തിരുവനന്തപുരം: ദീർഘകാലം തന്റെ വീട്ടിൽ സഹായിയായിരുന്ന അംബി എന്ന അംബികാദേവിയെ കാണാൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അവരുടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി തന്റെ വീട്ടിൽ തോക്കുധാരികളായ പോലീസുകാർ എത്തിയപ്പോൾ അംബികാ ദേവി അമ്പരന്നു . ദീർഘകാലം ആനന്ദ ബോസിന്റെ വീട്ടിൽ മുഖ്യ സഹായിയായിരുന്നു അംബി എന്ന അംബിക ദേവി . ആനന്ദ ബോസ് തിരുവനന്തപുരത്തു വരുമ്പോൾ അവിടെ ചെന്ന് അദ്ദേഹത്തെ കാണണം എന്ന് അംബി ഉറപ്പിച്ചു . എന്നാൽ ഗവർണർ തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ അംബിക്ക് കരച്ചിൽ അടക്കാനായില്ല ഭാര്യാസമേതനായി അംബിയുടെ വീട്ടിലെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു .
അംബിയെ കുറിച്ച് പറയുമ്പോൾ ഗവർണർ ആനന്ദബോസിന് നൂറു നാവാണ്. അദ്ദേഹത്തിന്റെ പറയാതിനി വയ്യ എന്ന ആത്മകഥയിൽ അംബിയെ കുറിച്ച് വളരെ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ ആയിരുന്ന കാലം മുതൽ അംബികാദേവി ആനന്ദബോസിന്റെ വീട്ടിൽ സഹായിയായുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ അന്ന് കളക്ടറായിരുന്ന ആനന്ദ ബോസ് അതിഥികളെ കൊണ്ട് വീട്ടിൽ വരുമായിരുന്നു. യാതൊരു പരിഭവവും ഇല്ലാതെ അവർക്കെല്ലാം ഭക്ഷണം വച്ചുവിളമ്പാൻ അംബിക്കു കഴിഞ്ഞു.
ഏതെങ്കിലും സാധനങ്ങൾ പുറമേ നിന്ന് വാങ്ങണം എന്നുണ്ടെങ്കിൽ അത് കളക്ടറുടെ ക്യാമ്പ് ഓഫിസിലേക്ക് സ്റ്റാഫിനെ പറഞ്ഞയച്ച് കരുതി വെയ്ക്കാൻ അംബി മുൻകൈയെടുത്തു. ആനന്ദബോസിന്റെ മകൾ നന്ദിതാ ബോസ് ജർമനിയിൽ കാൻസർ ബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ അവളെ പരിചരിക്കാൻ ആനന്ദ ബോസ് അയച്ചത് അംബിയെയാണ്. അംബി ഇപ്പോൾ തൊഴിൽ വകുപ്പ് മന്ത്രിയുടെ വീട്ടിലെ മേൽനോട്ടക്കാരിയാണ്. നാരായണീയം ഹൃദിസ്ഥമാക്കി ഒരു ഗ്രൂപ്പുണ്ടാക്കി ക്ഷേത്രങ്ങളിൽ നാരായണീയ പാരായണം പതിവായി നടത്താറുമുണ്ട്.
അംബിയുടെ വീട്ടിൽ നിന്നും ആനന്ദബോസ് പോയത് ബംഗാളി തൊഴിലാളികൾക്കിടയിലേക്കാണ്. ഒരു മണിക്കൂറിലധികം അവരുമായി പങ്കിട്ടു . ഒരുമിച്ച് ചായ കുടിച്ചു. അവരുടെ പ്രശ്നങ്ങൾ കേട്. അവരുടെ ജൻ ധൻ അക്കൗണ്ടിലേക്ക് ആയിരം രൂപ വീതം നിക്ഷേപിച്ചു. ഇവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൊൽക്കത്ത രാജ്ഭവനിൽ ഒരു പോർട്ടൽ ആരംഭിച്ച വിവരം ഗവർണർ അറിയിച്ചു. പോർട്ടലിലേക്ക് ആര് ഇ-മെയിൽ അയച്ചാലും സത്ത്വര നടപടികൾ സ്വീകരിക്കാനുള്ള സെല്ലും രാജ്ഭവനിൽ രൂപീകരിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഒരുപോലെ പ്രിയപ്പെട്ടവനായ ആനന്ദബോസ് ജനകീയ ഗവർണർ എന്ന് പേരെടുക്കാനുള്ള ശ്രമത്തിലാണ്.