തലയ്ക്കും കഴുത്തിലുമായി ഏറ്റത് ഏഴ് കുത്തുകള്‍; പിന്മാറാതെ പ്രതിരോധിച്ച് അലക്‌സ്‌കുട്ടി

New Update

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് ദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വന്ദന ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി സന്ദീപ് കുത്തിവീഴ്ത്തി.

Advertisment

publive-image

പൂയുപ്പള്ള പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ വൈ. അലക്‌സ്‌കുട്ടിയും പ്രതി സന്ദീപിന്റെ ആക്രമണത്തിനിരയായി. തലയ്ക്കും കഴുത്തിലുമായി ഏഴ് തവണയായിരുന്നു അലക്‌സ്‌കുട്ടിക്ക് കുത്തേറ്റത്. അലക്‌സ്‌കുട്ടി ഇല്ലായിരുന്നെങ്കില്‍ നിരവധി പേര്‍ സന്ദീപിന്റെ ആക്രമണത്തിന് ഇരയാകുമായിരുന്നു.

ആക്രമണത്തെ സധൈര്യമായിരുന്നു 57കാരനായ അലക്‌സ്‌കുട്ടി നേരിട്ടത്. സന്ദീപ് കത്രികകൊണ്ട് തലങ്ങും വിലങ്ങും കുത്തിയപ്പോഴും അലക്‌സ്‌കുട്ടി കഴിയും വിധം പ്രതിരോധിച്ചു. അലക്‌സ്‌കുട്ടിയെ ആക്രമിക്കുന്നത് കണ്ടായിരുന്നു ഡോക്ടര്‍മാരും ജീവനക്കാരും സുരക്ഷിത ഇടങ്ങളിലേക്ക് മാറിയത്. സംഭവം കണ്ടുനിന്ന വന്ദന ഒടുവില്‍ കൊലയ്ക്ക് ഇരയാകുകയായിരുന്നു.

ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും ഇതിന് പിന്നാലെ പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisment