മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്ത ഐ.ജി ലക്ഷ്മണിനെ കേസില്ലാതെ രക്ഷിച്ചു. ഉടൻ അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ആദരിക്കും. തട്ടിപ്പുകാരന്റെ വാഗ്ദ്ധോരണയിൽ വീണുപോയ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ കേസിൽ കുരുക്കി. പ്രതികാര കേസുകൾ ദഹിക്കാതെ കേരളം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയുടെ വ്യാജരേഖാ കേസ് റിപ്പോർട്ട് ചെയ്യാൻ എറണാകുളം മഹാരാജാസ് കോളേജിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ചീഫ് റിപ്പോർട്ടർ അഖിലയ്ക്കെതിരേ ഗൂഢാലോചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ വാഗ്ദ്ധോരണിയിൽ വീണ്, അയാളുടെ മ്യൂസിയം എന്ന തട്ടിപ്പുകേന്ദ്രത്തിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരേയും കേസെടുത്തിരിക്കുകയാണ്. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ഈ രണ്ട് പ്രതികാരക്കേസുകൾ ദഹിക്കാെതെ അന്തംവിട്ട് നിൽക്കുകയാണ് കേരളം.

publive-image
ഉന്നതരുമായി അടുപ്പമുണ്ടായിരുന്ന മോൻസൺ മാവുങ്കലിനെ പോലീസ് എങ്ങനെയാണ് രക്ഷിച്ചെടുത്തതെന്ന് കേരളം കണ്ടതാണ്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹറ, ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ തുടങ്ങിയ ഉന്നതർക്ക് മോൻസണുമായി ബന്ധമുള്ളതിന്റെ ചിത്രങ്ങൾ കേരളം കണ്ടതാണ്. എന്നാൽ തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തതിന് സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സ‌ർക്കാർ രക്ഷിക്കുകയായിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ലക്ഷ്മൺ രക്ഷപെട്ടത്. ലക്ഷ്മണിന് അഡി.ഡി.ജി.പിയായി ഉടൻ സ്ഥാനക്കയറ്റം ലഭിച്ചേക്കും.

publive-image

പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മൂന്നുവർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് ഇടനിലക്കാരനായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഉന്നതതല ഇടപെടലുണ്ടായതോടെ ലക്ഷ്മണിനെ കേസിൽ പ്രതിയാക്കിയില്ല. വകുപ്പുതല അന്വേഷണവും തുടങ്ങിയില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞ ക്രൈംബ്രാഞ്ച്, ഉന്നതഇടപെടലോടെ തെളിവില്ലെന്ന് നിലപാടെടുത്തു. സസ്പെൻഷനിലായി രണ്ടുമാസമായപ്പോൾ മുതൽ പുന:പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചിരുന്നു.

ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തി. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ തുടങ്ങിയവ വിൽപ്പനയ്ക്ക് ശ്രമിച്ചു. പേരൂർക്കട പൊലീസ് ക്ലബിൽ മൂവരും കൂടിക്കണ്ടു. മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പോലീസ് ക്ലബിൽ എത്തിക്കാൻ ഗൺമാൻമാരെയടക്കം നിയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം വിൽപ്പന നടത്താൻ ഐ.ജി പദ്ധതിയിട്ടതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും ഐ.ജി മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. ഇത്രയും കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് നടത്തിയതാണ്. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

publive-image

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു. നിരവധി ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്മണിന് ഓഫറുണ്ട്. ആന്ധ്രാ മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് അഡി.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയപ്പോൾ സസ്പെൻഷനിലായ ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. എ.ഡി.ജി.പിയാക്കിയാലുടൻ ജയിൽ മേധാവി പോലുള്ള സുപ്രധാന കസേരകൾ ലക്ഷ്മണിന് നൽകാനാണ് നീക്കം.

സസ്പെൻഷൻ ഉത്തരവിൽ ഐ.ജിക്കെതിരെയുള്ള കുറ്റങ്ങൾ ഇവയായിരുന്നു- മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്യപ്പെട്ട ശേഷവും ഐ.ജി അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി, ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി, വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു. ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്ന് പണപ്പിരിവ് നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സംഭവം ഒതുക്കിതീർക്കുകയായിരുന്നു.

Advertisment