തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണു പ്രവചനം. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.
ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക്-കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശമാറി വ്യാഴാഴ്ച വൈകിട്ടോടെ ഗുജറാത്തിലെ മണ്ഡവിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് വീശുന്നത്.