ഗുരുവായൂർ: ലോകപരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ ദേവസ്വം 'ദേവാങ്കണം ചാരുഹരിതം' എന്ന പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ജൂൺ 5 തിങ്കളാഴ്ച വിപുലമായി ആചരിക്കും. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പരിപാടിയിൽപ്പെടുത്തി ക്ഷേത്രങ്ങളും പരിസരവും ശുചിയായി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയാണ് ദേവസ്വം.
/sathyam/media/post_attachments/mmXzAttnsgqDC9IPwowH.jpg)
ദേവസ്വം കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം, ദേവസ്വം സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം, ആനക്കോട്ടയിൽ വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീകൃഷ്ണ കോളേജിലും ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിലും ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻന്ററി സ്കൂളിലും വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ എന്നിവയുണ്ടാകും.
പരിസ്ഥിതിദിനാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് കിഴക്കേനട മഞ്ജുളാലിന് സമീപം ചേരുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സന്നിഹിതരാകും.