Advertisment

സർക്കാരുമായി ഏറ്റുമുട്ടൽ നിർത്തി അനുരജ്ഞനത്തിന്റെ പാതയിൽ ഗവർണർ. ടെക്നിക്കൽ യൂണിവേഴ്സിറ്റി വി.സിയുടെ കാലാവധി കഴിഞ്ഞതിന് പകരം എന്തുചെയ്യണമെന്ന് സർക്കാരിന് കത്ത്. സ്വമേധയാ തീരുമാനങ്ങളെടുക്കുന്നത് അവസാനിപ്പിച്ച് ഗവർണർ. അടുത്ത വർഷം വിരമിക്കാനിരിക്കുന്ന ഗവർണർ ശാന്തനായത് കേന്ദ്ര നിർദ്ദേശപ്രകാരമെന്ന് സൂചന

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാരുമായി ഏറ്റുമുട്ടൽ നിർത്തി അനുരജ്ഞനത്തിന്റെ പാതയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടുത്തവർഷം കാലാവധി കഴിയുന്ന ഗവർണർ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ശാന്തനായും സർക്കാരിന് വിധേയനായും പ്രവർത്തിക്കുന്നതെന്നാണ് സൂചന. സർവകലാശാലാ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് തുടരെത്തുടരെ തിരിച്ചടിയേറ്റതും ഗവർണറുടെ മനംമാറ്റത്തിന് ഇടയാക്കിയതായാണ് വിവരം.

നേരത്തേ സർക്കാരുമായി ആലോചിക്കാതെ സ്വമേധയാ തീരുമാനങ്ങളെടുത്തിരുന്ന ഗവർണർ ഇപ്പോൾ നയം മാറ്റിയിരിക്കുകയാണ്. ചെറിയ കാര്യങ്ങൾക്കു പോലും സർക്കാരിന്റെ അഭിപ്രായം തേടുന്നത് പതിവായിരുന്നു. കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി) വൈസ് ചാൻസലറുടെ താത്കാലിക ചുമതല നൽകുന്നതിന് സർക്കാർ നൽകിയ ശുപാർശ അതേപടി ഗവർണർ അംഗീകരിച്ചിരുന്നു. കുസാറ്റിലെ സ്റ്റാറ്റിറ്റിക്സ് വകുപ്പ് മേധാവിയും മുതിർന്ന പ്രൊഫസറുമായ ഡോ. പി.ജി ശങ്കരന്റെ പേരാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് ശുപാർശ ചെയ്തത്.

കുസാറ്റ് പി.വി.സിയുമായിരുന്നു അദ്ദേഹം. വി.സിയുടെ ചുമതല കൈമാറാൻ സീനിയർ പ്രൊഫസർമാരുടെ പാനൽ ഗവർണർ വാങ്ങിയിരുന്നതാണ്. എന്നാൽ അത് മാറ്റിവച്ച്, സർക്കാരിന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു. താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു കുസാറ്റ് വി.സിയുടെ ചുമതല നൽകാനുള്ള പ്രൊഫസറെ ശുപാർശ ചെയ്യാൻ സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടത്.

സാങ്കേതിക സർവകലാശാലയിൽ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച പ്രൊഫ. സിസാതോമസ് വിരമിച്ചപ്പോൾ

സർക്കാരിന്റെ ശുപാർശ പ്രകാരം ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകുകയായിരുന്നു. വൈസ് ചാൻസലറുടെ താത്കാലിക ചുമതല നൽകുന്നത് പരമാവധി ആറുമാസമേ ആകാവൂ എന്ന വാഴ്സിറ്റി നിയമം ഉള്ളതിനാൽ മേയ് 4ന് സജിഗോപിനാഥിന്റെ കാലാവധി തീർന്നു. ഇതോടെ തുടർനടപടികൾ എന്താവണമെന്ന് ചോദിച്ച് ഗവർണർ സർക്കാരിന് കത്തെഴുതിയതാണ് ഒടുവിലത്തെ സംഭവം.

ടെക്നിക്കൽ യൂണിവേഴ്സിറ്റി നിയമത്തിലെ 13(7) പ്രകാരമാണ് മറ്റൊരിടത്തുമില്ലാത്ത ആറുമാസ വ്യവസ്ഥ. അതിനകം സ്ഥിരം വി.സിയെ ചാൻസലർ നിയമിക്കണം. 2022 നവംബർ നാലിനാണ് പ്രൊഫ. സിസാതോമസിന് വി.സിയുടെ താത്കാലിക ചുമതല ഗവർണർ നൽകിയത്. അവർ വിരമിച്ചതോടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകി. ആറുമാസ കാലാവധി മേയ് നാലിന് അവസാനിച്ചു. ഇന്നുമുതൽ സജി ഗോപിനാഥ് താത്കാലിക ചുമതലയിൽ തുടരുന്നത് നിയമവിരുദ്ധമാണ്. നിയമപ്രശ്നം മറികടക്കാൻ ഓർഡിനൻസിറക്കാനാണ് നീക്കം.


അതിനിടെ, താത്കാലിക വി.സിയായി ഡോ.സജി ഗോപിനാഥ് തുടരുന്നത് നിയമവിരുദ്ധമാണെന്നും ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചു.


യുജിസി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസിയെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഇനിമുതൽ താത്കാലിക വി.സി ഒപ്പിടുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുതയുണ്ടാവില്ല.

നേരത്തേ മലയാളം, സാങ്കേതികം വാഴ്സിറ്റികളിൽ വി.സിയുടെ ചുമതല നൽകാൻ സർക്കാർ നൽകിയ പാനലുകൾ ഗവർണർ തള്ളിയിരുന്നു. മലയാളം സർവകലാശാലാ വി.സിയുടെ ചുമതല നൽകാൻ കേരള പി.വി.സിയായിരുന്ന ഡോ. പി.പി.അജയകുമാർ, സംസ്കൃത സർവകലാശാലയിലെ ഡോ. വത്സൻ, കേരള സർവകലാശാലയിലെ സംസ്കൃതം പ്രൊഫസർ ഡോ. ഷൈല എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്.

ഇത് നിരാകരിച്ച് എം.ജി വാഴ്സിറ്റി വി.സി ഡോ. സാബു തോമസിന് ഗവർണർ ചുമതല നൽകുകയായിരുന്നു. സാങ്കേതിക വി.സിയാക്കാൻ നൽകിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ.വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരുടെ പാനലും തള്ളിയിരുന്നു. പിന്നീട് സജി ഗോപിനാഥിനെ വി.സിയാക്കി.

Advertisment