282 ബ്ലോക്ക് പ്രസിഡന്റുമാരിൽ 250 ലധികവും ഗ്രൂപ്പ് നോമിനികൾ; ഉപസമിതി ഒറ്റപ്പേര്‌ നൽകിയ 180 ൽ ഒഴിവാക്കിയത് 8 പേരെ മാത്രം; എന്നിട്ടും പിണറായിക്കെതിരെ യോജിക്കാത്ത ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസിനെതിരെ ഒന്നിക്കുമ്പോൾ ചതി ഒളിഞ്ഞിരിക്കുന്നതെവിടെ ? ജനപിന്തുണയുള്ള നേതാക്കൾ ഗ്രൂപ്പ് വിട്ടിട്ടും പഴയ പ്രതാപം പറഞ്ഞിറങ്ങിയിരിക്കുന്ന ഗ്രൂപ്പ് നേതാക്കളുടെ ലക്ഷ്യം സംശയകരമോ ? ഒന്നിച്ചു നിന്നു പൊരുതി നേടിയ കർണാടക കണ്ടിട്ടും നന്നാകില്ലെന്ന വാശിയിലോ കേരളത്തിലെ കോൺഗ്രസ് !

New Update

തിരുവനന്തപുരം : കോൺഗ്രസും യുഡിഎഫും മുന്നേറ്റം നടത്തരുതെന്ന് നിർബന്ധം ഉള്ളതുപോലെ സംസ്ഥാനത്തെ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കന്മാർ നടത്തുന്ന പ്രതികരണങ്ങൾക്കെതിരെ പാർട്ടിയിൽ അതൃപ്തി പുകയുന്നു. 12 വർഷത്തിന് ശേഷം സംസ്ഥാനത്ത് 282 ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ  പുന:സംഘടിപ്പിച്ചപ്പോൾ ഗ്രൂപ്പുകൾക്കും ഗ്രൂപ്പുകളുടെ നേതാക്കൾക്കും പോലും പദവികൾ വീതം വച്ച് നൽകിയ ശേഷവും ഉയരുന്ന തർക്കങ്ങൾ പാർട്ടിയെ ഒന്നാകെ ലക്ഷ്യം വച്ചാണോ എന്ന സംശയം ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു  കഴിഞ്ഞു.


Advertisment

പാർട്ടി പ്രഖ്യാപിച്ച  282 ബ്ലോക്ക് പ്രസിഡന്റുമാരിൽ 250 തിലധികം പേരും ഗ്രൂപ്പുകളുടെയോ അവരുടെ നേതാക്കളുടെയോ നോമിനികളാണ്. കെപിസിസി പ്രസിഡന്റിന്റെ നോമിനികൾ ആകെ 15 പേരാണ്. പ്രതിപക്ഷ നേതാവ് സ്വന്തം നിലയ്ക്ക് ആരുടേയും പേര് പറഞ്ഞില്ല. രണ്ടു പേരും ഇങ്ങനെ പദവികൾ വീതിച്ചെടുക്കാത്ത സംഭവം കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമാണ്.


publive-image

സർവ്വം ഗ്രൂപ്പ് മയം !

ജില്ലാതല പുനഃസംഘടനാ സമിതികളിൽ ഇടം പിടിച്ച നേതാക്കൾ വരെ പദവികൾ വീതം വച്ചെടുത്തു. അതിനുശേഷം സംസ്ഥാന തല പുനഃസംഘടനാ സമിതി ലിസ്റ്റ് പരിഗണിച്ചു. അവരും ശുപാർശ നൽകി. ആദ്യം പുറത്തുവന്ന 196 പേരുടെ ലിസ്റ്റിൽ 127 ആയിരുന്നു  ഒറ്റപ്പേരുകൾ. ബാക്കി 69  എണ്ണം ഇരട്ട പേരുകൾ.


രണ്ടു ഘട്ടങ്ങളിലായി പുറത്തുവിട്ട 282 ൽ ആകെ 180 ആയിരുന്നു ഗ്രൂപ്പുകൾ ഐക്യത്തോടെ നൽകിയ ഒറ്റപ്പേരുകൾ. അതിൽ നിന്നും 8 പേരുകൾ മാത്രമാണ് നേതൃത്വം വെട്ടിയത്.


ഇതിൽ 4 പേരുടെ പേരിൽ വിജിലൻസ് കേസുകൾ ഉണ്ടായിരുന്നു. 4 പേർക്കെതിരെ ആക്ഷേപകരമായ ആരോപണങ്ങളും ഉണ്ടായിരുന്നു . ബാക്കി 172 ഉം പാസാക്കി.

ഇരട്ട പേരുകളും 3 പേരുകളും നൽകിയ ലിസ്റ്റിൽ നിന്നും തർക്കം നിലനിന്നിടത്ത് നേതൃത്വം ചർച്ച നടത്തി അവിടെയും ഗ്രൂപ്പുകാരുടെ ലിസ്റ്റിൽ നിന്നുംതന്നെ നിയമനം നടത്തി. എന്നിട്ടും പട്ടികയുടെ പേരിൽ ഉയരുന്ന വിവാദം എന്തിന്റെ അടിസ്ഥാനത്തിൽ ? ആർക്കുവേണ്ടി ? ആണെന്ന ചോദ്യമാണ് ഉയരുന്നത്.

പഴയ 'എ'യും 'ഐ'യും എവിടെ ?

എ ഐ യും പല പേരുകൾ നൽകിയ ലിസ്റ്റിൽ തർക്കം ഉണ്ടായിരുന്നിടത്ത് അവർ തന്നെ തങ്ങളുടെ നോമിനികളായി നൽകിയ 3 പേരുകളിൽ നിന്നുതന്നെയാണ് നേതൃത്വം തെരെഞ്ഞെടുത്തത്. അതെങ്ങനെ ഗ്രൂപ്പ് അവഗണന ആകും എന്ന സംശയം ന്യായമാണ്. മറ്റൊന്ന് എ യും ഐ യും അവരുടെ പഴയ പ്രതാപം പറഞ്ഞു വിഹിതം പ്രതീക്ഷിച്ചു, അത് ലഭിച്ചില്ല എന്നതാണ്.


ഉദാഹരണത്തിന് ഐ യ്ക്ക് 12 പ്രസിഡന്റുമാർ ഉണ്ടായിരുന്ന ജില്ലയിൽ പുതിയ ലിസ്റ്റിലും ഐ ഗ്രൂപ്പ് അതേ എണ്ണം ആവശ്യപ്പെട്ടത് ലഭിച്ചിട്ടില്ല. കാരണം  ഐ ഗ്രൂപ്പിൽ അന്നുണ്ടായിരുന്ന കെ സുധാകരൻ, വിഡി സതീശൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഗ്രൂപ്പിലില്ല.


അവർ ഗ്രൂപ്പിൽ ഇല്ലെങ്കിലും അവരുടെ നോമിനികൾക്ക് വീതം കൊടുക്കേണ്ടിവന്നു. എന്നിട്ട് ഐ ഗ്രൂപ്പ് മൊത്തമായി പഴയ എണ്ണം ചോദിച്ചാൽ ലഭിക്കില്ല ?

ഇതേ പ്രശ്നം എ ഗ്രൂപ്പിലും ഉണ്ട്. അവിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി സിദ്ധിഖ്, പാലോട് രവി, തമ്പാനൂർ രവി ( സജീവമല്ല ), വർക്കല കഹാർ, എം എ വാഹിദ് എന്നിവരെല്ലാം ഇപ്പോൾ ഗ്രൂപ്പിന് പുറത്താണ്.

എ കെ ആന്റണിയും ഉമ്മൻചാണ്ടിയും സജീവമല്ല. അവരെല്ലാം കൂടി ഉണ്ടായിരുന്ന കാലത്തെ വിഹിതം ഇപ്പോൾ മിച്ചമുള്ളവരെ പെറുക്കിയെടുത്ത് ഗ്രൂപ്പ് എന്ന പേരിൽ നിൽക്കുന്നവർക്ക് അനുവദിക്കാൻ പാർട്ടിക്ക് കഴിയില്ല.

ചാരിത്ര്യത്തിലും സംശയം

എന്നാൽ തങ്ങൾ ഗ്രൂപ്പ് പ്രതിനിധികളായി പേര് നാമനിർദേശം ചെയ്ത ചിലർ തർക്കം നടന്നപ്പോൾ വിഡി സതീശനുമായും കെ സുധാകരനുമായും സെറ്റിൽമെന്റ് നടത്തി ലിസ്റ്റിൽ കയറിക്കൂടി എന്ന സംശയത്തിലാണ് ഇപ്പോൾ ഗ്രൂപ്പ് നേതാക്കൾ വെല്ലുവിളിയുമായി ഇറങ്ങിയിരിക്കുന്നത്.

അവർ മുഖ്യമന്ത്രി പിണറായി വിജയനുമായും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനുമായിട്ടല്ല ധാരണയിലായത് ; മറിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായാണ് ധാരണയിലായത് എന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് ചിന്തിക്കാൻ കഴിയാതെ പോകുന്നിടത്താണ് കോൺഗ്രസിന്റെ പരാജയം.


പുനഃസംഘടനയുടെ പേരിൽ പാർട്ടിയിൽ നടക്കുന്ന ഗ്രൂപ്പ് തർക്കത്തിലെ  പ്രധാന കാരണം സ്വന്തം ഗ്രൂപ്പ് നോമിനികളുടെ കാര്യത്തിലുള്ള ഈ 'ചാരിത്ര സംശയം' തന്നെയാണ്. അവർ തങ്ങളെ വിട്ട് സുധാകരനൊപ്പമോ സതീശനൊപ്പമോ കൂടിയോ എന്ന സംശയരോഗം. ഗ്രൂപ്പുകളുടെ നോമിനികൾ സംശയത്തിന് അതീതരായിരിക്കണമാത്രെ !


publive-image

പാർട്ടിക്കെതിരെ, ഒറ്റക്കെട്ട് !

കോട്ടയത്തെ പ്രമുഖനായ യൂത്ത് കോൺഗ്രസ് നേതാവ് ഡോ. അജീസ് ബെൻ  ഫേസ്‌ബുക്കിൽ കുറിച്ചതു തന്നെയാണ് പാർട്ടിയിലെ യാഥാർഥ്യം - ' ഞങ്ങൾ ഒന്നിച്ചു നിൽക്കും , പിണറായിക്കെതിരെയല്ല, സ്വന്തം പാർട്ടിക്കെതിരെ തന്നെ. '

ഇനി ആരൊക്കെയാണ് ഈ കലാപാഹ്വാനവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കുക.  26 -)൦ വയസു മുതൽ ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻകഴിയുന്ന കാലത്തോളം ജനപ്രതിനിധിയും മന്ത്രിയും ആയിരുന്ന ഗ്രൂപ്പ് മാനേജരായ ഒരു നേതാവ്.


ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നീ പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലാത്ത മറ്റൊരു ജനപ്രതിനിധി. പാർട്ടിയുടെ ഏറ്റവും ഉറച്ച സീറ്റുകൾ മാത്രം വാശിപിടിച്ചു വാങ്ങി പതിവായി ഓടിനടന്ന് തോൽക്കുന്ന, അവസാനത്തെ തോൽവിക്ക് ശേഷം ഇനി പാർട്ടി പരിപാടിക്കില്ലെന്ന് പറഞ്ഞു കുറച്ചുനാൾ അപ്രത്യക്ഷനായിരുന്ന നേതാവ്.


കേരളത്തിലെ 141  നിയമസഭാ സീറ്റുകളിലോ 20 ലോക്സഭാ സീറ്റുകളിലോ എവിടെ മത്സരിപ്പിച്ചാലും തോൽക്കുമെന്നുറപ്പുള്ള ഏക നേതാവായ വാഗ്മി. അടുത്തത് ഗ്രൂപ്പിന്റെ സിഇഓ എന്നുപറഞ്ഞു നടന്ന് ഗ്രൂപ്പ് നേതാവിനെതന്നെ ഒറ്റുകൊടുത്ത് അദ്ദേഹത്തെ കേസിൽ കുടുക്കി ഒടുവിൽ നേതാവ് അവിശ്വസ്തനായി കണ്ട് മാറ്റി നിർത്തിയ - പ്രത്യേക അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ജയിക്കാറുള്ള ഗ്രൂപ്പ് വില്പനക്കാരനായ നേതാവ്.

ആർക്ക്, ആരോട് കൂറ് ?

ഇവരൊക്കെയാണ് ഇപ്പോൾ തഴേത്തട്ടിലുള്ള  പ്രവർത്തകർക്ക് ഒരു പതിറ്റാണ്ടിനുശേഷം ബ്ലോക്ക് അധ്യ ക്ഷനാകാൻ അവസരം ലഭിച്ചപ്പോൾ കലാപവുമായി ഇറങ്ങിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് ഉമ്മൻ ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ പിന്തുണ ഇല്ലെന്നതാണ് വാസ്തവം.

മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടുപോയ ചില രണ്ടാംനിര നേതാക്കൾ  മുഖ്യനേതാക്കളുടെ പേരുപയോഗിച്ചു നിലനിൽപ്പിനായി നടത്തുന്ന അഭ്യാസങ്ങളാണ് ഇപ്പോൾ ഗ്രൂപ്പിന്റെ പേരിൽ നടക്കുന്ന അലയടികൾ. ഈ നേതാക്കളെ ഒറ്റപ്പെടുത്തി മാറ്റി നിർത്തിയാൽ കോൺഗ്രസ് പകുതി രക്ഷപെടും എന്ന വിമർശനമാണ് ഉയരുന്നത്.

പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്ക് നൽകുന്ന പരിശീലന പരിപാടിയിൽ നിന്നും ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരണം നടത്തുമ്പോൾ ഗ്രൂപ്പ് നോമിനികളായ പുതിയ പ്രസിഡന്റുമാരോട് ഇവർ ബഹിഷ്കരണ ആഹ്വാനം നടത്തിയിട്ടില്ല. അതിനവരെ കിട്ടില്ല. കാരണം താഴെത്തട്ടിൽ പ്രവർത്തകർ ബഹുഭൂരിപക്ഷവും ഗ്രൂപ്പ് വിഴുപ്പലക്കലിന് എതിരാണ്. പിണറായിക്കെതിരെ യോജിച്ചു നിൽക്കാത്തവർ കോൺഗ്രസിനെതിരെ ഒന്നിക്കുമ്പോൾ പ്രവർത്തകർ വേറെ എന്ത് നിലപാടെടുക്കും ?

Advertisment