കാലടിയിൽ കനകധാരായജ്ഞത്തിന് വ്യാഴാഴ്ച തിരിതെളിയും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കാലടി: അദ്വൈത സിദ്ധാന്തത്തിന്റെയും ഉപനിഷത്ദർശനങ്ങളുടെയും പ്രചുരപ്രചാരകനായിരുന്ന ആദിശങ്കരന്റെ ജന്മസ്ഥലിയിലെ പൂർണ്ണാനദിയോടുചേർന്നുള്ള കുലദേവതാക്ഷേത്രമായ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാരായജ്ഞത്തിന് വ്യാഴാഴ്ച പുലർച്ചെ തിരിതെളിയും. ബുധനാഴ്ച വൈകിട്ടു മുതൽ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നടക്കം നൂറു കണക്കിന് തീർത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisment

അഞ്ചു ദിവസത്തെ അക്ഷയതൃതീയ കനകധാരായജ്ഞം 20നു തുടങ്ങി 25നു സമാപിക്കും. വ്യാഴാഴ്ച പുലർച്ചെ മഹാഗണപതിഹോമത്തിനു ശേഷം യന്ത്രങ്ങളും നെല്ലിയ്ക്കകളും പുണ്യാഹശുദ്ധി വരുത്തുന്ന ചടങ്ങോടെയായിരുന്നു തുടക്കം. പുറ്റുമണ്ണ്, നാല്‍പ്പാമരക്കഷായം എന്നിവയുടെ ചേരുവയാണ് പുണ്യാഹജലം. തുടർന്ന് കനകധാരാ യജ്ഞത്തിന് തിരിതെളിയും.

publive-image

32 ബ്രാഹ്മണശ്രേഷ്ഠരാണ് യജ്ഞത്തിന്റെ ഭാഗമാകാൻ എത്തിയിട്ടുള്ളത്. കനകധാരാമണ്ഡപത്തിലിരുന്ന് പതിനായിരത്തിയെട്ട് ഉരു കനകധാരാസ്‌തോത്രം ഇവർ ജപിക്കും. കനകധാര - മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, പഞ്ചലോഹ നെല്ലിയ്ക്കകളും യജ്ഞ മണ്ഡപത്തില്‍ ലക്ഷ്മീനാരായണവിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് യജ്ഞം നടക്കുന്നത്.

publive-image

22ന് അക്ഷയതൃതീയ നാളിൽ രാവിലെ കനകലക്ഷ്മീവിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകൊണ്ട് അഭിഷേകം നടത്തും. തുടര്‍ന്ന് ഇവ ഭക്തജനങ്ങള്‍ക്ക് നല്കും. ദിവസവും വൈകിട്ട് 6ന് ലക്ഷ്മീനാരായണ വിഗ്രഹങ്ങള്‍ പൂര്‍ണ്ണാനദിയില്‍ അഭിഷേകം നടത്തും. ശ്രീശങ്കര ജയന്തിദിനമായ 23ന് വൈകുന്നേരം 6.30ന് മാതൃവന്ദനം നടക്കും.

ശ്രീ ശങ്കരാചാര്യരുടെ മാതൃപഞ്ചകം ചൊല്ലി ഫലമൂലാദികളും വസ്ത്രവും നല്കി ശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കി 32 അമ്മമാരെ ആദരിക്കുന്ന ചടങ്ങാണിത്. ക്ഷേത്രം തന്ത്രി കിടങ്ങാശ്ശേരി രാമന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരിപ്പാട് എന്നിവരാണ് ചടങ്ങുകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.

publive-image

മാതൃവന്ദനച്ചടങ്ങില്‍ 50 വയസ്സുകഴിഞ്ഞ അമ്മമാര്‍ക്ക് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. രജിസ്‌ട്രേഷനും കനകധാരായജ്ഞത്തിൽ പങ്കെടുക്കുന്നതിനും 9388862321 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Advertisment