Advertisment

എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു; ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നു; സോളര്‍ കമ്മീഷന്‍ നടത്തിയത് കോമാളിത്തരങ്ങള്‍; കാലം കണക്ക് ചോദിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്: പ്രതിപക്ഷ നേതാവ്

മലപ്പുറം: അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്.

Advertisment

എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്‍കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.

publive-image

രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഈ പെണ്‍കുട്ടി.

കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഘത്തിനൊപ്പം എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഈ പെണ്‍കുട്ടി. പി.എച്ച്.ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറാണ്. അന്ന് വി.സിയെ സ്വാധീനിച്ച സി.പി.എം നേതാക്കള്‍, ഇപ്പോള്‍ വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടു നിന്ന എസ്.എഫ്.ഐ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വാഴക്കുല തീസിസ് കൊടുത്തയാളിന് എതിരെയും നടപടിയില്ല. എസ്.എഫ്.ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണ്. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്ന എസ്.എഫ്.ഐക്ക് സി.പി.എമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണ്.

സോളര്‍ കമ്മീഷന്‍ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സി.ഡി എടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോയത് ഉള്‍പ്പെടെ എന്തെല്ലാം കോമാളിത്തരങ്ങളും നാടകങ്ങളുമാണ് നടത്തിയത്. മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഹേമചന്ദ്രന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണ്. ശിവരാജന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്തിട്ട് എന്തായി? അതുകൊണ്ടാണ് കാലം നിങ്ങളുടെ മുന്നില്‍ വന്ന് കണക്ക് ചോദിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

കെ ഫോണില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളില്‍ ഇന്ത്യന്‍ കമ്പനിയുടെ സീല്‍ പതിപ്പിച്ചാണ് നല്‍കിയിരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷമാണ് ആദ്യമായി ഉന്നയിച്ചതെന്നും എന്നാല്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കുടില്‍ വ്യവസായത്തിന് പോലും ഓണ്‍ലൈനായി സാധനങ്ങള്‍ വരുത്തുന്ന കാലത്ത് അപരിഷ്‌കൃത ചിന്തയുമായി നടക്കുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും പറഞ്ഞു.

കുടില്‍ വ്യവസായത്തിന് ഓണ്‍ലൈനായി സാധനം വാങ്ങുന്നതു പോലെയാണോ കെ ഫോണിന് ചൈനയില്‍ നിന്നും കേബിള്‍ വരുത്തുന്നത്? ഇന്ത്യ നിര്‍മ്മിത കേബിള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ടെന്‍ഡറില്‍ എഴുതി വച്ചിട്ടാണ് ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കേബിള്‍ ഇറക്കുമതി ചെയ്തത്. ചൈനീസ് കേബിള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കെ ഫോണ്‍ എം.ഡിയെക്കൊണ്ട് പറയിപ്പിച്ചു. ഇപ്പോള്‍ ചൈനയില്‍ നിന്നും കേബിള്‍ വരുത്തി എന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തെളിവില്ലാതെ പ്രതിപക്ഷം ഒരു ആരോപണങ്ങളും ഉന്നയിക്കാറില്ല. ചൈനയില്‍ നിന്നാണ് കേബിളുകള്‍ വാങ്ങിയത് എന്നതിന്റെ ആധികാരിക രേഖകള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. ഇപ്പോള്‍ പരിശോധിക്കാമെന്നാണ് പറയുന്നത്. എ.ഐ ക്യാമറയ്ക്കെതിരായ ഹര്‍ജി അടുത്ത ദിവസം തന്നെ ഫയല്‍ ചെയ്യും.

ഇടതുപക്ഷ സഹയാത്രികനും ചിന്തകനും പ്രഭാഷകനുമായ റസാഖിന്റെ വേര്‍പാട് എല്ലാവരെയും വേദനിപ്പിക്കുന്നതും നിരാശയിലാഴ്ത്തുന്നതാണെന്നും സതീശന്‍ പറഞ്ഞു. മരണം തന്നെ ഒരു സമരമാണെന്ന് എഴുതിവച്ചശേഷമാണ് റസാഖ് മരിച്ചത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരായ പോരാട്ടത്തില്‍ സി.പി.എം സ്വീകരിച്ച നിഷേധാത്മക നിലപാടും പാര്‍ട്ടി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. മരണത്തെ സമരത്തിന്റെ അവസാനത്തെ ആയുധമാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്.

സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഇരയാണ് റസാഖെന്നും സതീശന്‍ വ്യക്തമാക്കി. തീവ്രവലതുപക്ഷ വ്യതിയാനമാണ് ഇടതുപക്ഷ സഹയാത്രികനായ റസാഖിനെ വേദനിപ്പിച്ചത്. ഇതൊരു ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലുള്ള സംഘപരിവാര്‍ ശക്തികളോട് വലതുപക്ഷ സമീപനം സ്വീകരിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സി.പി.എമ്മിന്റെ ഈ തീവ്രവലതുപക്ഷ വ്യതിയാനം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന റസാഖിനെ വേദനിപ്പിച്ചു. തന്റെ മരണത്തിന് കാരണക്കാരായ ആളുകളെക്കുറിച്ച് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്.

എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപ്പട്ടികയില്‍ ഉള്ളതുകൊണ്ടാണ് അന്വേഷണം ഇഴയുന്നത്. അന്വേഷണം സുതാര്യമാക്കണം. മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. ജനനിബിഡമായ ഈ പ്രദേശത്ത് മാലിന്യപ്ലാന്റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. പ്ലാന്റ് തുറക്കാനുള്ള നീക്കത്തെ ശക്തിയായി എതിര്‍ക്കും. പ്ലാന്റ് അടച്ചുപൂട്ടണം. റസാഖിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തയാറാകണം. ഇത്തൊരമൊരു ദുരന്തം കേരളത്തില്‍ ഒരാള്‍ക്കും ഇനിയുണ്ടാകരുത്.- പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment