Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷ വച്ച് ഹൈകമാൻഡ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിന്റെ സംഘത്തിലുണ്ടായിരുന്ന സുനിൽ കനുഗൊലുവിനെ കേരളത്തിലേയ്ക്ക് ഇറക്കി കെ.സി വേണുഗോപാൽ. 19 സീറ്റും നിലനിർത്താനുറച്ച് കോൺഗ്രസ്. വയനാട്ടിലെ ലീ‍ഡേഴ്സ് മീറ്റിലുണ്ടായ ഐക്യം, സംഘടനാ പുനസംഘടനയോടെ പൊട്ടിത്തെറിയിലെത്തുമോ ? ഒന്നും പ്രവചിക്കാനാവാതെ കോൺഗ്രസ് രാഷ്ട്രീയം

New Update

publive-image

Advertisment

തിരുവനന്തപുരം: 2024ൽ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറെ പ്രതീക്ഷ വച്ച് പുലർത്തുകയാണ് കോൺഗ്രസ് ഹൈകമാൻഡ്. നിലവിലെ 19 സീറ്റുകളും യു.ഡി.എഫ് നിലനിർത്തണമെന്നാണ് ഹൈകമാൻഡിന്റെ നിർദ്ദേശം.

ലോകസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളും വരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കി സോഷ്യൽ എൻജിനിയറിംഗ് ഉൾപ്പെടെ സജീവമാക്കാനാണ് ഹൈകമാൻ‍ഡ് നിർദ്ദേശം.

സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരത്തിലുമടക്കം പുതു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് തന്ത്രസംഘത്തിലെ വിദഗ്ദ്ധരുടെ സേവനം കെ.പി.സി.സിക്ക് ലഭ്യമാക്കും. കർണാടകയിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഈ ടീമാണ്.

പ്രശാന്ത് കിഷോറിന്റെ സംഘത്തിലുണ്ടായിരുന്ന സുനിൽ കനുഗൊലു ആണ് ഈ സംഘത്തെ നയിക്കുന്നത്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സൂചന നൽകി. പ്രചാരണ വിഷയങ്ങൾ പോലും തീരുമാനിക്കുന്നത് ഇവരായിരിക്കും.


ഇടത് സർക്കാരിനെ പരമാവധി ഇകഴ്‍ത്തി കാട്ടിയും സമീപകാല സംഭവങ്ങൾ ജനങ്ങളുടെ ഓർമയിലേക്കെത്തിച്ചും ജനവികാരം അനുകൂലമാക്കാനാണ് ഡൽഹിയിൽ നിന്ന് പ്രൊഫഷണൽ സംഘത്തെ ഇറക്കുന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് നോക്കി നിൽക്കെ ഡോക്ടറെ ആക്രമിച്ച് കുത്തിക്കൊന്ന സംഭവം ക്രമസമാധാന പാലനം തകർന്നതിന്റെ തെളിവായി അവതരിപ്പിക്കും. ക്യാമറാ അഴിമതിയടക്കം ഒരിക്കൽ കൂടി സജീവമാക്കാനാണ് ഹൈകമാൻഡ് നിർദ്ദേശം.


അതേസമയം, കേരളത്തിൽ നേതാക്കൾ തമ്മിലുള്ള അകൽച്ചയും പരസ്പരവിശ്വാസമില്ലായ്മയും മാറ്റിയെടുക്കാനും സംഘടനയെ ചലനാത്മകമാക്കാനും ലക്ഷ്യമിട്ട് വയനാട്ടിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഗുണം ചെയ്തെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു രണ്ട് ദിവസത്തെ നേതൃസംഗമം. സ്വയം വിമർശിക്കാനും നേതൃത്വത്തിനെതിരെയുള്ള വിമർശനം തുറന്നു പറയാനുമുള്ള വേദിയാണെന്നും വേണുഗോപാൽ പരിപാടിയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

അതനുസരിച്ചുള്ള ചർച്ചയാണ് പിന്നീട് നടന്നത്. കേരളത്തിലെ നേതാക്കൾക്കിടയിൽ അഭിപ്രായസമന്വയമുറപ്പിക്കാൻ ആഴ്ചയിലൊരിക്കൽ മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തണം. അതിന് മുൻകൈയെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തി. നേതാക്കളുടെ സൗകര്യമനുസരിച്ച് ഈ കൂടിക്കാഴ്ച എവിടെയായാലും നടത്താനാണ് നിർദ്ദേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ നേതൃമാറ്റത്തിലെ അസ്വാരസ്യങ്ങൾ പാർട്ടിയിലുണ്ടാക്കിയ മന്ദത മാറ്റിയെടുക്കാൻ കൂടിയാണ് രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റിന് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലും മറ്റ് പല നേതാക്കൾക്കിടയിലും വിടവ് നിലനിൽക്കുന്നത് പുനഃസംഘടനയെ അടക്കം ദോഷമായി ബാധിക്കുന്നുവെന്ന് പാർട്ടി വിലയിരുത്തി.

മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സഹകരിക്കാതെ നിൽക്കുന്നു. ഇതെല്ലാം മാറ്റിയെടുക്കാനുള്ള ഇടപെടലിലേക്ക് നീങ്ങാനാണ് ലീഡേഴ്സ് മീറ്റിൽ തീരുമാനിച്ചത്. അച്ചടക്കലംഘനം ആര് നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കണം. പാർട്ടി പുനഃസംഘടന സമയബന്ധിതമായി തീർക്കാത്തത് മോശം സന്ദേശമാണ് പുറത്ത് നൽകുക.

ഈ മാസം 30നകം അത് വിട്ടുവീഴ്ചയില്ലാതെ പൂർത്തിയാക്കണമെന്ന് വേണുഗോപാൽ കർശന നിർദ്ദേശം നൽകി. ഒരുമിച്ചായില്ലെങ്കിൽ ഘട്ടംഘട്ടമായി തീർക്കണം. ആദ്യം പൂർത്തിയാവുന്ന പട്ടിക ആദ്യം പ്രസിദ്ധീകരിക്കും. വയനാട്ടിലെ ലീ‍ഡേഴ്സ് മീറ്റിലുണ്ടായ ഐക്യം, സംഘടനാ പുനസംഘടനയോടെ പൊട്ടിത്തെറിയിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisment