കർണാടകത്തിൽ ജനതാദൾ(എസ്) തകർന്നടിഞ്ഞെങ്കിലും പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ ആശ്വാസത്തിൽ; കർണാടകയിൽ പാർട്ടി നിലംപറ്റിയെങ്കിലും ബി.ജെ.പിയെ പിന്തുണക്കുന്നത് പോലെയുളള അപകടങ്ങൾ ഉണ്ടാ‌യില്ലല്ലോ എന്ന ആശ്വാസത്തില്‍ നേതാക്കള്‍; കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി കന്നട മണ്ണിൽ അധികാരം ഉറപ്പിച്ചതോടെ ആപത്തുകൾ ഒഴിവായെന്ന് കേരള നേതാക്കൾ

New Update

തിരുവനന്തപുരം: കോൺഗ്രസിൻെറ തേരോട്ടത്തിൽ സ്വാധീന കേന്ദ്രങ്ങളിൽ പോലും ജനതാദൾ(എസ്) തകർന്നടിഞ്ഞെങ്കിലും പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ ആശ്വാസത്തിലാണ്. കർണാടകത്തിൽ തൂക്ക് സഭയാണ് വന്നിരുന്നതെങ്കിൽ പാർട്ടി ബി.ജെ.പിയെ സഹായിക്കാൻ പോയി അപകടത്തിലാകുമോയെന്ന ആശങ്ക ഒഴിവായതാണ് കേരളത്തിലെ ജനതാദൾ (എസ്) ഘടകത്തിന് ആശ്വാസമാകുന്നത്.

Advertisment

publive-image


പാർട്ടി ദേശിയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയും മകൻ എച്ച്.ഡി.കുമാരസ്വാമിയും ബി.ജെ.പിക്ക് പിന്തുണ നൽകിയിരുന്നെങ്കിൽ കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംസ്ഥാന ഘടകം പ്രതിസന്ധിയിലായേനെ. കർണാടകയിൽ പാർട്ടി നിലംപറ്റിയെങ്കിലും ബി.ജെ.പിയെ പിന്തുണക്കുന്നത് പോലെയുളള അപകടങ്ങൾ ഉണ്ടാ‌യില്ലല്ലോ എന്നോർത്ത് നേതാക്കൾ ആശ്വാസം കൊളളുകയാണ്.


തൂക്ക് സഭ വരികയും കർണാടകയിലെ പാർട്ടി ബി.ജെ.പിക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നെങ്കിൽ കേരള ഘടകത്തിന് പാർട്ടി‌ പിളർത്തി പുറത്തുവരേണ്ടി വരുമായിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി സഹായം ചെയ്താൽ കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജനതാദള്‍ എസ് പ്രതിസന്ധിയിലാകുമായിരുന്നു. ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന പാര്‍ട്ടിയെ മുന്നണിയില്‍ നിര്‍ത്താന്‍ എല്‍.ഡി.എഫ് നേതൃത്വവും മടിക്കും.

മന്ത്രിസഭയില്‍ നിന്ന് പുറത്താവുമെന്ന സ്ഥിതിവന്നാല്‍ ദേശിയ നേതൃത്വത്തില്‍ നിന്ന് പിളര്‍ന്നുമാറി പുതിയ പാര്‍ട്ടിയായി നില്‍ക്കുന്നകാര്യം സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ ജെ.ഡി.എസ് പിന്തുണച്ച അനുഭവമാണ് ഇത്തരം മുന്നൊരുക്കങ്ങളിലേക്ക് കടക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ആദിവാസി വിഭാഗത്തില്‍ നിന്നുളള വനിത രാജ്യത്തെ പ്രഥമ പൗരയാകുന്നതിനെ പിന്തുണക്കുന്നു എന്ന ന്യായീകരണം പറഞ്ഞുകൊണ്ടായിരുന്നു ബി.ജെ.പി സ്ഥാാനര്‍ത്ഥിക്ക് അനുകൂലമായി വോട്ട് നല്‍കിയത്.ദേശിയ നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് ഭിന്നമായ നിലപാട് സ്വീകരിച്ച കേരളത്തിലെ ജനതാദള്‍ എസ് നേതൃത്വം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയേയാണ് പിന്തുണച്ചത്.

കേരളത്തില്‍ ഇടതുപക്ഷത്ത് നില്‍ക്കുമ്പോള്‍ ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാൻ ആവില്ലെന്ന് കേരളത്തിലെ എം.എല്‍.എമാരായ കെ.കൃഷ്ണന്‍കുട്ടിയും മാത്യു.ടി.തോമസും ദേശിയ അധ്യക്ഷന്‍ ദേവേഗൗഡയെ അറിയിച്ചിരുന്നു. ദേശിയ നിലപാടിനൊപ്പം നില്‍ക്കണമെന്ന കര്‍ശന നിലപാട് ദേവെഗൗഡ സ്വീകരിക്കാതിരുന്നത് കൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായില്ല.

കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി കന്നട മണ്ണിൽ അധികാരം ഉറപ്പിച്ചതോടെ അത്തരം ആപത്തുകളും ഒഴിവായെന്ന് കേരള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ ജെ.ഡി.എസ് നിലപാട് എന്തായ‌ിരിക്കും എന്ന ആശങ്കയിൽ നീട്ടിവെച്ച ലോക് താന്ത്രിക് ജനതാദളുമായുളള ലയനത്തിനും ഇനി ജീവൻവെയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എച്ച്.ഡി.കുമാരസ്വാമിയും സംഘവും ബി.ജെ.പി പാളയത്തിലേക്ക് പോകുമെന്ന ആശങ്കയിലാണ് ജെ.ഡി.എസ് - എൽ.ജെ.ഡി‌ ലയനം നീണ്ടുപോയത്.

കർണാടകയിലെ ഫലം വന്നശേഷം ചർച്ച തുടരാമെന്ന ധാരണയിലാണ് ഇരുപാർട്ടികളും അവസാനം പിരിഞ്ഞത്. പ്രതീക്ഷിച്ച രാഷ്ട്രീയ അപകടം ഒഴിവായ സ്ഥിതിക്ക് ഇനി ലയനചർച്ചകൾക്ക് ജീവൻവെച്ചേക്കും.
ജനതാദള്‍ എസ് ദേശിയ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചാലും സംസ്ഥാനത്തെ ജനതാദള്‍- എല്‍.ജെ.ഡി ലയനം നടന്നേതീരുവെന്നാണ് സി.പി.എം നിലപാട്.


ഇടതുമുന്നണിയില്‍ ജനതാ പരിവാറിന്റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന രണ്ട് പാര്‍ട്ടികള്‍ വേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാട്.2017ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എം ഈ തീരുമാനം എടുത്തത്.മുന്നണിയിലുളള കേരള കോണ്‍ഗ്രസുകളോടും ഒറ്റപാര്‍ട്ടിയായി മുന്നോട്ടു പോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.


publive-image

എന്നാല്‍ ജനതാ പാരമ്പര്യമുളള പാര്‍ട്ടികളുടെയും കേരളാ കോണ്‍ഗ്രസുകളുടെയും ലയനം പലകാരണങ്ങളില്‍ തട്ടി നീണ്ടുപോയി.കർണാടക നിയമസഭാ‌ തെരഞ്ഞെടുപ്പ് കഴിഞ്ഞതോട‌െ ഇനി തടസവാദങ്ങൾ ഉന്നയിച്ച് ലയനം നീട്ടിക്കൊണ്ടുപോകാൻ ജനതാദളിനൊ എൽ.ജെ.ഡിക്കോ കഴിയില്ല. ലയനത്തിന് ജനതാദൾ എസ് ദേശിയ നേതൃത്വത്തിൻെറ അനുമതി നേടിയെടുക്കുന്നതിനായി എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എച്ച്.ഡി.ദേവെഗൗഡയെ കണ്ടിരുന്നു.

ഒരു എം.എൽ.എ‌യും ദുർബലമായ സംഘടനാ സംവിധാനവും മാത്രമുളള എൽ.ജെ.ഡിയുടെ അതിരുകടന്ന അവകാശങ്ങളാണ് ലയനത്തിന് മുൻപിലുളള തടസമെന്നാണ് ജനതാദൾ സംസ്ഥാന നേതൃത്വം പറയുന്നത്. സെക്രട്ടറി ജനറൽ പദവിയും പാർലമെൻെററി ബോർ‍ഡ് അദ്ധ്യക്ഷ സ്ഥാനവും ഏഴ് ജില്ലാ പ്രസിഡന്റ് സ്ഥാനവും വേണമെന്നാണ് എൽ.ജെ.ഡി നേതാവ് എം.വി.ശ്രേയാംസ് കുമാറിൻെറ ആവശ്യം.

ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജനതാദൾ എസ് സംസ്ഥാന നേതൃത്വത്തിൻെറ നിലപാട്. 2009ൽ പാർട്ടി പിളർത്തി പുറത്തു പോയി പലപാർട്ടികൾ രൂപീകരിച്ച് പരാജ‌യപ്പെട്ട് തിരികെ വരുന്ന എൽ.ജെ.ഡിയുമായുളള ലയനത്തോട് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസിന് വലിയ താൽപര്യമില്ല.മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഉത്സാഹത്തിലാണ് ലയന ചർച്ചകൾ നടന്നുവരുന്നത്.

Advertisment