കാസർകോട്: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ (വിദ്യ വിജയൻ) വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്.
തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു ആരോപണം.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറി.