തിരുവനന്തപുരം: സ്വകാര്യ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പറഞ്ഞ ഇംഗ്ലിഷ് വാചകത്തിന്റെ പേരിൽ പരിഹസിക്കുന്നവർക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ.ബിന്ദു നടത്തിയൊരു പരാമർശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതു പങ്കുവച്ച് വിമർശനവും പരിഹാസവും കടുത്തതോടെയാണ് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെത്തന്നെ മറുപടിയുമായി രംഗത്തെത്തിയത്. താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന സമ്പൂർണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി. അവതാരകയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ, മന്ത്രി നടത്തിയ ‘Wherever I go, I take my house in my head’ എന്ന വാചകമാണ് പരിഹാസത്തിനു കാരണമായത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
‘‘വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്.
‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്കു മറുപടി നൽകി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ’’ – വിഡിയോ പങ്കുവച്ച് മന്ത്രി കുറിച്ചു.