കൽപറ്റ: പുൽപ്പള്ളി സഹകരണ ബാങ്കില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിന്റെ പുൽപ്പള്ളിയിലെ വസതിയിലുൾപ്പെടെ മറ്റു നാലിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കേസ് റജിസ്റ്റർ ചെയ്തിരുന്നു. ആ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന.
വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ.കെ.ഏബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.