ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം നാളെ; നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടെന്ന് ഡോക്ടർമാർ

New Update

publive-image

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നാളെ ഉച്ചവരെ കടുത്തുരുത്തിയിലെ വീട്ടിൽ പൊതുദർശനം നടത്തും. ഇതിനിടെ, ഡോക്ടർമാരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുകയാണ്.

Advertisment

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നാടിനെ​ ഞെട്ടിച്ച കൊലപാതകം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.ഇതിനിടെ, ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം നടക്കുകയാണ്.

അത്യാഹിത വിഭാഗത്തെ ഒഴിവാക്കി വിവിധ ജില്ലകളിൽ ഡോക്ടർമാരുടെ സമരം തുടരുകയാണ്. ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എം.ബി.ബി.എസ് വിദ്യാർഥികൾ മാർച്ച് നടത്തി. ഐ.എം.എ , കെ.ജി.എം.ഒ.എ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

Advertisment