Advertisment

അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിയെ പൂട്ടാൻ വിജിലൻസ്. ഡിവൈ.എസ്.പി അന്വേഷിച്ച കേസുകൾ പുനരന്വേഷിക്കും. എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഡിവൈ.എസ്.പിയുടെ ഓഫീസിൽ റെയ്ഡ് നടത്തി വിജിലൻസ്. റെയ്ഡിനിടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ഡിവൈ.എസ്.പിയെ കണ്ടെത്താനായില്ല

New Update

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിയെ പൂട്ടാൻ ഉറച്ച് വിജിലൻസ്. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി വേലായുധൻ നായർ എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി കോടതിയെ അറിയിക്കാൻ തീരുമാനമായി. തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണന്റെ അനധികൃത സ്വത്ത് കേസ് വേലായുധൻ നായർ ഒതുക്കിതീർത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് അന്വേഷണ ചുമതല. അനധികൃത സ്വത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വേലായുധൻ നായർക്കെതിരേ കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്തതായി വിജിലൻസ്, കോടതിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെയാവും പുനരന്വേഷണം.

Advertisment

publive-image

ഡിവൈ.എസ്.പി വേലായുധൻ നായരുടെ ഓഫീസിലും വിജിലൻസ് ഇന്നലെ പരിശോധന നടത്തി. ബുധനാഴ്ച കഴക്കൂട്ടത്തെ വീട്ടിലെ പരിശോധനയ്ക്കിടെ മുങ്ങിയ വേലായുധൻ നായരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തനംതിട്ടയിൽ ഡിവൈ.എസ്.പിയായിരിക്കെയാണ് അനധികൃത സ്വത്ത് കേസ് എഴുതിത്തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവിടെ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. മുൻപ് വേലായുധൻ നായർ ജോലി ചെയ്ത എല്ലാ യൂണിറ്റുകളിൽ നിന്ന് അദ്ദേഹം അന്വേഷിച്ച കേസുകളുടെ വിവരങ്ങൾ ശേഖരിച്ചു. സംശയമുള്ള ഫയലുകൾ കസ്റ്റഡിയിലെടുത്തു. വേലായുധൻ നായരുടെ വീട്ടിൽ ബുധനാഴ്ച വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വേലായുധൻ നായരുടെയും മകന്റെയും മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് മനസിലാക്കി ഡിവൈ.എസ്.പി മുങ്ങിയതായാണ് സൂചന.

വേലായുധൻ നായരുടെ വീടിന്റെയും ഭൂമിയുടെയും രേഖകൾ വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. കുടുംബ ഓഹരിയായി കിട്ടിയതാണെന്നാണ് മൊഴി. ഇത് ശരിയാണെന്നുറപ്പിച്ച വിജിലൻസ് രേഖകൾ തിരികെ നൽകി. ഇത് ഒപ്പിട്ട് ഏറ്റുവാങ്ങിയ ശേഷമാണ് ഡിവൈ.എസ്.പി മുങ്ങിയത്. റവന്യു സംബന്ധിച്ച ആവശ്യവുമായെത്തിയ ആളിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിരുവല്ല മുനിസിപ്പൽ സെക്രട്ടറി എസ്.നാരായണനെയും ഓഫീസ് അറ്റൻഡർ ഹസീനാ ബീഗത്തെയും പത്തനംതിട്ട വിജിലൻസിലായിരുന്ന വേലായുധൻ നായർ അറസ്റ്റ് ചെയ്തിരുന്നു. അത് വിജിലൻസിനു പറ്റിയ പിശകാണെന്ന് ചൂണ്ടിക്കാട്ടി വേലായുധൻ നായർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. 2021 സെപ്തംബർ 30ന് ചെങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെ നാരായണന്റെ അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 കൈമാറിയിരുന്നു. വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ ഈ അക്കൗണ്ട് വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി.

എന്നാൽ ശ്യാംലാൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയാണെന്നും പലരിൽ നിന്നും പണമെത്താറുണ്ടെന്നുമാണ് ഡിവൈ.എസ്.പി മൊഴി നൽകിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ് ബാങ്കുകൾക്ക് കത്ത് നൽകും. ഡിവൈ.എസ്.പിയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും കണ്ടെടുത്തിട്ടില്ല. ബന്ധുക്കൾ പരാതി നൽകാത്തതിനാൽ ഡിവൈ.എസ്.പിയുടെ തിരോധാനം അന്വേഷിക്കുന്നില്ലെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. റെയ്ഡിന് നേതൃത്വം നൽകിയ വിജിലൻസ് എസ്.പി കഴക്കൂട്ടം സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും അന്വേഷണമില്ല. മുൻകൂർ ജാമ്യം നേടാനായി ഡിവൈ.എസ്.പി മാറിനിൽക്കുകയാണെന്നാണ് സൂചന. അഴിമതിക്കേസുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറയുന്നത്.

Advertisment