/sathyam/media/post_attachments/e3Re2DCZH7gVsqOyxi0f.jpg)
കോഴിക്കോട്: മാതൃ ദിനത്തിന് മുന്നോടിയായി "അമ്മയ്ക്കൊരുമ്മ " എന്ന പേരിൽ അമ്മമാരെ ആദരിച്ച് ഫസ്റ്റ് ക്ലാപ്പ്. സംവിധായകൻ ഷാജൂൺ കാര്യാൽ മുഖ്യ രക്ഷാധികാരിയായ സിനിമാ കൂട്ടായ്മയാണ് ഫസ്റ്റ് ക്ലാപ്പ്. കോഴിക്കോട് ചാലപ്പുറത്തുള്ള ഫസ്റ്റ് ക്ലാപ്പ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത സിനിമാ താരം കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
ഫസ്റ്റ് ക്ലാപ്പ് എന്ന സംഘടനയിലെ അംഗങ്ങളുടെ അമ്മമാരായ 19 പേരാണ് പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയത്. വേദിയിൽ വെച്ച് സ്വന്തം മക്കൾ അമ്മമാർക്ക് ചുംബനം നൽകുന്നതായിരുന്നു പരിപാടിയിലെ വ്യത്യസ്തവും, ശ്രേഷ്ഠവുമായ ചടങ്ങ്.
അമ്മമാർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകിയ തോടൊപ്പം രക്തസമ്മർദ്ദം , പ്രമേഹം , കാഴ്ച്ച മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിശോധിച്ച്, ഗ്ലൂക്കോ സ്പാര്‍ക്ക് ഗ്ലൂക്കോമീറ്റര്‍, കണ്ണട എന്നിവയും നൽകുകയുണ്ടായി.
നന്ദിനി രാജീവ് അമ്മമാർക്കായ് രചിച്ച കവിത പ്രിയാ ബിനോയ് ആലപിച്ചു. കോഴിക്കോട് അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിലൂടെ സുപരിചിതരായ ഗോപിക, ഭദ്ര , സജ്മൽ എന്നിവരുടെ ഗാനാലാപനവും, പ്രശസ്ത ചലചിത്ര താരവും നർത്തകിയുമായ രശ്മി സി. കൈലാസ്, ഗോപി കൃഷ്ണൻ എസ്. അശ്വതി ദേവ എസ്.ആനന്ദ്, കുമാരി അഥിതി പ്രേം സുന്ദർ എന്നിവരുടെ നൃത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. അമ്മമാർക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടമാക്കുവാനുള്ള അവസരവും, മറ്റ് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.