തിരുവനന്തപുരം: മനുഷ്യനെ കടിച്ചകുടുഞ്ഞും കടിച്ചുകൊന്നും കേരളത്തിന്റ തെരുവോരങ്ങൾ അടക്കിവാഴുകയാണ് തെരുവുനായ്ക്കൾ. സന്ധ്യയായാൽ കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ പേടിച്ച് ആർക്കും തനിച്ച് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കുളുടെ എണ്ണം കുറയ്ക്കാനുള്ള വന്ധ്യംകരണ പദ്ധതിയും പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പുമെല്ലാം അമ്പേ പാളിയ മട്ടാണ്. ഇനിയെങ്കിലും സർക്കാർ ഉണർന്നെഴുന്നേറ്റില്ലെങ്കിൽ ജനം തെരുവുനായ്ക്കളുടെ കടികൊണ്ട് വലയുമെന്ന് ഉറപ്പാണ്.
മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ നടത്തിയ തെരുവ് നായകൾക്കുള്ള തീവ്രയജ്ഞ വാക്സിനേഷനിൽ ഇതുവരെ കുത്തിവച്ചത് മുപ്പതിനായിരത്തോളം നായ്ക്കളെ മാത്രമാണ്. സംസ്ഥാനത്ത് 3 ലക്ഷത്തിലധികം തെരുവ് നായകളുണ്ടെന്നാണ് കണക്ക്. ഇതിന്റെ പത്ത് ശതമാനത്തിനു പോലും പേവിഷ കുത്തിവയ്പ്പ് എടുത്തിട്ടില്ല. വീട്ടിൽ വളർത്തുന്ന നായകളിലും വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല. 8 ലക്ഷത്തിലധികം വളർത്തുനായകൾ ഉണ്ടെങ്കിലും ഇതുവരെ വാക്‌സിൻ എടുത്തത് 4,38,473 നായകൾക്ക് മാത്രമാണ്. ആർ.എഫ്.കെ.വി.സി , തദ്ദേശ വകുപ്പ്, കേന്ദ്ര പദ്ധതി എന്നിവ അനുസരിച്ച് നടപ്പാക്കിയ തീവ്രകുത്തിവയ്പ്പ് ക്യാമ്പയിൻ ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴാണിത്. വാക്‌സിനേഷൻ നൽകുന്ന നായകളുടെ കഴുത്തിൽ നിറം അടിച്ച് അടയാളപ്പെടുത്തുമെന്നും അടയാളമില്ലാത്ത നായകളെ പിടികൂടി കുത്തിവയ്പ്പ് നൽകുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഡോഗ് ക്യാച്ചേഴ്‌സിന്റെ കുറവ് കാരണം ഭൂരിപക്ഷം പഞ്ചായത്തുകളിലും പദ്ധതി നടന്നിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ ആദ്യം ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ്പ് നടത്തിയത് . സംസ്ഥാനത്താകെ 170 ഹോട്ട്സ്പോട്ടുകളാണ് സ്ഥിരീകരിച്ചത്. അവയിൽ പോലും കുത്തിവയ്പ്പ് പൂർത്തിയായില്ല.
തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച എ.ബി.സി പദ്ധതി പാളിയതും ജനത്തിന് ഭീഷണിയാണ്. പ്രായപൂർത്തിയായ നായകളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം തിരികെ വിടുന്ന അനിമൽ ബർത്ത് കൺട്രോൾ നിയമം 2001ലാണ് കേന്ദ്ര സർക്കാർ പാസാക്കിയത്. 1994-95 മുതൽ ഡൽഹി,മുംബയ്,കൊൽക്കത്ത തുടങ്ങിയിടങ്ങളിൽ ഈ പദ്ധതി നടന്നുവന്നിരുന്നെങ്കിലും 2001ൽ മാത്രമാണ് നിയമമായത്. നായകളെ പിടികൂടാൻ ആളുകളെ കിട്ടാത്തതും പരിശീലനം ലഭിച്ചവരുടെ അഭാവവും പദ്ധതി പരാജയപ്പെടാനിടയാക്കി.
കഴിഞ്ഞ മാർച്ച് വരെ ആകെ വന്ധ്യംകരിച്ചത് പതിനായിരം തെരുവുനായകളെ മാത്രമാണ്. വന്ധ്യംകരണം നടത്താനായി പിടിക്കുന്ന നായകളെ അഞ്ച് ദിവസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് തിരികെ വിടുകയാണെന്നും തെരുവിൽ നായകൾ എത്തുന്നത് ഇതിനാലാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. തെരുവുനായകളെ പാർപ്പിക്കാൻ പഞ്ചായത്തുകൾ ഒരു ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.
സംസ്ഥാനത്താകെ 18 ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് മാത്രമാണുള്ളത്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കുകൾക്ക് കീഴിൽ ഒരു വന്ധ്യംകരണ കേന്ദ്രം എന്ന തോതിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എല്ലാ കോർപറേഷനുകളിലും എ.ബി.സി കേന്ദ്രം ആരംഭിക്കുമെന്നും മുനിസിപ്പാലിറ്റികൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ കേന്ദ്രം ആരംഭിക്കണമെന്നും തീരുമാനമുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് വരെ നടന്ന വന്ധ്യംകരണം പതിനായിരം മാത്രമാണ്. 82 വന്ധ്യംകരണ കേന്ദ്രങ്ങൾ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്ത് സന്നദ്ധ സംഘടനയായ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്റെ കേന്ദ്രവും നിലവിലുണ്ട്. അഞ്ചു ജില്ലകളിൽ വന്ധ്യംകരണ കേന്ദ്രങ്ങളേയില്ല. കോർപറേഷനുകളിൽ തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ കേന്ദ്രമുള്ളത്.
കണ്ണൂർ കോർപറേഷനിൽ സജ്ജമായിട്ടില്ല. പത്തനംതിട്ട,ഇടുക്കി, ആലപ്പുഴ, മലപ്പുറം കാസർകോട് എന്നീ ജില്ലകളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങളില്ലാത്തത്. തെരുവുനായ്ക്കളെ പാർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. തെരുവു നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം സ്തംഭിച്ചിട്ട് ആറു മാസമായിട്ടുണ്ട്. ഡിസംബർ 31ന് സെക്രട്ടറി രാജിവച്ചതോടെയാണ് പ്രവർത്തനം പ്രതിസന്ധിയിലായത്. കൊവിഡിനുശേഷം മതിയായ പ്രവർത്തന ഫണ്ടും സർക്കാർ നൽകുന്നില്ല. 6000ഓളം പരാതികളാണ് ലഭിച്ചത്. ആയിരത്തിൽ താഴെ പരാതികളിൽ നഷ്ടപരിഹാരം നിശ്ചയിച്ചു. തുക നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്തായാലും സർക്കാരിന്റെ അനാസ്ഥയിൽ ജനം നായ്ക്കളുടെ കടികൊണ്ട് വലയുമെന്ന് ഉറപ്പാണ്.