/sathyam/media/post_attachments/uIardjI2jGjgFjejBzDZ.jpg)
താനൂര്‍: ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. ഇതുവരെ 11 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായി അഭ്യൂഹമുണ്ട്. അപകടത്തിനിടയാക്കിയ ബോട്ട് കരയ്‌ക്കെത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വെട്ടിപ്പൊളിച്ച് പരിശോധിക്കും.
മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ, ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.
പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.