/sathyam/media/post_attachments/3zQvNZnTrG2i1Pvx5IHh.jpg)
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ്, മനോരോഗിയായി അഭിനയിച്ച് കേസിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രം പയറ്റിയെങ്കിലും പോലീസും മെഡിക്കൽ സംഘവും ചേർന്ന് പൊളിച്ചടുക്കി. അടുത്തിടെ സന്ദീപിന്റെ വക്കാലത്തെടുത്ത ആളൂർ വക്കീലിന്റെ ഉപദേശപ്രകാരമാവാം സന്ദീപ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. മനോനില തെറ്റിയതു കാരണമാണ് വന്ദനയെ കൊലപ്പെടുത്തിയതെന്നും ബോധപൂർവം ചെയ്തതല്ലെന്നും കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്ന് വക്കീൽ ഉപദേശിച്ചിരിക്കാമെന്ന് ജയിൽ അധികൃതരും പറയുന്നു.
ഇതോടെ സന്ദീപിന് മാനസികനില പരിശോധന നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. മാനസികനില പരിശോധന അഞ്ചേമുക്കാൽ മണിക്കൂർ നീണ്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് സൈക്യാട്രിസ്റ്റുമാർ, ഒരു സൈക്കോളജിസ്റ്റ്, ഒരു ഫിസിഷ്യൻ, ഒരു ന്യൂറോ സർജൻ, ഒരു ഓർത്തോ സർജൻ എന്നിവരടങ്ങിയ ഏഴംഗ മെഡിക്കൽ ബോർഡാണ് മാനസികനില പരിശോധന നടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിച്ച പരിശോധന രാത്രി 7.45 വരെ നീണ്ടു. സെക്യാട്രിസ്റ്റുമാരും സൈക്കോളജിസ്റ്റുമാരും ഒരുമിച്ചും ബാക്കിയുള്ളവർ പ്രത്യേകവുമായാണ് പരിശോധന നടത്തിയത്. സൈക്യാട്രിസ്റ്റുമാരും സൈക്കോളജിസ്റ്റുമാരും സന്ദീപിനോട് വിവരങ്ങൾ ചോദിച്ചാണ് മാനസികാരോഗ്യം വിലയിരുത്തിയത്. സന്ദീപ് പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് ഇവർ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോട് ചില വിവരങ്ങൾ ആരാഞ്ഞിരുന്നു. മാനസിക പരിശോധനയുടെ റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ നൽകും. ഇതോടെ കേസിൽ നിന്ന് രക്ഷപെടാനുള്ള സന്ദീപിന്റെ തന്ത്രം പൊളിയുമെന്ന് പോലീസ് പറയുന്നു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം. മാനസിക വിഭ്രാന്തിയിലാണ് കൊല നടത്തിയതെന്ന്, വിചാരണ വേളയിൽ വാദിച്ച് ശിക്ഷയിൽ ഇളവ് ലഭിക്കാൻ പ്രതി നടത്തിയേക്കാവുന്ന നീക്കത്തിന് തടയിടാനാണ് അന്വേഷണ സംഘം മാനസിക പരിശോധനയ്ക്ക് വിധേനാക്കിയത്. മാനസിക നില പരിശോധന നീണ്ടതിനാൽ ഇന്നലെ ചോദ്യം ചെയ്യൽ നടന്നില്ല.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെട്ടെന്ന് ആക്രമാസക്തനായതിന്റെയും ഡോ. വന്ദനാദാസിനെയും മറ്റുള്ളവരെയും കുത്തിപ്പരിക്കേൽപ്പിച്ചതിന്റെയും കാരണം പ്രതി കൃത്യമായി പറഞ്ഞില്ല. ഇനിയുള്ള ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വിടുമ്പോൾ കോടതി അനുവദിച്ചത് പ്രകാരം വ്യാഴാഴ്ച സന്ദീപിന് അഭിഭാഷകനെ കാണാൻ സമയം ലഭിക്കും. സുരക്ഷ ശക്തമാക്കിയ ശേഷം സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുമിടയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us