിർദ്ദേശം ചെയ്തിരുന്ന ഷേഖ് പി ഹാരിസ് (ചെയർമാൻ, പി.എ.ഹാരിസ് ഫൗണ്ടേഷൻ, കായംകുളം), ജോയ് സുകുമാരൻ (കയർ ഫെഡ്, ആലപ്പുഴ), ജി.പദ്മകുമാർ (കാപ്പിറ്റൽ കളർ പാർക്ക് ഡിജിറ്റൽ പ്രസ്, കൊല്ലം), എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, മലയാളം കമ്മ്യൂണിക്കേഷൻ), ജി.മുരളീധരൻ പിള്ള (അഭിഭാഷകൻ, കൊല്ലം), ബി.ബാലചന്ദ്രൻ (സ്പോർട്സ്), ഡോ.പി.അശോകൻ (എസ്.പി.ഫോർട്ട് ആശുപത്രി, തിരുവനന്തപുരം) എന്നിവരെയാണ് പിൻവലിച്ചത്. ഇതിൽ ജി.മുരളീധരൻ പിള്ളയ്ക്കും ബി.ബാലചന്ദ്രനും സിൻഡിക്കേറ്റംഗത്വം നഷ്ടപ്പെടുമായിരുന്നു.

കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി സർവകലാശാലാ പ്രതിനിധിയില്ലാതെ രൂപകരിച്ചതും കോടതി റദ്ദാക്കിയിട്ടുണ്ട്. കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് മാസങ്ങളായി. ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും, കർണാടക കേന്ദ്ര സർവകലാശാലാ വി.സി പ്രൊഫ.ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.

ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമാണ് സെനറ്റ് നിലപാട്. സെനറ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞതിനെത്തുടർന്ന് യോഗത്തിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയിരുന്നു. വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി സിംഗിൾബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് നേരത്തേ സ്റ്റേ ചെയ്തതിരുന്നു.

Advertisment