കളളം പറഞ്ഞും കാപട്യം കാണിച്ചും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്ന കാലമല്ലിത്; പൊതുജനം കഴുതയല്ലെന്ന്‌ മനസിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയണം ! സ്‌കൂട്ടറില്‍ കുട്ടികളുമായി യാത്രചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കാനുളള തീരുമാനത്തെ എതിര്‍ത്തത്‌ സാധാരണക്കാരന്റെ പ്രശ്‌നമെന്ന നിലയില്‍; മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന മന്ത്രിസ്ഥാനം വേണ്ട-നിലപാട് വ്യക്തമാക്കി ഗണേഷ് കുമാര്‍

New Update

publive-image

കൊല്ലം: മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍. സമൂഹത്തിലെ അനീതിക്കെതിരെ പ്രതികരിക്കുമ്പോള്‍ ഇയാളെ മന്ത്രിയാക്കും മിണ്ടാതിരുന്നാല്‍ എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയൊന്നും ഒരു സ്ഥാനമാനവും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും തനിക്ക് വേണ്ട. പണമിടപാടുകളും പറ്റില്ല. ഈ രണ്ട് കാര്യങ്ങളിലും തനിക്ക് ഉറച്ച നിലപാടുണ്ടെന്നും പാര്‍ട്ടിയില്‍ ഒരുതരത്തിലുളള അഴിമതിയും അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പത്താനപുരത്ത് കെ.ടി.യു.സി(ബി) മെയ്ദിന റാലിയില്‍ സംസാരിക്കുമ്പോഴാണ് ഗണേഷ്‌കുമാര്‍ നിലപാട് വ്യക്തമാക്കിയത്.

Advertisment

സ്‌കൂട്ടറില്‍ കുട്ടികളുമായി യാത്രചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കാനുളള തീരുമാനത്തെ എതിര്‍ത്തത്‌ സാധാരണക്കാരന്റെ പ്രശ്‌നവും ആശങ്കയും എന്നനിലയിലാണ്. സാധാരണക്കാരന്റെ പ്രശ്‌നം വെളിപ്പെടുത്തിയപ്പോള്‍ പലരും ചോദിച്ചു ഇതൊക്കെ കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന്. സത്യം പറയുമ്പോള്‍ എന്തിനാ ദേഷ്യം വരുന്നത് എന്നാണ് താന്‍ അവര്‍ക്ക് നല്‍കിയ മറുപടി.


ജനങ്ങളുടെ ശബ്ദമാണ് താന്‍ പ്രകടിപ്പിച്ചത്. തന്നെ നിയമസഭയില്‍ പറഞ്ഞുവിട്ടത് ജനങ്ങളാണ് അവരുടെ കാര്യങ്ങള്‍ അവിടെ പറഞ്ഞാലേ ലോകമറിയൂ. കളളം പറഞ്ഞും കാപട്യം കാണിച്ചും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്ന കാലമല്ലിത്. പൊതുജനം കഴുതയല്ലെന്ന്‌ മനസിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരിക്കണം കേരളാ കോണ്‍ഗ്രസിന്റെ മുഖമുദ്ര. അങ്ങനെ ചെയ്യാതെ വരുമ്പോഴാണ് തനിക്ക് സഹപ്രവര്‍ത്തകരോട് കയര്‍ക്കേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ കയര്‍ക്കുന്നതില്‍ നേതാക്കള്‍ക്ക് വിഷമം തോന്നേണ്ട കാര്യമില്ല. പറയുന്ന കാര്യങ്ങള്‍ ചെയ്യണം. താനൊരു വാക്കുപറഞ്ഞാല്‍ അതുപോലെ പ്രവര്‍ത്തിക്കുന്നയാളാണ്. ഇടക്കിടെ വാക്കുമാറ്റി പറയുന്നരീതിയും തനിക്കില്ല.

കേരളത്തില്‍ സ്‌കൂട്ടറില്‍ കുഞ്ഞുങ്ങളെയിരുത്തിക്കൊണ്ടു പോകുമ്പോള്‍ ഫൈന്‍ അടക്കുമെന്ന് പറഞ്ഞപ്പോള്‍ എതിര് പറഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ താന്‍ മാത്രമെയുളളു. ശ്രദ്ധിച്ച് നോക്കിയാല്‍ പാര്‍ട്ടിക്കാര്‍ക്ക് അത് മനസിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.  വിഷയം ഉന്നയിച്ചപ്പോള്‍ എല്ലാവരും ഭയപ്പെട്ടത് പോലെ മുഖ്യമന്ത്രിക്ക് ദേഷ്യം വന്നില്ലെന്നും അദ്ദേഹം തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഫൈനടിക്കുന്നതിന് എതിരെ പറഞ്ഞപ്പോള്‍ പലരും എന്നോട് ചോദിച്ചു ഇതൊക്കെ കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുത്തില്ലേയെന്ന്. ഞാന്‍ പറഞ്ഞു എന്തോന്ന് ദേഷ്യം വരാന്‍. സത്യം പറയുമ്പോള്‍ എന്തിനാണ് ദേഷ്യം വരുന്നത്. ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തില്‍ ഇടപെടും ആ പ്രശ്‌നം പരിഹരിക്കും, ആശങ്ക വേണ്ട എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിതന്നെ പറഞ്ഞു. ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രി കേട്ടതും. അദ്ദേഹം അതിന് വ്യക്തമായ മറുപടി പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം. ഞാന്‍ നിയമം പഠിച്ചു. പഠിച്ചതുകൊണ്ടാണ് പറഞ്ഞത്, വെറുതെ പറഞ്ഞതല്ല.ഞാന്‍ ജനങ്ങളടെ ഒരാശങ്ക, സാധാരണക്കാരന്റെ ഒരു പ്രശ്‌നം വെളിപ്പെടുത്തിയപ്പോള്‍ എന്നോട് പലരും ചോദിച്ചു, ഇതൊക്കെ കേട്ടാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുത്തില്ലേയെന്ന്. ദേഷ്യം വന്നില്ലെന്ന് മാത്രമല്ല, അത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണെന്ന്‌ മനസിലാക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്നലെ അതിന് പരിഹാരം നിര്‍ദ്ദേശിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ പാര്‍ട്ടി അങ്ങനെയായിരിക്കണം. നിയമസഭയില്‍ പോയി പേടിച്ച് കാലിന്റിടയില്‍ കൈയ്യും വെച്ച് സുഖമായിട്ട് പമ്മിയിരുന്നിട്ട് വരാനാണോ എന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ചത് ? ''ഗണേഷ് കുമാര്‍ ചോദിച്ചു.


ഡോക്ടറുടെ അശ്രദ്ധകൊണ്ട് ദുരിതം പേറിയിരുന്ന വാഴപ്പാറയിലെ യുവതി ഷീബയുടെ വയറില്‍ നിന്ന് പഴുപ്പ് ഒഴുകി കൊണ്ടിരുന്നത് പറഞ്ഞപ്പോഴും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒക്കെ ദേഷ്യം വരില്ലെയെന്ന് എല്ലാവരും ചോദിച്ചിരുന്നതായും ഗണേഷ് കുമാര്‍ പറഞ്ഞു.


''ഞാന്‍ പറഞ്ഞു ദേഷ്യം വന്നോട്ടെ, കുഴപ്പമില്ല വന്നോട്ടെ. നിങ്ങള്‍ ഇലക്ഷന്‍ കാലത്ത് എന്താണിവിടെ അനൗണ്‍സ് ചെയ്തത്, പത്താനാപുരത്തിന്റെ ശബ്ദം നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കാന്‍ ഗണേഷ് കുമാറിനെ നിയമസഭയിലേക്ക് അയക്കണമെന്നല്ലേ. ഗണേഷ് കുമാര്‍ പോയി സൈഡിലിരുന്ന് അലവന്‍സും വാങ്ങിച്ച് മിണ്ടാതിരിക്കുമെന്നല്ലല്ലോ പറഞ്ഞത്. ഗണേഷ് കുമാറിന് നിയമസഭയില്‍ പോകാനും അവിടെചെന്ന് മിണ്ടാതിരിക്കാനുമല്ല വോട്ട് ചെയ്തത്. ഇവിടുത്തെയാളുകളുടെ കാര്യം പറയാന്‍ തന്നെയാണ് പറഞ്ഞുവിട്ടത്. പറഞ്ഞുതന്നെയാകണം പോകേണ്ടത്.

ആരും പിണങ്ങേണ്ട കാര്യമില്ല. ആരും പിണങ്ങിയില്ല. ഇന്ന് ആ സഹോദരി സുഖം പ്രാപിച്ചു. ഡോക്ടര്‍മാര്‍ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി. അവര്‍ക്ക് ഇനി വൈറ്റമിന്റെ ഗുളിക കഴിച്ചാല്‍ മതി. ഒരുമാസത്തേക്ക് കട്ടി ജോലിയൊന്നും ചെയ്യാനാകില്ല, വെയിറ്റൊന്നും എടുത്ത് പൊക്കരുത്. അവര്‍ താമസിക്കുന്ന വീടിന് ഒരു കൂര പോലുമില്ല.അതിനും ഉളളകാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.എതാനും ദിവസങ്ങള്‍ക്കുളളില്‍ അതും പരിഹരിക്കും'' ഗണേഷ് കുമാര്‍ പറഞ്ഞു.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത് ഒരിക്കലും സര്‍ക്കാരിനെ നാറ്റിക്കലല്ല. അതിന്റെയര്‍ത്ഥം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

Advertisment