തിരുവനന്തപുരം: അട്ടപ്പാടി കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ജോലിക്കായി മഹാരാജാസ് കോളേജിലെ വ്യാജരേഖ ചമച്ച കെ. വിദ്യ, സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രേഷൻ റദ്ദാക്കാൻ സേവ് യൂണിവേഴ്സിറ്രി ക്യാമ്പെയിൻ കമ്മിറ്റി ചാൻസലറായ ഗവർണറെ സമീപിച്ചു. പട്ടികജാതി വിഭാഗത്തെ ഒഴിവാക്കിയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയത്. പി എച്ച് ഡി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ അതത് വിഷയത്തിലെ റിസർച്ച് ഗൈഡുകളെ കൂടാതെ മറ്റു വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാകണം. എന്നാൽ തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മാത്രമായി പിഎച്ച്ഡി പ്രവേശനം നൽകുന്നതിന് ചട്ട വിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡുമാരെ സംസ്കൃത സർവകലാശാല ഒഴിവാക്കി.
മലയാളം വകുപ്പ് മേധാവിയായ വി.എ വത്സലന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ,വിദ്യയുടെ ഗൈഡ് ആയ ബിച്ചു. എക്സ് മലയിൽ. സുനിൽ പി ഇളയിടം, ഇപ്പോൾ മലയാളം സർവ്വകലാശാല വി സിയായി നിയമിച്ചിരിക്കുന്ന എൽ.സൂഷമ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാകേഷിന്റെ ഭാര്യയുടെ നിയമനത്തിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായിരുന്ന ലിസ്സി മാത്യു, ഷംഷാദ് ഹുസൈൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു. 10 സീറ്റുകളാണുണ്ടായിരുന്നത്.
ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ കെ വിദ്യ ഉൾപ്പെടാത്തത് കൊണ്ട് അനുവദിക്കപ്പെട്ട 10 സീറ്റുകൾക്ക് പുറമേ അഞ്ചുപേർക്ക് കൂടി പ്രവേശനത്തിനുള്ള അംഗീകാരം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെടുകയും അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ: ധർമ്മരാജ് അടാട്ട് ഇത് അംഗീകരിക്കുകയുമായിരുന്നു. 5 സീറ്റ് വർധിപ്പിക്കുമ്പോൾ അവസാനത്തെ സീറ്റ് പട്ടികജാതി വിഭാഗത്തിന് നീക്കിവയ്ക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി എസ്സി -എസ് ടി സെക്ഷന്റെ ശുപാർശ തള്ളികളഞ്ഞ വിസി ,കെ. വിദ്യയ്ക്ക് പ്രവേശനം നൽകുകയായിരുന്നു. ചട്ടവിരുദ്ധമായി നടത്തിയ വിദ്യയുടെ സെലക്ഷൻ റദ്ദാക്കണമെന്നും പട്ടിക ജാതി സംവരണം അട്ടിമറിച്ച ധർമ്മരാജ് അടാട്ടിനെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.
അതിനിടെ, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ. വിദ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന ആവശ്യം വിദ്യയുടെ അഭിഭാഷകൻ ഉന്നയിച്ചില്ല. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഈമാസം 20ന് പരിഗണിക്കാൻ മാറ്റി. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ജാമ്യമില്ലാക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യ ഹൈക്കോടതിയെ സമീപിച്ചത്. അവിവാഹിതയായ തന്നെ രാഷ്ട്രീയപ്രേരിതമായ കേസിൽ അറസ്റ്റ് ചെയ്യുന്നത് നീതി നിഷേധമാകുമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും ഹർജിയിൽ പറയുന്നു.
എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിൽ അഗളി പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ തെളിവെടുത്തു. അഗളി ഡിവൈ.എസ്.പി. എൻ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വൈസ് പ്രിൻസിപ്പൽ ഡോ.ടി.കെ. ബിന്ദു ശർമ്മിളയുടെ മൊഴിയും രേഖപ്പെടുത്തി. പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയി അവധിയിലായിരുന്നു. വിദ്യയുമായി ബന്ധപ്പെട്ട കോളേജിലെ രേഖകൾ വൈസ് പ്രിൻസിപ്പൽ പൊലീസിന് കൈമാറി.
അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജിലെ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് വിദ്യ ഹാജരാക്കിയ മഹാരാജാസിന്റെ പേരിലുള്ള അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാക്കിയതായി വൈസ് പ്രിൻസിപ്പൽ പറഞ്ഞു. ഇത് തയ്യാറാക്കാൻ കോളേജിന്റെ സീലും ലോഗോയുമല്ല ഉപയോഗിച്ചത്. അസ്‌പയർ ഫെല്ലോഷിപ്പിന് വേണ്ടി വിദ്യയ്ക്ക് കോളേജ് നൽകിയ കത്ത് വ്യാജ സർട്ടിഫിക്കറ്റ് സൃഷ്ടിക്കാൻ വിനിയോഗിച്ചിട്ടുണ്ടാകാം. സർട്ടിഫിക്കറ്റിലെ തീയതി അവധി ദിനമായിരുന്നെന്നും അവർ പറഞ്ഞു. അസ്‌പയർ ഫെലോഷിപ്പിന് വേണ്ടി 2018-19ൽ മഹരാജാസ് കോളേജിൽ ചെയ്ത പ്രോജക്ടിന്റെ ഭാഗമായാണ് കത്ത് നൽകിയത്. അന്നത്തെ വൈസ് പ്രിൻസിപ്പൽ വി.കെ. ജയമോളുടെ ഒപ്പും സീലുമാണ് രേഖയിലുള്ളത്.