തിരുവനന്തപുരം: മൂപ്പിളമ തര്‍ക്കത്തില്‍പ്പെട്ട് നീണ്ടുനീണ്ട് പോകുന്ന ജനതാദള്‍ (എസ്) - എല്‍.ജെ.ഡി ലയനത്തിന് മുന്നിലെ പുതിയ കടമ്പ കര്‍ണാടക തെരഞ്ഞെടുപ്പ്. കര്‍ണാടകയില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ (എസ്)-ന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും എല്‍.ജെ.ഡിയുമായുളള ലയനം.
മന്ത്രിസഭാ രൂപീകരണത്തിന് ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞാല്‍ ജനതാദള്‍ (എസ്) പിന്തുണക്കുമോ എന്ന ആശങ്കയില്‍ എല്‍.ജി.ഡി നേതൃത്വം ലയനത്തിന് അറച്ചുനില്‍ക്കുകയാണ്. ജനതാദള്‍(എസ്) ദേശിയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡയുടെ മകനും കര്‍ണാടകയിലെ ജെ.ഡി.എസിന്റെ നായകനുമായ എച്ച്.ഡി.കുമാരസ്വാമിക്ക് ബി.ജെ.പിയോട് മൃദൂസമീപനമാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കുമാരസ്വാമി ബി.ജെ.പിയെ പിന്തുണക്കാനുളള സാധ്യത തളളിക്കളയാനാവില്ല. ഈ സംശയത്തിലാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ലയനചര്‍ച്ചകള്‍ പുനരാരംഭിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് എല്‍.ജെ.ഡി എത്താന്‍ കാരണം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദേവഗൗഡയും കുമാരസ്വാമിയും എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേരളത്തിലെ ജനതാദള്‍ എസ് നേതൃത്വത്തിന്റെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്.
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി സന്നദ്ധനായാല്‍ കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജനതാദള്‍ എസ് പ്രതിസന്ധിയിലാകും. ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന പാര്‍ട്ടിയെ മുന്നണിയില്‍ നിര്‍ത്താന്‍ എല്‍.ഡി.എഫ് നേതൃത്വവും മടിക്കും. മന്ത്രിസഭയില്‍ നിന്ന് പുറത്താവുമെന്ന സ്ഥിതിവന്നാല്‍ ജനതാദള്‍ എസ് വീണ്ടും പിളരാനാണ് സാധ്യത.
ദേശിയ നേതൃത്വത്തില്‍ നിന്ന് പിളര്‍ന്നുമാറി പുതിയ പാര്‍ട്ടിയായി നില്‍ക്കുന്ന കാര്യമാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ ജെ.ഡി.എസ് പിന്തുണച്ച അനുഭവമാണ് ഇത്തരം മുന്നൊരുക്കങ്ങളിലേക്ക് കടക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍ നിന്നുളള വനിത രാജ്യത്തെ പ്രഥമ പൗരയാകുന്നതിനെ പിന്തുണക്കുന്നു എന്ന ന്യായീകരണം പറഞ്ഞുകൊണ്ടായിരുന്നു ബി.ജെ.പി സ്ഥാനര്‍ത്ഥിക്ക് അനുകൂലമായി വോട്ട് നല്‍കിയത്.
ദേശിയ നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് ഭിന്നമായ നിലപാട് സ്വീകരിച്ച കേരളത്തിലെ ജനതാദള്‍ എസ് നേതൃത്വം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയേയാണ് പിന്തുണച്ചത്.
കേരളത്തില്‍ ഇടതുപക്ഷത്ത് നില്‍ക്കുമ്പോള്‍ ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാവില്ലെന്ന് കേരളത്തിലെ എം.എല്‍.എമാരായ കെ.കൃഷ്ണന്‍കുട്ടിയും മാത്യു.ടി.തോമസും ദേശിയ അധ്യക്ഷന്‍ ദേവേഗൗഡയെ അറിയിച്ചിരുന്നു.
ദേശിയ നിലപാടിനൊപ്പം നില്‍ക്കണമെന്ന കര്‍ശന നിലപാട് ദേവെഗൗഡ സ്വീകരിക്കാതിരുന്നത് കൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് ഗൗരവമായ രാഷ്ട്രീയപ്രശ്‌നമായി മാറും.
ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമാക്കുകയും ചെയ്യും. അതാണ് സംസ്ഥാനത്തെ ജനതാദള്‍ നേതൃത്വത്തിന്റെ ആശങ്കയ്ക്ക് കാരണം.
ജനതാദള്‍ എസ് ദേശിയ നേതൃത്വം ബി.ജെ.പിക്കൊപ്പം പോയാലും ഇല്ലെങ്കിലും സംസ്ഥാനത്തെ ജനതാദള്‍- എല്‍.ജെ.ഡി ലയനം നടന്നേ തീരുവെന്നാണ് സി.പി.എം നിലപാട്. ജനതാദള്‍ ദേശിയ നേതൃത്വം ബി.ജെ.പിക്കൊപ്പം പോയാല്‍ കേരളത്തിലെ ജനതാദള്‍ എസും എല്‍.ജെ.ഡിയും ഒറ്റപ്പാര്‍ട്ടിയായി നില്‍ക്കട്ടെയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ഇടതുമുന്നണിയില്‍ ജനതാ പരിവാറിന്റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന രണ്ട് പാര്‍ട്ടികള്‍ വേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാട്. 2017ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എം ഈ തീരുമാനം എടുത്തത്. മുന്നണിയിലുളള കേരള കോണ്‍ഗ്രസുകളോടും ഒറ്റപാര്‍ട്ടിയായി മുന്നോട്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ജനതാ പാരമ്പര്യമുളള പാര്‍ട്ടികളുടെയും കേരളാ കോണ്‍ഗ്രസുകളുടെയും ലയനം പലകാരണങ്ങളില്‍ തട്ടി നീണ്ടുപോയി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നത് എല്‍.ഡി.എഫിലെ ഇതര കേരളാ കോണ്‍ഗ്രസുകള്‍ക്ക് രക്ഷയായി.
നേരത്തെ കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് (സ്‌കറിയാ) വിഭാഗം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളോട് ഒന്നിച്ച് ഒരു പാര്‍ട്ടിയായി മാറാനാണ് നിര്‍ദ്ദേശിച്ചത്. വലിയ പാര്‍ട്ടിയായ മാണി വിഭാഗത്തിന്റെ വരവോടെ ചെറിയ പാര്‍ട്ടികള്‍ അതിലേക്കാണ് ലയിക്കേണ്ടത്.
മാണി കോണ്‍ഗ്രസിലേക്ക് ലയിക്കാന്‍ ചെറിയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചാല്‍ ഭിന്നതക്ക് വഴിവെക്കുമോയെന്ന് മുന്നണി നേതൃത്വത്തിന് സംശയമുണ്ട്. അതുകൊണ്ടുതന്നെ ലയിച്ചേ തീരുവെന്ന കര്‍ശന നിര്‍ദ്ദേശം ഇതുവരെ നല്‍കിയിട്ടില്ല.