കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
എഴുകോൺ വട്ടമൺകാവിലാണ് നമ്പർ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്.
പരിക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ സംഭവം എന്നാണു പൊലീസിന്റെ സംശയം. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.